Connect with us

National

ഇരുളടഞ്ഞ ബിജെപി ഭരണത്തിനെതിരെ ശബ്ദമുയർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം: സോണിയ ഗാന്ധി

ബിജെപിയുടെ കൊള്ളയുടെയും നുണകളുടെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാതെ കർണാടകക്കോ ഇന്ത്യക്കോ പുരോഗതിയില്ലെന്നും സോണിയ

Published

|

Last Updated

ഹുബ്ബള്ളി | ഇരുളടഞ്ഞ ബിജെപി ഭരണത്തിനെതിരെ ശബ്ദമുയർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിജെപിയുടെ കൊള്ളയുടെയും നുണകളുടെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാതെ കർണാടകക്കോ ഇന്ത്യക്കോ പുരോഗതിയില്ലെന്നും അവർ വ്യക്തമാക്കി. ഹുബ്ബള്ളിയിൽ കോൺഗ്രസിന്റെ തിരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ കർണാടകക്ക് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം ലഭിക്കില്ല എന്ന തരത്തിലാണ് അവർ പരസ്യമായി ഭീഷണി മുഴക്കുന്നതെന്ന് സോണിയ പറഞ്ഞു. കർണാടകയിലെ ജനങ്ങൾ അത്ര ഭീരുവും അത്യാഗ്രഹികളുമല്ലെന്ന് അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ജനങ്ങളുടെ ഭാവി സർക്കാരിന്റെ അനുഗ്രഹങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും സോണിയ പരിഹസിച്ചു.

വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെയായിരുന്നു രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെന്നും സോണിയ പറഞ്ഞു. ഇത്തരക്കാർക്ക് ഒരിക്കലും കർണാടകയിൽ ഒരു വികസനവും കൊണ്ടുവരാൻ കഴിയില്ല. ഭാരത് ജോഡോ യാത്ര ബിജെപിയെ ചൊടിപ്പിച്ചു. ചോദ്യങ്ങൾക്കൊന്നും ബിജെപിക്കാർ മറുപടി പറയുന്നില്ല. ജനാധിപത്യ തത്വങ്ങൾ തങ്ങളുടെ പോക്കറ്റിലാണെന്ന് അവർ കരുതുന്നു. ജനാധിപത്യം ഇങ്ങനെയാണോ പ്രവർത്തിക്കുന്നതെന്നും സോണിയ ഗാന്ധി ചോദിച്ചു.

 

Latest