International
വെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനാനില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം: ഒരു മരണം
നാല് ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ ആക്രമണം

ബെയ്റൂത്ത് | വെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനാനിന്റെ തെക്ക് ഭാഗത്ത് നടന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ലെബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നാല് ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ഇസ്രാഈല്‍ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ നബ്തിഹ് മേഖലയിലെ അര്‍നൗണ്‍ ഗ്രാമത്തില്‍ മോട്ടോര്‍ സൈക്കിളിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രാഈല്‍ ആക്രമണം. സംഭവത്തില്‍ ഇസ്രാഈല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നവംബര്‍ 27ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലില്‍ രണ്ട് മാസത്തെ തുറന്ന യുദ്ധം ഉള്‍പ്പെടെ ഒരു വര്‍ഷത്തിലേറെ നീണ്ട സംഘര്‍ഷം അവസാനിപ്പിച്ചിട്ടും ഇസ്രാഈല്‍ ലെബനാനില്‍ ആക്രമണം തുടരുകയാണ്. വ്യാഴാഴ്ച, ലെബനാനിന്റെ തെക്ക് ഭാഗത്ത് ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇന്നവലെ നടന്ന റെയ്ഡില്‍ ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.