Connect with us

International

ഇസ്‌റാഈല്‍- ഇറാന്‍ സംഘര്‍ഷം: ഗള്‍ഫ് രാഷ്ട്രങ്ങളും ഭീതിയില്‍

ആക്രമണത്തെ അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍

Published

|

Last Updated

തെഹ്‌റാന്‍ | ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രാഈലിന്റെ സയണിസറ്റ് സൈന്യം നടത്തിയ വ്യേമാക്രമണത്തിനെതിരെ ലോക വ്യാപക പ്രതിഷേധം. അറബ് രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതും ഇസ്‌റാഈലിനെ ലക്ഷ്യമാക്കി ഡ്രോണാക്രമണം നടത്തിയതും പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലാഴ്ത്തുകയാണ്. ഇറാന്റെ തിരിച്ചടിയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളും ഭീതിയിലാണ്. ഇറാന്‍ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി ഉള്‍പ്പെടെ നിരവധി പേരാണ് ഇന്നലെ രാത്രി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തിരിച്ചടിയായി ഇന്ന് നൂറുകണക്കിന് ഡ്രോണുകള്‍ ഇറാന്‍ വര്‍ഷിച്ചതായി ഇസ്‌റാഈല്‍ സൈനിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടി ഏതുനിമിഷവും ഉണ്ടാവുമെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഡ്രോണ്‍ ആക്രമണം തുടങ്ങിയത്. തങ്ങള്‍ക്കെതിരെ ഏത് ആക്രമണം വരികയാണെങ്കിലും അതിന്റെ പിന്നില്‍ ഇസ്രാഈല്‍ മാത്രമായിരിക്കില്ലെന്നും അമേരിക്ക കൂടി ഉണ്ടാവുമെന്നും ഇറാന്റെ പരമോന്നത സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ ഗള്‍ഫ് മേഖല ഉള്‍പ്പടെയുള്ള അമേരിക്കന്‍ താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചേക്കുമെന്ന് റിപോര്‍ട്ടുണ്ട്. ഇതാണ് ഗള്‍ഫ് മേഖലയെയും ആശങ്കപ്പെടുത്തുന്നത്.

യു എസ്- ഇറാന്‍ ആണവ ചര്‍ച്ച ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നടക്കുന്നതിനിടെയാണ് ഇസ്‌റാഈല്‍- ഇറാന്‍ സംഘര്‍ഷം. ഇറാന്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയെങ്കിലും അമേരിക്കയുടെ അറിവോടെ തന്നെയാണ് ഇസ്‌റാഈല്‍ ആക്രമിച്ചതെന്ന വിമര്‍ശങ്ങളാണ് ഉയരുന്നത്. ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് അറിവുണ്ടായിരുന്നുവെന്ന് വിവിധ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി വിവിധ യു എസ് എംബസികള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖ് അടക്കമുള്ള പ്രധാനപ്പെട്ട എംബസികളില്‍ നിന്ന് യുഎസിന്റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം പിന്‍വലിച്ചിരുന്നു.

ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിക്ക് പുറമെ സൈനിക മേധാവികളും ഇന്നലെ തെഹ്‌റാനില്‍ നടന്ന ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ഓപറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്റാഈല്‍ ആക്രമണം. എന്നാല്‍ ഹൊസൈന്‍ സലാമിയുടെ മരണം മാത്രമാണ് ഇറാന്‍ സ്ഥിരീകരിച്ചിത്. ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ടത്.

 

---- facebook comment plugin here -----

Latest