Connect with us

മുഖ്യമന്ത്രി പിണറായി വിജയന്‍ സൈക്കോപാത്ത് എന്ന് കെ സുധാകരന്‍

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകും

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെ സൈക്കോപാത്ത് എന്ന് അധിക്ഷേപിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കൊലയാളിമനസ്സുള്ള പിണറായിയിലെ സൈക്കോപാത്തിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകും. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമരം വ്യാപിക്കും. നവകേരള സദസിലെ പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോകും. പിണറായി വിജയനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മില്‍ ആളില്ലെന്ന സ്ഥിതിയാണ്. ജനാധിപത്യപരമായി സമരം നടത്താന്‍ കഴിയുന്നില്ല. കേരളത്തില്‍ കരിങ്കൊടി കാണിക്കാന്‍ പോലും പറ്റുന്നില്ല. വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പുച്ഛിക്കുന്നു. കെ എസ് യു- യുത്ത് കോണ്‍ഗ്രസ് കുട്ടികളെ അടിക്കുകയും അവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു.

ഇവിടെ നിയമ വാഴ്ചയില്ല. കോടതി പറഞ്ഞ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസ് എടുത്തത്. കുറ്റം ചെയ്ത പിണറായിക്കെതിരെ കേസ് ഇല്ല. ഒന്നും ചെയ്യാത്ത എനിക്കെതിരെ കേസ്. ഇതാണു കേരളത്തിലെ അവസ്ഥ.

ഈ മാസം 27 ന് കോണ്‍ഗ്രസ്‌ബ്ലോക്ക് തലത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. നവ കേരള സദസിലെ പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയില്‍ പോകും. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കം പിണറായി കണ്ട് പഠിക്കണം. ഡി ജി പി കസേരയില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലാത്ത ആളാണ് ഇപ്പോള്‍ ആ കസേരയിലുളളത്. നിലവില്‍ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സി പി എം നേതാവ് പി ശശി ആക്ടിങ് ഡി ജി പിയാകുകയാണ്. കേരളത്തില്‍ ഉടനീളം അറിയപ്പെടുന്ന സി പി എം ഗുണ്ടകളെ നവ കേരള സദസിന് അകമ്പടി കൊണ്ടു പോയെന്നും സുധാകരന്‍ പരിഹസിച്ചു.

ചരിത്രത്തിലെ ആദ്യ സംഭവമാണ് കെ പി സി സി സമരത്തിനെതിരെ ഉണ്ടായത്. പ്രകോപനമില്ലാതെയായിരുന്നു പോലീസ് നടപടി. കറുത്ത കൊടി കാണിച്ചാല്‍ ഇത്രയധികം ചെയ്യണോ. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര ഭയപ്പാട്. കേസെടുത്ത് ഭയപ്പെടുത്താനോ ബോംബ് പൊട്ടിച്ച് പേടിപ്പിക്കാനോ നോക്കണ്ടെന്നും സുധാകരന്‍ പറഞ്ഞു. സി പി എമ്മിന്റെ ക്വട്ടേഷനാണ് പോലീസ് നടപ്പിലാക്കിയത്. നവകേരളാ സദസ്സില്‍ക്കൂടി മുഖ്യമന്ത്രി ആരെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്നും സുധാകരന്‍ പറഞ്ഞു.

Latest