From the print
ഹിസ്ബുല്ലക്കെതിരെ ഇസ്റാഈൽ ആക്രമണം വ്യാപിപ്പിച്ചു
മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടു • രണ്ടാഴ്ചക്കിടെ മരണം ആയിരം കടന്നു
ജെറൂസലം/ ബെയ്‌റൂത്ത് | ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയെ വധിച്ചതിന് പിന്നാലെ ലബനാനിലെ കൂടുതൽ മേഖലകളിൽ വ്യോമാക്രമണം തുടർന്ന് ഇസ്‌റാഈൽ. നസ്‌റുല്ലയുടെ വധത്തിന് പിന്നാലെ ലബനാനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുല്ലയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആക്രമണം വ്യാപിപ്പിച്ചത്. ഹിസ്ബുല്ല ശക്തികേന്ദ്രമായ ദഹിയയിലാണ് ശക്തമായ ആക്രമണം നടന്നത്.
ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ നബീൽ കൗക്ക് കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സ് (ഐ ഡി എഫ്) അറിയിച്ചു. വടക്കു കിഴക്കൻ ലബനാനിൽ നടത്തിയ ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ആക്രമണം നടന്ന പ്രദേശത്ത് നിന്ന് നസ്‌റുല്ലയുടെ മയ്യിത്ത് കണ്ടെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഖബറടക്കം എവിടെയായിരിക്കുമെന്നത് ഹിസ്ബുല്ല നേതൃത്വം പുറത്തുവിട്ടിട്ടില്ല. നസ്‌റുല്ലയെ ലക്ഷ്യമിട്ട് ബെയ്‌റൂത്തിന് തെക്ക് ദഹിയയിലെ ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്‌റാഈൽ ആക്രമിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്‌റാഈൽ തുടരുന്ന ആക്രമണത്തിൽ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടതെന്ന് ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറായിരത്തിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ, എത്ര സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.
പത്ത് ലക്ഷത്തിലേറെ അഭയാർഥികൾ
തെക്കൻ ലബനാനിലും തലസ്ഥാനമായ ബെയ്‌റൂത്തിലുമാണ് ആക്രമണം തുടരുന്നത്. പത്ത് ലക്ഷത്തിലേറെ പേരാണ് അഭയാർഥികളായതെന്ന് ലബനാൻ പ്രധാനമന്ത്രി നജീബ് മികാതി പറഞ്ഞു. ബെയ്‌റൂത്തിന് സമീപമുള്ള ദഹിയ ഉൾപ്പെടെയുള്ള പ്രദേശത്ത് നിന്നാണ് ആളുകൾ കൂടുതലായി ഒഴിഞ്ഞുപോകുന്നത്. യു എൻ രക്ഷാസമിതി ഉടൻ ചേരണമെന്ന ആവശ്യവുമായി ഇറാൻ രംഗത്തെത്തി. യു എൻ അംബാസിഡർ ആമിർ സായി ഇർവാനിയാണ് ഇതുസംബന്ധിച്ച് കത്ത് നൽകിയത്.
വടക്കൻ ഇസ്‌റാഈൽ ലക്ഷ്യമിട്ട് ഹിസ്ബുല്ലയും ആക്രമണം തുടരുകയാണ്.
പത്ത് റോക്കറ്റ് ആക്രമണങ്ങൾ നടന്നതായി ഐ ഡി എഫ് വക്താവ് പറഞ്ഞു.
“വിവരം ചോർത്തിയത്
ഇറാൻ ചാരൻ’
ഇറാൻ പൗരനായ ഇസ്‌റാഈൽ ചാരൻ കൃത്യമായ വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല ഉണ്ടായിരുന്നിടത്ത് ഇസ്‌റാഈൽ സൈന്യം മിസൈൽ ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് മാധ്യമം റിപോർട്ട് ചെയ്തു. നസ്‌റുല്ല കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ചാരൻ വിവരം നൽകിയത്.
ബെയ്‌റൂത്തിലുള്ള ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗർഭ അറയിൽ ഉന്നതതല അംഗങ്ങളുമായി നസ്‌റുല്ല യോഗം ചേരുന്നുവെന്നാണത്രേ ചാരൻ അറിയിച്ചത്.