Connect with us

Kerala

കെ റെയില്‍: ഇതുവരെ സ്ഥാപിച്ചത് 6,364 അതിരടയാള കല്ലുകള്‍

Published

|

Last Updated

കോഴിക്കോട് | കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ സ്ഥാപിച്ചത് 6,364 അതിരടയാള കല്ലുകള്‍. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലുകളിട്ടത്-1651. കണ്ണൂരില്‍ 1130 , കോഴിക്കോട് 302, കോട്ടയം 427, ആലപ്പുഴ 35, തിരുവനന്തപുരം 623, കൊല്ലം 873, എറണാകുളം 949, തൃശൂര്‍ 68, മലപ്പുറം 306 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. മൊത്തം പാതയുടെ ദൈര്‍ഘ്യം 530 കിലോമീറ്ററാണ്. ഇതില്‍ ഇതുവരെ 182 കിലോമീറ്ററിലാണ് അതിരടയാള കല്ലിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കാസര്‍കോട്ട് 14 വില്ലേജുകളിലായി 42.6 കിലോമീറ്റര്‍ ദൂരവും കണ്ണൂരില്‍ 12 വില്ലേജുകളിലായി 36.9 കിലോമീറ്ററും കോഴിക്കോട്ട് മൂന്ന് വില്ലേജുകളിലായി 9.8 കിലോമീറ്ററുമാണ് കല്ലിടല്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം (8.8), ആലപ്പുഴ (ആറ്) തിരുവനന്തപുരം(12), കൊല്ലം(16.7), എറണാകുളം (26.80), തൃശൂര്‍ (2.5), മലപ്പുറം (24.2) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കല്ലിട്ട കിലോമീറ്റര്‍ ദൈര്‍ഘ്യം. അതേസമയം, സ്ഥാപിക്കപ്പെട്ട അതിരടയാള കല്ലുകളില്‍ നല്ലൊരു ഭാഗം കെ റെയില്‍ സമര സമിതി പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയിട്ടുണ്ട്.

അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കിയ ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് പ്രത്യേക ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ ഭാഗങ്ങളില്‍ ഏജന്‍സികള്‍ പഠനം ആരംഭിച്ചിട്ടുള്ളതായി കെ റെയില്‍ അധികൃതര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണമാണ് സാമൂഹികാഘാത പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനം നടത്തി കരട് പ്രസിദ്ധീകരിച്ച ശേഷം പബ്ലിക് ഹിയറിംഗ് നടക്കും. ഈ ചര്‍ച്ചയില്‍ പദ്ധതി ബാധിതര്‍ക്ക് പറയാനുള്ളത് പറയാന്‍ അവസരമുണ്ടാകും. അതിനു ശേഷമാണ് അന്തിമ പഠന റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം വിലയിരുത്തല്‍ റിപ്പോര്‍ട്ടും പിന്നീട് അന്തിമ തീരുമാനവുമുണ്ടാവുമെന്നാണ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് കെ റെയില്‍ അധികൃതരുടെ വിശദീകരണം.