National
കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; നിർദേശം ഉടൻ പുറത്തിറക്കും
കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ ആസക്തിയും മയക്കുമരുന്ന് ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ബംഗളുരു | കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ ആസക്തിയും മയക്കുമരുന്ന് ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
സോഷ്യല്‍ മീഡിയാ ആസക്തി കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവെച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക കര്‍ണാടകയും പരിഗണിക്കുന്നുണ്ട്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ലെന്നും, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഇത്തരം നടപടികളെക്കുറിച്ച് ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ സോഷ്യല്‍ മീഡിയ ആക്സസ് ചെയ്യുന്നതില്‍ നിന്ന് കുട്ടികളെ വിലക്കുന്ന ഒരു നിയമവും ഇന്ത്യയില്‍ ഇല്ല,എന്നാല്‍ ദിനംപ്രതി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ഏത് തരത്തിലുള്ള സുരക്ഷയാണ് ഒരുക്കേണ്ടതെന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.





