Connect with us

haram masjid

ഇരുഹറമുകളിലും വിശുദ്ധ റമസാനിൽ ഇഅ്തികാഫ് പുനരാരംഭിക്കും

ഹറംകാര്യ മന്ത്രാലയം ഓൺലൈൻ പോർട്ടലിൽ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

മക്ക/ മദീന | രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇരുഹറമുകളിലും റമസാനിൽ ഇഅ്തികാഫ് പുനരാരംഭിക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ.അബ്ദുർറഹ്മാൻ അൽ സുദൈസ് അറിയിച്ചു. റമസാന്റെ അവസാന ദിനരാത്രങ്ങളിലാണ് മക്കയിലെ മസ്ജിദുൽ ഹറമിലും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും ജനലക്ഷങ്ങൾ ഇഅ്തികാഫിനായി എത്തിച്ചേർന്നിരുന്നത്. കൊവിഡിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി 2020 മുതൽ ഇരുഹറമുകളിലും ഇഅ്തികാഫ്‌ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

2019ൽ റമസാനിലെ അവസാന 10 ദിവസങ്ങളിൽ ഇരുഹറമുകളിലായി ഒരു ലക്ഷത്തോളം വിശ്വാസികളാണ് ഇഅ്തികാഫിൽ പങ്കെടുത്തത്. ഇഅ്തികാഫിനായി ഹറം പള്ളികളുടെ മേൽക്കൂരകളിൽ  പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പ്രാർഥനാ പരവതാനി, തലയിണ, ലൈറ്റ് ബെഡ് ഷീറ്റ്, ഇഹ്‌റാം വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഓരോരുത്തർക്കും സ്വന്തമായി  ലോക്കറുകളും അനുവദിച്ചിരുന്നു.

ഇഅ്തികാഫ് ചെയ്യാൻ ഉദ്ദേശിക്കുന്ന വിശ്വാസികൾക്ക് മാർഗനിർദേശങ്ങളും രജിസ്ട്രേഷൻ സൗകര്യങ്ങളും നൽകുന്നതിനായി ഹറംകാര്യ മന്ത്രാലയം ഓൺലൈൻ പോർട്ടലിൽ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിർദിഷ്ട വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായിരിക്കും ഇഅ്തികാഫിന് അനുമതി നൽകുക. ഹജ്ജ്- ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പെർമിറ്റുകൾ വിതരണം ചെയ്യുന്ന നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.