Connect with us

articles

നീതിയായിരിക്കണം കോടതികളുടെ പരമലക്ഷ്യം

നീതി ഉറപ്പ് വരുത്തുന്നതില്‍ എല്ലാ ഭരണകൂട സമ്മര്‍ദങ്ങളും മറികടന്ന് നീതിന്യായ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ട് മാത്രമുള്ള ഇടപെടലുകള്‍ നമ്മുടെ നീതിപീഠങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.

Published

|

Last Updated

ഇന്ത്യന്‍ ഭരണഘടന ജീവനുള്ള ഒരു രേഖയാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തോടൊപ്പം ഉയരുന്ന ഭരണഘടനാപരമായ സമസ്യകളുണ്ട്. ഇനിയും വ്യാഖ്യാനിക്കപ്പെടാത്ത അത്തരം ഭരണഘടനാ സമസ്യകളെ നേര്‍ക്കുനേര്‍ കണ്ടുമുട്ടുന്ന ചേതനയാണ് നമ്മുടെ ഭരണഘടനയുടേത്. രാജ്യം എല്ലാ അര്‍ഥത്തിലും വികസിക്കുകയും പൗരജീവിതം സങ്കീര്‍ണമാകുകയും ചെയ്യുന്ന ഒരു കാലത്ത് പരമോന്നത കോടതിയായ സുപ്രീം കോടതിക്ക് രാജ്യത്ത് പ്രാദേശികമായ ബഞ്ചുകള്‍ ആവശ്യമായി വരും. ദൈനം ദിനം കുന്നുകൂടിക്കൊണ്ടിരിക്കുന്ന വ്യവഹാര ഭാരം കുറക്കാനാണത് അനിവാര്യമാകുന്നത്. പ്രസ്തുത ആവശ്യം കാലത്തിന്റെ മാറ്റത്തിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോള്‍ ആ ആവശ്യത്തെപ്രതി ഭരണഘടനാപരമായ പരിശോധന നടത്തേണ്ട ദൗത്യം നിര്‍വഹിക്കേണ്ടത് പരമോന്നത നീതിപീഠം തന്നെയാണ്. സുപ്രീം കോടതിക്ക് പ്രാദേശിക ബഞ്ചുകള്‍ വേണമെന്ന ഈയിടെ ഉയര്‍ന്ന ആവശ്യം ഒരുദാഹരണം മാത്രം. സമാനമായ ഭരണഘടനാ പ്രശ്‌നങ്ങളെ യഥോചിതം നീതിന്യായ പരിശോധനക്ക് വിധേയമാക്കാതെ ന്യായാധിപര്‍ മാറിനിന്നാല്‍ അത് നമ്മുടെ ഭരണഘടനയെ തന്നെ മരണത്തിന് വിട്ടുകൊടുക്കുന്ന ഏര്‍പ്പാടാണെന്ന് പറയാതെ വയ്യ.

ഒരു വര്‍ഷവും നാല് മാസവും നീണ്ടുനിന്ന, താരതമ്യേന ദൈര്‍ഘ്യമേറിയ തന്റെ മുഖ്യ ന്യായാധിപ പദവിക്കാലത്ത് ഒരൊറ്റ ഭരണഘടനാ ബഞ്ചും രൂപവത്കരിക്കാതെയാണ് എന്‍ വി രമണ സുപ്രീം കോടതിയുടെ പടികളിറങ്ങിയത് എന്നത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു കറുത്ത കുത്താണ്. അതിപ്രധാന ഭരണഘടനാ പ്രശ്‌നങ്ങള്‍ തന്റെ മുമ്പിലിരിക്കെയാണ് അദ്ദേഹം അവക്ക് നേരേ കണ്ണടച്ചത്. സുപ്രീം കോടതി ഭരണഘടനാ മൂല്യങ്ങള്‍ പൊതുവില്‍ ഉയര്‍ത്തിപ്പിടിച്ച കാലമായിരുന്നു ചീഫ് ജസ്റ്റിസ് പദവിയിലെ രമണക്കാലമെന്ന് വിലയിരുത്തപ്പെടുമ്പോഴും ഭരണഘടനയെ സചേതനമായി നിര്‍ത്തി എക്്‌സിക്യൂട്ടീവിന്റെ താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് ഭരണഘടനയെ വളര്‍ത്താന്‍ മുഖ്യ ന്യായാധിപനായിരുന്ന ഈ വ്യക്തി ശ്രമിച്ചില്ല എന്നത് കാമ്പുള്ള വിമര്‍ശം തന്നെയാണ്. 2021ല്‍ കേവലം രണ്ട് ഭരണഘടനാ ബഞ്ച് വിധികള്‍ മാത്രമാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ട വസ്തുതയാണ്.

