Kerala
കാസര്‍കോട് യുവാവിനെ തലയില്‍ ചെങ്കല്ല് ഇട്ടുകൊന്ന കേസിലെ പ്രതി എലിവിഷം അകത്ത് ചെന്ന് മരിച്ചു
മരിച്ച അഭിലാഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
കാസര്‍കോട്| കാസര്‍കോട് യുവാവിനെ തലയില്‍ ചെങ്കല്ല് ഇട്ടുകൊന്ന കേസിലെ പ്രതി എലിവിഷം അകത്ത് ചെന്ന് മരിച്ചു. കുമ്പള മാവിനക്കട്ടയിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ഹബീബ് എന്ന അഭിലാഷ് ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 31 വയസ്സായിരുന്നു. കാസര്‍കോട് ചൗക്കി സ്വദേശിയാണ്.
എട്ട് ദിവസം മുമ്പ് ദേശീയപാത സര്‍വീസ് റോഡരികില്‍ ഇയാള്‍ അവശനിലയില്‍ കിടക്കുന്നതായി നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് കുമ്പള പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അഭിലാഷിനെ കുമ്പള ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.
മരിച്ച അഭിലാഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 2023 ഒക്ടോബറില്‍ കുമ്പള ശാന്തിപ്പള്ളം സ്വദേശിയായ സമൂസ റഷീദ് എന്നയാളെ തലയ്ക്ക് ചെങ്കല്ല് ഇട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു അഭിലാഷ് . കുമ്പള ഐ എച്ച് ആര്‍ ഡി കോളജിന് സമീപത്തെ ഗ്രൗണ്ടിലെ കുറ്റിക്കാട്ടില്‍ നിന്നാണ് സമൂസ റഷീദിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
Content Highlights:
The accused in a Kasaragod murder case died after consuming rat poison. Abhilash was found in critical condition by locals and shifted to the medical college where he passed away during treatment. Police noted he was the prime suspect in the brutal 2023 murder of Samosa Rasheed.







