Connect with us

Articles

കാരുണ്യത്തിന്റെ കേദാരം

മുത്ത് നബിയുടെ ജീവിതത്തിലെ ഓരോ ഭാഗവും പില്‍ക്കാല സമൂഹങ്ങള്‍ക്ക് വലിയ പാഠങ്ങളായിരുന്നു. അവര്‍ക്ക് പഠിച്ചാല്‍ തീരാത്ത വിജ്ഞാനീയങ്ങള്‍ ആ ചുരുങ്ങിയ കാലം കൊണ്ട് നബി(സ) പകര്‍ന്നു തന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അവിടുത്തെ കാരുണ്യം.

Published

|

Last Updated

ലോകജനതക്ക് സര്‍വ കാര്യങ്ങളിലും മാതൃകയായിട്ടാണ് മുത്ത് നബി(സ) ഈ ലോകത്തിലൂടെ കടന്നുപോയത്. മുത്ത് നബിയുടെ ജീവിതത്തിലെ ഓരോ ഭാഗവും പില്‍ക്കാല സമൂഹങ്ങള്‍ക്ക് വലിയ പാഠങ്ങളായിരുന്നു. അവര്‍ക്ക് പഠിച്ചാല്‍ തീരാത്ത വിജ്ഞാനീയങ്ങള്‍ ആ ചുരുങ്ങിയ കാലം കൊണ്ട് നബി(സ) പകര്‍ന്നു തന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അവിടുത്തെ കാരുണ്യം.

മുത്ത് നബിയുടെ ജീവിതത്തിലെ ഓരോ പെരുമാറ്റവും കാരുണ്യം നിറഞ്ഞതായിരുന്നു. എതിരെ നില്‍ക്കുന്നത് ആരായാലും അവരിലേക്ക് കാരുണ്യം ചൊരിഞ്ഞു കൊണ്ടല്ലാതെ അവിടുന്ന് പെരുമാറിയിട്ടില്ല. അതുകൊണ്ടാണല്ലോ ത്വാഇഫില്‍ മുത്ത് നബിക്ക് പ്രയാസങ്ങളുണ്ടാക്കിയവരെ, ആ രണ്ട് പര്‍വതങ്ങള്‍ കൊണ്ട് ഞാന്‍ നശിപ്പിക്കട്ടെ എന്ന് ജിബ്്രീല്‍(അ) ചോദിച്ചപ്പോള്‍ അവിടുന്ന് തടഞ്ഞത്. അവിടുത്തെ കാരുണ്യം മനുഷ്യരോട് മാത്രമായിരുന്നില്ല. പ്രകൃതിയിലെ സര്‍വ ജീവജാലങ്ങളോടും അവിടുന്ന് കാരുണ്യത്തോട് കൂടെയാണ് സമീപിച്ചത്. അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞത് പോലെ, ലോകത്തിന് മുഴുവന്‍ ഐശ്വര്യമായിട്ടാണ് മുത്ത് നബി(സ) ഇവിടെ ജീവിച്ചത്. കുട്ടികളോടും സ്ത്രീകളോടും അവിടുത്തെ സമീപനം ലോകര്‍ക്ക് മുഴുവനും ഉത്തമ മാതൃകയാണ്. ജനിച്ചത് പെണ്‍കുഞ്ഞാണെങ്കില്‍ അവരെ ജീവനോടെ കുഴിച്ച് മൂടുകയും സ്ത്രീജനങ്ങളെ പൈശാചികമായി ചിത്രീകരിക്കുകയും ചെയ്ത ഒരു സമൂഹത്തെ, പെണ്‍കുട്ടികള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും ഒരു വ്യക്തിയുടെ സ്വര്‍ഗപ്രവേശനത്തിനു തന്നെ അവള്‍ കാരണമാണെന്നും പഠിപ്പിച്ചു. അനന്തരാവകാശത്തിന് പോലും അവകാശമില്ലാത്ത സ്ത്രീവിഭാഗത്തിന് സമൂഹത്തിന് മുന്നില്‍ വ്യക്തമായ സ്ഥാനം നല്‍കുകയും ചെയ്തു മുത്ത് നബി(സ). അവശത അനുഭവിക്കുന്ന കുട്ടികളെയും അനാഥരെയും സംരക്ഷിക്കാന്‍ പഠിപ്പിച്ചു. അത് അവിടുത്തെ ജീവിതത്തിലൂടെ പകര്‍ന്നുനല്‍കുകയും ചെയ്തു. യുദ്ധവേളകളില്‍ പോലും അന്യായമായി വനിതകളെയും കുട്ടികളെയും സസ്യങ്ങളെയും ഉപദ്രവിക്കരുതെന്ന് അവിടുന്ന് പഠിപ്പിച്ചത് ആധുനിക ലോകത്തിന് വലിയ സന്ദേശം നല്‍കുന്നുണ്ട്.

മുത്ത് നബി(സ) പഠിപ്പിച്ചത് മുഴുവന്‍ അവിടുത്തെ ജീവിതത്തില്‍ പുലര്‍ത്തിപ്പോന്നു. നീതി കൃത്യമായി നടപ്പാക്കാനും അണികള്‍ക്കിടയില്‍ തുല്യ നീതി ഉറപ്പാക്കാനും അവിടുന്ന് സന്ദേശത്തിലൂടെയും ജീവിതത്തിലൂടെയും പഠിപ്പിച്ചിട്ടുണ്ട്. തന്റെ മകള്‍ ആഇശ മോഷ്ടിച്ചാലും അവരുടെ കൈ ഞാന്‍ മുറിക്കും എന്ന് പറഞ്ഞത് അതിന് ഉത്തമ ഉദാഹരണമാണ്. പ്രതിയായും വാദിയായും മുത്ത് നബിയുടെ മുന്നില്‍ എത്തുന്നവര്‍ക്കിടയില്‍ സമ്പത്തും തറവാട്ടു മഹിമയും നോക്കാതെ അവിടുന്ന് വിധിവിലക്കുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അനുയായികളെ പഠിപ്പിച്ചതും ഇതുതന്നെയായിരുന്നു.

രാത്രി മുഴുവന്‍ നിന്ന് നിസ്‌കരിച്ച് മുത്ത് നബിയുടെ കാലില്‍ നീര് കെട്ടിയിരുന്നു. ഒരു വ്യക്തിയുടെ ജീവിതം മുഴുവന്‍ റബ്ബിനു വേണ്ടി ഉഴിഞ്ഞു വെക്കേണ്ടതാണെന്ന് അവിടുത്തെ ജീവിതത്തിലൂടെ നമുക്ക് മാതൃക കാണിച്ചു തന്നിട്ടുണ്ട്. ആ മുത്ത് നബിയുടെ സന്ദേശം പിന്‍പറ്റി, ജീവിതം ഇബാദത്ത് കൊണ്ടും അവിടുത്തോടുള്ള സ്നേഹം കൊണ്ടും ധന്യമാക്കാന്‍ നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ.