Connect with us

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് വിരുന്നൊരുക്കിയതില്‍ കാക്കനാട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച

സൂപ്രണ്ടിനോട് ജയില്‍ ഡി ജി പി റിപോര്‍ട്ട് തേടി

Published

|

Last Updated

കൊച്ചി | എറണാകുളം ജില്ലാ ജയിലായ കാക്കനാട് ജയിലില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് വിരുന്നൊരുക്കിയതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. സന്ദര്‍ശകരുടെ മേല്‍വിലാസം എഴുതാതെ പേര് മാത്രമാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. വിഷയത്തില്‍ ജയില്‍ ഡി ജി പി, സൂപ്രണ്ടിനോട് റിപോര്‍ട്ട് തേടി.

ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ് വന്നതെന്ന് അറിയില്ലെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. ജയിലിലെ റീല്‍സ് ചിത്രീകരണത്തില്‍ പോലീസില്‍ പരാതി നല്‍കുന്നതും ജയില്‍ വകുപ്പിന്റെ പരിഗണനയിലുണ്ട്.

31ന് ജയിലില്‍ നടത്തിയ സത്കാരത്തിലും ഗ്രൂപ്പ് ഫോട്ടോ എടുക്കലിലുമാണ് അറിയപ്പെടുന്ന ഗുണ്ടകള്‍ പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ റീല്‍സായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ജയില്‍ ഉദ്യോഗസ്ഥരെ ആശ്ലേഷിക്കുന്നതും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ജയിലിന്റെ കിളിവാതിലിലൂടെ സിനിമാ സ്‌റ്റൈലില്‍ പുറത്തേക്കിറങ്ങുന്ന വീഡിയോയും സംഘാംഗങ്ങളില്‍ ചിലര്‍ ചിത്രീകരിച്ചു. ഇതും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അറിയപ്പെടുന്ന നടനും ഗായകനുമായ വ്യക്തിക്കൊപ്പമാണ് ഇവര്‍ ജയിലില്‍ എത്തിയത്. റീല്‍സില്‍ കാണുന്ന ദ്യശ്യങ്ങള്‍ ജയില്‍ വളപ്പിന് പുറത്തുള്ളതാണെന്നാണ് അധികൃതര്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest