Kerala
പ്രസിഡന്റ് പദവി നഷ്ടമാകുമെന്നുറപ്പായി; എ കെ ആന്റണിയെ സന്ദര്‍ശിച്ച് കെ സുധാകരന്‍
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പുതിയ കെ പി സി സി അധ്യക്ഷനാക്കാനുള്ള നീക്കമാണ് ശക്തമായി നടക്കുന്നത്

തിരുവനന്തപുരം | കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്ന് തന്നെ മാറ്റാന്‍ കഴിയില്ലെന്ന് കെ സുധാകരനുയര്‍ത്തിയ വെല്ലുവിളിക്കിടയിലും ഡല്‍ഹിയില്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെ സുധാകരന്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പു വരെ തന്നെ തുടരാന്‍ അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ സോണിയാഗാന്ധിക്കുമുമ്പില്‍ ഇടപെടണമെന്നുമുള്ള അഭ്യര്‍ഥനയുമായാണ് സുധാകരന്റെ സന്ദര്‍ശനം എന്നാണ് സൂചന. എന്നാല്‍ സാധാരണ സന്ദര്‍ശനം എന്നാണ് സുധാകരന്‍ പ്രതികരിച്ചത്.
സ്ഥാനമൊഴിയില്ലെന്നും തന്നെ മാറ്റിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും സുധാകരന്‍ നിലപാട് സ്വീകരിച്ചെങ്കിലും പുതിയ കെ പി സി സി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കമാണ് എ ഐ സി സി ആസ്ഥാനത്തു നടക്കുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പുതിയ കെ പി സി സി അധ്യക്ഷനാക്കാനുള്ള നീക്കമാണ് ശക്തമായി നടക്കുന്നത്. കോണ്‍ഗ്രസ്സിന്റെ എക്കാലത്തേയും ശക്തി സ്രോതസ്സായിരുന്ന ക്രൈസ്തവര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നസാഹചര്യത്തിലാണ് ക്രൈസ്തവ പ്രസിഡന്റ് എന്ന ആശയത്തില്‍ കേന്ദ്ര നേതൃത്വം എത്തിയത്.
കെ എം മാണിയുടെ പാര്‍ട്ടി യു ഡി എഫ് വിട്ട് എല്‍ ഡി എഫില്‍ ചേര്‍ന്നതോടെ യു ഡി എഫിനു പാരമ്പര്യമായി ലഭിച്ചിരുന്ന ക്രൈസ്തവ പിന്തുണ പൂര്‍ണമായി നഷ്ടമായെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. ഏതെങ്കിലും ഒരു സമുദായത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആളായിരിക്കണം പ്രസിഡന്റ് എന്നു തന്നെയാണ് നേതൃത്വം കണക്കുകൂട്ടുന്നത്. നിലവിലെ പ്രസിഡന്റ് സുധാകരന് അങ്ങനെ ഒരു സമുദായ പിന്‍തുണയും അവകാശപ്പെടാന്‍ ഇല്ലാ എന്നതും തിരിച്ചടിയായി.
പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. കേരള നേതാക്കളുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. നിലവിലെ സ്ഥിതിയും അധ്യക്ഷന്റെ മാറ്റത്തിലെ നിലപാടും നേതാക്കളോട് രാഹുല്‍ ആരാഞ്ഞു. ആന്റോ ആന്റണിക്ക് തന്നെയാണ് മുന്‍തൂക്കം. സുധാകരന്റെ പരസ്യ പ്രതികരണത്തില്‍ എ ഐ സി സി നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കെ സുധാകരന്റെ വെല്ലുവിളി പാടേ അവഗണിക്കാനാണ് എ ഐ സി സി നീക്കം. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വ്യക്തമായ സൂചന ഡല്‍ഹി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നല്‍കിയിട്ടും കെ സുധാകരന്‍ ധിക്കാരപരമായ നിലപാട് സ്വീകരിച്ചുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
ഹൈക്കമാന്‍ഡ് വിശ്വാസത്തിലെടുത്ത് നടത്തിയ ചര്‍ച്ചയെ അവഗണിച്ച് പരസ്യ പ്രതികരണം നടത്തിയത് കടുത്ത അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. പരസ്യ പ്രസ്താവന തുടര്‍ന്നാല്‍ അച്ചടക്ക നടപടിക്കുള്ള സാധ്യത മുന്നില്‍ കണ്ട് ഇന്ന് പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി പുതിയ പ്രസിഡന്റിനുള്ള ശുപാര്‍ശ സമര്‍പ്പിച്ച് എ ഐ സി സി അധ്യക്ഷന്റെ അനുമതി തേടും.
തുടരന്നാകും പ്രഖ്യാപനം. പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്നും ഇന്ന് രാത്രിയോടെതന്നെ പ്രഖ്യാപനം നടത്താനും നീക്കം നടക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ കെ സി വേണുഗോപാല്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ കണ്ട് കേരളത്തിലെ സാഹചര്യം ധരിപ്പിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള വലിയ സാധ്യതയില്ലെന്നാണ് നേതൃത്വം കാണുന്നത്. സുധാകരന്‍ പിന്നില്‍ ഒരു വിഭാഗം നേതാക്കള്‍ അണി നിരന്നെങ്കിലും സ്ഥാനമൊഴിയേണ്ടിവന്നാല്‍ ഇവരാരും സുധാകരനെ പിന്തുണക്കില്ല എന്ന വിവരമാണുള്ളത്.