National
കര്‍ണാലില്‍ കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം ഇന്ന്
കര്‍ഷകരും ഭരണകൂടവും തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്
കര്‍ണാല്‍ | ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ഇന്ന് ചേരും. സമര പരിപാടികള്‍ സംബന്ധിച്ച തീരുമാനം യോഗത്തിലുണ്ടാകും. അതേ സമയം കര്‍ഷകരും ഭരണകൂടവും തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്.
കര്‍ണാലില്‍ പോലീസിന്റെ ലാത്തിയടിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രാപകല്‍ മിനി സെക്രട്ടറിയറ്റ് ഉപരോധം നടത്തുകയാണ്. മറ്റു ജില്ലകളില്‍നിന്നും സമീപ സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാലിലേക്ക് കര്‍ഷകപ്രവാഹമാണ് . ഇതോടെ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടറും കര്‍ഷകനേതാക്കളുമായി ആശയവിനിമയം നടത്തി. കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുക, കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.
ഇതിനിടെ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദ്വിദിന യോഗത്തിന് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ തുടക്കമായി. കര്‍ഷക സമരത്തിന്റെ ഭാഗമായി ഈ മാസം 27ന് നടക്കാനിരിക്കുന്ന ഭാരത് ബന്ദ് വിജയകരമാക്കാനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു
ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുവാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.