തന്റെ മുന്‍ഗാമിയുടെ വീഴ്ചകള്‍ തിരുത്താനുള്ള ഉറച്ച ചുവടുവെപ്പുകളുമായാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് തുടങ്ങിയത്. പുതുതായി ഒരു ഭരണഘടനാ ബഞ്ചും രൂപവത്കരിക്കാത്തിടത്ത് നിന്ന് സ്ഥിരം ഭരണഘടനാ ബഞ്ചെന്ന സംവിധാനം കൊണ്ടുവന്നിരിക്കുന്നു ജസ്റ്റിസ് ലളിത്. മുഖ്യ ന്യായാധിപ പദവി ഏറ്റെടുത്ത മുറക്ക് സുപ്രീം കോടതിയുടെ സമീപകാല ചരിത്രത്തില്‍ ഇല്ലാത്തവിധം ഫുള്‍ കോര്‍ട്ട് മീറ്റിംഗ് വിളിച്ചാണ് ദീര്‍ഘ കാലമായി തീരുമാനിക്കപ്പെടാത്ത കേസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്ത് വിചാരണ നടത്താനുള്ള തീരുമാനമെടുത്തത്. സ്ഥിരം ഭരണഘടനാ ബഞ്ചുകള്‍ രൂപവത്കരിച്ച് സുപ്രീം കോടതിയിലെ എല്ലാ ന്യായാധിപര്‍ക്കും ഏതെങ്കിലുമൊരു ഭരണഘടനാ ബഞ്ചിന്റെ ഭാഗമാകാനുള്ള അവസരവുമുണ്ടാക്കിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത്. നിലവില്‍ 54 പ്രധാന വ്യവഹാരങ്ങളും 439 അനുബന്ധ വ്യവഹാരങ്ങളും ഭരണഘടനാപരമായി പരിശോധിക്കപ്പെടേണ്ടതായി സുപ്രീം കോടതിയുടെ മുമ്പിലുണ്ടെന്നാണ് കണക്ക്. ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുത്തതിന്റെ മൂന്നാം നാള്‍ ആഗസ്റ്റ് 29ന് 25 ഭരണഘടനാ കേസുകള്‍ ലിസ്റ്റ് ചെയ്താണ് ഉദയ് ഉമേഷ് ലളിത് തന്റെ ലൈന്‍ വ്യക്തമാക്കിയത്.

വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്ന 300 കേസുകള്‍ ഒക്ടോബര്‍ 11 മുതല്‍ വിചാരണക്കെടുക്കാന്‍ സുപ്രീം കോടതി പോയവാരം തീരുമാനിച്ചതും പുതിയ ദിശാസൂചികയാണ്. 1979 മുതലുള്ള കേസുകള്‍ അക്കൂട്ടത്തിലുണ്ടെന്നാണ് റിപോര്‍ട്ട്. പൂര്‍ണമായ ഭരണഘടനാ ബോധ്യത്തില്‍ നിന്ന് തെന്നിമാറിയ വിധിതീര്‍പ്പുകളാല്‍ മാത്രമല്ല സമീപകാലത്ത് ഇന്ത്യന്‍ ജുഡീഷ്യറി വിമര്‍ശങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. നേരത്തേ തന്നെ ഒരു നിലപാടെന്ന പോലെ കൊണ്ടുനടക്കുന്ന, നിയമ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നതിലെ കാലവിളംബംകൊണ്ട് കൂടെയാണ്. “ജസ്റ്റിസ് ഡിലേഡ് ഈസ് ജസ്റ്റിസ് ഡിനേഡ്’ എന്ന നിയമ തത്ത്വം നല്‍കുന്ന മുന്നറിയിപ്പ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഏട്ടിലെ പശു മാത്രമാണ്. പലപ്പോഴും വൈകി മാത്രമെത്തുന്ന നീതിന്യായ തീര്‍പ്പുകളുടെ കാര്യത്തില്‍ ഒരു തിരുത്തല്‍ വേളയായി ഹൃസ്വമെങ്കിലും തന്റെ മുഖ്യ ന്യായാധിപ പദവിക്കാലത്തെ ഉപയോഗപ്പെടുത്തുന്നു ജസ്റ്റിസ് യു യു ലളിത് എന്നത് ശുഭോദര്‍ക്കമാണ്.

രണ്ട് ന്യായാധിപര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചോ മൂന്നംഗ ബഞ്ചോ ആണ് സുപ്രീം കോടതിയില്‍ കേസുകള്‍ സാധാരണ കേള്‍ക്കാറുള്ളത്. ഭരണഘടനാ പ്രധാനമായ നിയമ വ്യവഹാരങ്ങള്‍ പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചില്‍ കുറഞ്ഞത് അഞ്ച് ന്യായാധിപര്‍ ഉണ്ടായിരിക്കണം. തുടര്‍ന്ന് അഞ്ച്, ഏഴ്, ഒമ്പത് എന്ന നിലയില്‍ തുടര്‍ന്നുപോകുന്നതാണ് ഭരണഘടനാ ബഞ്ചിലെ ന്യായാധിപരുടെ എണ്ണം.

ഭരണഘടനാ വ്യാഖ്യാനവുമായി ബന്ധപ്പെട്ട കാതലായ നിയമ പ്രശ്‌നം നിശ്ചിത കേസിലുണ്ടാകുക, ഭരണഘടനയുടെ 143ാം അനുഛേദ പ്രകാരം ഒരു നിയമ പ്രശ്‌നത്തില്‍ രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം ആരായുക, ഒരു നിയമ വ്യവഹാരത്തില്‍ സുപ്രീം കോടതിയിലെ ഡിവിഷന്‍ ബഞ്ചോ മൂന്നംഗ ബഞ്ചോ വ്യത്യസ്ത വീക്ഷണ കോണിലൂടെ പരസ്പരം ഏറ്റുമുട്ടുന്ന വിധി പ്രഖ്യാപിക്കുകയും ഉയര്‍ന്ന ബഞ്ചിന്റെ അന്തിമ വിധി ആവശ്യമായി വരികയും ചെയ്യുക, നേരത്തേ മൂന്നംഗ സുപ്രീം കോടതി ബഞ്ച് പുറപ്പെടുവിച്ച വിധിയുടെ കൃത്യതയില്‍ തുടര്‍ന്നുവന്ന മറ്റൊരു മൂന്നംഗ ബഞ്ച് സംശയം പ്രകടിപ്പിക്കുകയും ഉയര്‍ന്ന ബഞ്ചിന്റെ പുനഃപരിശോധനക്ക് ഉത്തരവിടുകയും ചെയ്യുക എന്നീ സാഹചര്യങ്ങളിലാണ് ഭരണഘടനാ ബഞ്ച് രൂപവത്കരിക്കപ്പെടുന്നതും പരിശോധനക്കെടുക്കുന്നതും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണ് ഭരണഘടനാ ബഞ്ച് രൂപവത്കരിക്കാനുള്ള അധികാരം.

ഭരണഘടനാ ബഞ്ച് രൂപവത്കരിക്കാനുള്ള തന്റെ അധികാരവും സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപനെന്ന നിലയിലെ ഭരണപരമായ ഉത്തരവാദിത്വങ്ങളും മികച്ച രീതിയില്‍ നിര്‍വഹിക്കാനുള്ള ശ്രമമാണ് ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രശംസനീയമാണ് അത്തരം ശ്രമങ്ങള്‍. എന്നാല്‍ അത് ഭരണപരമായ ചുമതലകളുടെ നിര്‍വഹണത്തില്‍ മാത്രം ഒതുങ്ങരുത്. നീതിന്യായപരമെന്നോ ഭരണഘടനാപരമെന്നോ വിശേഷിപ്പിക്കാവുന്ന ഉത്തരവാദിത്വങ്ങള്‍ക്ക് നേരേ കണ്ണടച്ച് ഇന്ത്യന്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തും വിധം ഭരണഘടനാ പൊരുളുള്‍ക്കൊള്ളാത്ത വിധികള്‍ പുറപ്പെടുവിച്ചതിന്റെ പേരിലാണല്ലോ സമീപ വര്‍ഷങ്ങളില്‍ നമ്മുടെ നീതിപീഠങ്ങള്‍ നിരന്തരം വിമര്‍ശവിധേയമായിക്കൊണ്ടിരിക്കുന്നത്. നീതി ലഭ്യമാക്കലാണ് നീതിന്യായ സംവിധാനത്തിന്റെ പ്രഥമ ഉത്തരവാദിത്വം തന്നെയും. അതിനാല്‍ നീതി ഉറപ്പ് വരുത്തുന്നതില്‍ എല്ലാ ഭരണകൂട സമ്മര്‍ദങ്ങളും മറികടന്ന് നീതിന്യായ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ട് മാത്രമുള്ള ഇടപെടലുകള്‍ നമ്മുടെ നീതിപീഠങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നിര്‍മാണാത്മക ഇടപെടലുകള്‍ നീതിയെന്ന പരമ ലക്ഷ്യത്തെക്കൂടെ അതിന്റെ പൂര്‍ണതയില്‍ അഡ്രസ്സ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.