Kerala
കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച: കോളജിനും അധ്യാപകനുമെതിരെ നടപടി
പാലക്കുന്ന് ഗ്രീന്‍വുഡ് കോളജിന് അടുത്ത വര്‍ഷം മുതല്‍ അംഗീകാരം നല്‍കില്ല, ചോദ്യം ചോര്‍ത്തിയ അധ്യാപകനെ പരീക്ഷാച്ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കി

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോളജിനെതിരെയും അധ്യാപകനെതിരെയും നടപടി. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളജിന് അടുത്ത വര്‍ഷം മുതല്‍ അംഗീകാരം നല്‍കില്ല. ചോദ്യം ചോര്‍ത്തി നല്‍കിയ അധ്യാപകനെ പരീക്ഷാച്ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കി. കോളജ് മനേജ്‌മെന്റ് ഒന്നര ലക്ഷം രൂപ പിഴ അടക്കണം. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍ ഉപസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനം.
ചോദ്യപേപ്പര്‍ ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്താനും തീരുമാനമായി. സംഭവത്തില്‍ പാലക്കുന്നിലെ ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി അജീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല നടത്തിയ ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷാ ചോദ്യപേപ്പറാണ് ചോര്‍ന്നിരുന്നത്. വാട്‌സാപ്പ് വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ. ഏപ്രില്‍ രണ്ടിന് നടന്ന അവസാന പരീക്ഷയില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോര്‍ത്തിയത് കണ്ടെത്തിയത്. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ പരാതിയില്‍ അജീഷിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.