Connect with us

Uae

ഓട്ടിസത്തിനും നാഡീരോഗങ്ങള്‍ക്കും നൂതന ജീന്‍ തെറാപ്പി; ചികിത്സാ രംഗത്ത് വന്‍ മാറ്റത്തിന് വഴിയൊരുക്കി ഇ എച്ച് എസ്

രോഗലക്ഷണങ്ങള്‍ ചികിത്സിക്കുന്നതിനു പകരം രോഗത്തിന്റെ അടിസ്ഥാന കാരണമായ ജനിതക ഘടകങ്ങളെ നേരിട്ട് ചികിത്സിക്കുന്ന രീതിയാണിത്.

Published

|

Last Updated

ദുബൈ | കുട്ടികളിലെ ഓട്ടിസം, അപൂര്‍വമായ മസ്തിഷ്‌ക രോഗങ്ങള്‍ എന്നിവ ചികിത്സിക്കുന്നതിനായി രണ്ട് അത്യാധുനിക ജീന്‍ തെറാപ്പി പദ്ധതികള്‍ പ്രഖ്യാപിച്ചു. രോഗലക്ഷണങ്ങള്‍ ചികിത്സിക്കുന്നതിനു പകരം രോഗത്തിന്റെ അടിസ്ഥാന കാരണമായ ജനിതക ഘടകങ്ങളെ നേരിട്ട് ചികിത്സിക്കുന്ന രീതിയാണിത്. എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് (ഇ എച്ച് എസ്) ആണ് ഈ സുപ്രധാന നീക്കത്തിന് പിന്നില്‍. രാജ്യത്തിന്റെ നൂതന വൈദ്യശാസ്ത്ര സാങ്കേതിക വിദ്യയിലുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെയും ആരോഗ്യരംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നടപടി.

കുട്ടികളിലെ ഓട്ടിസം, അപസ്മാരം എന്നിവയുമായി ബന്ധപ്പെട്ട ജനിതക കാരണങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ആദ്യ പദ്ധതി. ലോകത്തിലെ പ്രമുഖ പീഡിയാട്രിക് ഗവേഷണ കേന്ദ്രമായ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലാഡല്‍ഫിയയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. മസ്തിഷ്‌ക കോശങ്ങളെ നേരിട്ട് ലക്ഷ്യമിടുന്ന അത്യാധുനിക ജീന്‍ ഡെലിവറി സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ബി പി എ എന്‍ പോലുള്ള സങ്കീര്‍ണമായ ജനിതക വൈകല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

രണ്ടാമത്തെ പദ്ധതി നാഡീസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ജനിതക ഇടപെടലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തകരാറിലായ ജീനുകളെ പുനഃസ്ഥാപിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും കോശങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയും ഇതിന്റെ ഭാഗമാണ്. ഈ പദ്ധതികളില്‍ എ ഐ, ഇമാറാത്തി ജീനോം പ്രോഗ്രാമില്‍ നിന്നുള്ള ഡാറ്റകള്‍ എന്നിവ പ്രധാന പങ്ക് വഹിക്കും. ഇതിലൂടെ ജനിതക രോഗസാധ്യതയുള്ള കുട്ടികളെ നേരത്തെ കണ്ടെത്താനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും സാധിക്കുമെന്ന് മെഡിക്കല്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഈസാം അല്‍ സര്‍ഊനി പറഞ്ഞു.

കൃത്യമായ രോഗനിര്‍ണയം നടത്താനും ചികിത്സയോടുള്ള പ്രതികരണം നിരീക്ഷിക്കാനും അത്യാധുനിക ബയോമാര്‍ക്കര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest