Connect with us

Editorial

എണ്ണക്കമ്പനികളുടെ എഥനോള്‍ കൊള്ള

കര്‍ണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാന്‍ അര്‍ശാദാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ എഥനോള്‍ ചേര്‍ത്തതായി കണ്ടെത്തിയ വിവരമറിയിച്ചത്.

Published

|

Last Updated

രാജ്യത്തെ എണ്ണ വിപണിയെയും കോടിക്കണക്കിന് വാഹന ഉടമകളെയും ഞെട്ടിക്കുന്നതാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പെട്രോള്‍ പരിശോധനാ ഫലം. കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന നിയമപ്രകാരം ഇ20 പെട്രോളില്‍ ചേര്‍ക്കാവുന്ന എഥനോളിന്റെ പരമാവധി പരിധി 20 ശതമാനമാണെന്നിരിക്കെ, ചില പൊതുമേഖലാ- സ്വകാര്യ എണ്ണക്കമ്പനികള്‍ 31.2 ശതമാനം വരെ ചേര്‍ത്തതായി പരിശോധനയില്‍ കണ്ടെത്തി. കര്‍ണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാന്‍ അര്‍ശാദാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ എഥനോള്‍ ചേര്‍ത്തതായി കണ്ടെത്തിയ വിവരമറിയിച്ചത്.

രാജ്യത്തിന്റെ ഇറക്കുമതിച്ചെലവും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുന്നതിനും വിദേശനാണ്യച്ചെലവ് നിയന്ത്രിക്കുന്നതിനുമാണ് പെട്രോളില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എഥനോള്‍ ചേർക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ കണക്കു പ്രകാരം ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഇന്ത്യ പ്രതിവര്‍ഷം 135 ബില്യൺ മുതല്‍ 140 ബില്യൺ വരെ ഡോളര്‍ (ഏകദേശം 11 ലക്ഷം കോടി രൂപ മുതല്‍ 12 ലക്ഷം കോടി വരെ) ചെലവാക്കുന്നുണ്ട്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്നതിലൂടെ 40,000 കോടി രൂപയോളം ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

നയപരമായ ലക്ഷ്യങ്ങള്‍ എന്തൊക്കെയായാലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാറിനും എണ്ണക്കമ്പനികള്‍ക്കുമുണ്ട്. എഥനോള്‍ 20 ശതമാനം കലര്‍ത്തുന്നത് തന്നെ വാഹന എന്‍ജിനുകളുടെ കാര്യക്ഷമതയെയും മൈലേജിനെയും ബാധിക്കുന്നുണ്ട്. അന്തരീക്ഷത്തില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുന്ന ദ്രാവകമാണ് എഥനോള്‍. ഇതടങ്ങിയ ഇന്ധനം വാഹനങ്ങളുടെ ടാങ്കുകളില്‍ കിടക്കുമ്പോള്‍, എന്‍ജിന്‍ ഭാഗങ്ങളിലും ഇന്ധന പൈപ്പുകളിലും ഈര്‍പ്പം തങ്ങിനില്‍ക്കുകയും വേഗത്തില്‍ തുരുമ്പെടുക്കാന്‍ ഇടയാവുകയും ചെയ്യുന്നു. പെട്രോളില്‍ എഥനോളിന്റെ അളവ് കൂടുമ്പോള്‍ മൈലേജ് കുറവും എന്‍ജിനുകളുടെ കേടുപാട് സാധ്യതയും പിന്നെയും വര്‍ധിക്കും.

പെട്രോളിനേക്കാള്‍ വളരെ കുറഞ്ഞ ചെലവിലാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച 20 ശതമാനത്തിനു മുകളില്‍ എഥനോള്‍ ചേര്‍ക്കുമ്പോള്‍ കമ്പനികള്‍ക്ക് ലഭിക്കുന്നത് വന്‍ലാഭമാണ്. ഈ സാമ്പത്തിക നേട്ടത്തിന്റെ ചെറിയ ശതമാനമെങ്കിലും വിലക്കുറവായി ഉപഭോക്താവിന് ലഭിക്കുന്നുമില്ല. സാധാരണ പെട്രോളിന്റെ അതേവില നല്‍കി ഇന്ധനം അടിക്കുന്ന ഉപഭോക്താവിന് ലഭിക്കുന്നത് മൈലേജ് കുറഞ്ഞതും എന്‍ജിന്‍ തകരാറിലാക്കുന്നതുമായ എഥനോളിന്റെ അളവു കൂടിയ ഇന്ധനമാണെങ്കില്‍ അതൊരു കടുത്ത വഞ്ചനയാണ്.

കര്‍ണാടക സര്‍ക്കാറിന്റെ പരിശോധനാ ഫലം തെറ്റാണെന്നും സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിശോധന നടത്തിയതെന്നുമാണ് എണ്ണക്കമ്പനികളുടെ പക്ഷം. എന്നാല്‍ എന്‍ എ ബി എല്‍ (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്) അംഗീകാരവും ഐ എസ് ഒ സര്‍ട്ടിഫിക്കേഷനുമുള്ള ബെംഗളൂരുവിലെ ശ്രീറാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികളുടെ സ്വന്തം ലാബുകളില്‍ സാമ്പിള്‍ പരിശോധനക്ക് നല്‍കിയപ്പോള്‍ ലഭിച്ച റിപോര്‍ട്ടുകളില്‍ എഥനോളിന്റെ അളവ് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്നാണ് എൻ എ ബി എല്‍ അംഗീകാരമുള്ള സ്വതന്ത്ര ലാബില്‍ പരിശോധന നടത്തിയത്. ഒരു സ്വതന്ത്ര ലാബില്‍ നടന്ന പരിശോധനയെ കമ്പനികളുടെ കേവലമൊരു പ്രസ്താവന കൊണ്ടു തള്ളിക്കളയാനാകില്ല. ഇന്ധനത്തിന്റെ ഗുണനിലവാരത്തില്‍ സംശയം ഉണര്‍ന്നാല്‍ അത് പരിഹരിക്കേണ്ടത് കേവല പ്രസ്താവനകളിലൂടെയല്ല, വിശ്വാസ്യതയുള്ള പരിശോധനയിലൂടെയാണ്. ഇക്കാര്യത്തില്‍ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണ്. കമ്പനി ഉടമകളുടെ ഭാഗത്ത് ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരികയും ഇന്ധന വിൽപ്പനക്കുള്ള അനുമതി പുനഃപരിശോധിക്കുകയും ചെയ്യേണ്ടതാണ്. കര്‍ണാടകയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാവില്ല ഈ ക്രമക്കേട്. രാജ്യത്തെ മറ്റു ഭാഗങ്ങളിലും പെട്രോളിന്റെ സ്ഥിതി സമാനമാകാനാണ് സാധ്യത. കേന്ദ്ര സര്‍ക്കാര്‍ ഇതൊരു പ്രാദേശിക വിഷയമായി കണ്ട് ഒഴിഞ്ഞുനില്‍ക്കാതെ രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ സാമ്പിളുകള്‍ ശേഖരിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കേണ്ടതും ഇന്ധന ഇറക്കുമതിച്ചെലവ് കുറയ്ക്കേണ്ടതും ആവശ്യമാണെങ്കിലും അതിനായി നടപ്പാക്കുന്ന പദ്ധതികള്‍ എണ്ണക്കമ്പനികളുടെ കൊള്ളലാഭക്കൊതിക്ക് ഒത്താശ ചെയ്യുന്ന തരത്തിലാകരുത്.

രാജ്യത്തെ 35 കോടി വാഹനങ്ങളില്‍ 99 ശതമാനവും 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കലര്‍ന്ന ഇന്ധനം കൈകാര്യം ചെയ്യാന്‍ പാകത്തിലുള്ളതല്ല. എഥനോള്‍ അളവ് കൂടിയാല്‍ ഒരു ലിറ്റര്‍ പെട്രോളിന് പത്ത് ശതമാനം മൈലേജ് നഷ്ടമാകുമെന്നാണ് ശരാശരി കണക്ക്. എന്‍ജിന്‍ അറ്റകുറ്റപ്പണി കൂടിയാകുമ്പോള്‍ വാഹന ഉടമകള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് മന്ത്രി റിസ്‌വാന്‍ അര്‍ശാദിന്റെ അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഉടമകള്‍ക്ക് കനത്ത പിഴ ചുമത്തുകയും അതുപയോഗിച്ച് വാഹന ഉടമകളുടെ നഷ്ടം നികത്താന്‍ ഇ20 ഫണ്ട് രൂപവത്കരിക്കുകയും ചെയ്യണമെന്ന മന്ത്രിയുടെ നിര്‍ദേശം പ്രസക്തമാണ്. വിപണിയില്‍ എത്തുന്ന പെട്രോളില്‍ എഥനോളിന്റെ അളവ് എത്രയെന്ന് പമ്പുകളില്‍ പ്രദര്‍ശിപ്പിക്കാനും അത് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനുമുള്ള സംവിധാനം കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്.

Content Highlights: Tests conducted by the Karnataka government revealed that oil companies blended up to 31.2 percent ethanol in petrol, exceeding the prescribed 20 percent limit. Samples analyzed at an NABL-accredited laboratory confirmed the violation which severely affects engine health and vehicle mileage. Minister Rizwan Arshad urged the central government to conduct nationwide independent probes and penalize violating companies

---- facebook comment plugin here -----

Latest