Connect with us

Editors Pick

വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടോ? നെടുമാരന്റെ വെളിപ്പെടുത്തൽ സത്യമോ?

2009 മേയ് 18നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്. പ്രഭാകരന്റെ മൃതദേഹം മുന്‍ സഹപ്രവര്‍ത്തകന്‍ മുരളീധരന്‍ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മേയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ സേന പുറത്തുവിട്ടിരുന്നു.

Published

|

Last Updated

ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം (എല്‍ ടി ടി ഇ) തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് തമിഴ് സംഘടന പ്രസിഡന്റ് പി.നെടുമാരന്റെ പ്രസ്താവന ചര്‍ച്ചയാവുന്നു. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് പുതിയ വെളിപ്പെടുത്തലുമായി എത്തുന്നതെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രഭാകരന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. പ്രഭാകരന്‍ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും നെടുമാരന്‍ തഞ്ചാവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പ്രഭാകരന്‍ നിലവില്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തുന്നതെന്നു പറഞ്ഞ അദ്ദേഹം ‘തമിഴ് ഈഴം’ സംബന്ധിച്ച പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നും അവകാശപ്പെട്ടു.

നെടുമാരൻ വേലുപ്പിള്ള പ്രഭാകരനോടൊപ്പം (ഫയൽ ചിത്രം)

2009 മേയ് 18നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്. പ്രഭാകരന്റെ മൃതദേഹം മുന്‍ സഹപ്രവര്‍ത്തകന്‍ മുരളീധരന്‍ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മേയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ സേന പുറത്തുവിട്ടിരുന്നു.

1954 നവംബര്‍ 26 ന് വാല്‍വെട്ടിത്തുറൈയില്‍ ജനിച്ച പ്രഭാകരന്‍, തമ്പി എന്നാണ് അറിയപ്പെട്ടിരുന്നത്. കരൈയാര്‍ എന്ന പിന്നാക്ക ജാതിയില്‍ പിറന്ന പ്രഭാകരന് ദളിതരുടെയും പിന്നാക്ക സമുദായങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. പ്രഭാകരനും പുലികളും ശ്രീലങ്കയില്‍ തമിഴ് ന്യൂനപക്ഷത്തിന്റെ പ്രത്യാശയായി മാറുകയായിരുന്നു. 1972 ല്‍ പതിനെട്ടാം വയസ്സിലാണ് പ്രഭാകരന്‍ ഒളിവില്‍പ്പോകുന്നത്. എല്‍ ടി ഇ ടി.യെന്ന സംഘടന ശ്രീലങ്കയിലെ ജാഫ്ന മേഖലയില്‍ ഭരണം പോലും നിര്‍വ്വഹിച്ച കാലമുണ്ടായിരുന്നു.

അടുത്ത സഹപ്രവര്‍ത്തകനായിരുന്ന മുരളീധരന്‍ (കരുണ അമ്മന്‍) എതിരാളിയായതോടെ 2004-ല്‍ പ്രഭാകരന്റെ പതനം തുടങ്ങി. ശ്രീലങ്കന്‍ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്നു എല്‍ ടി ടി ഇ 2009 മെയ് 17നു സമ്മതിച്ചു. 2009 മെയ് 16 നോ 17നോ പ്രഭാകരന്‍ ആത്മഹത്യ ചെയ്യുകയോ വധിയ്ക്കപ്പെടുകയോ ചെയ്തുവെന്നാണു കരുതപ്പെട്ടത്. പ്രഭാകരന്റെ അന്ത്യം മെയ് 24-നു എല്‍ ടി ടി ഇയുടെ രാജ്യാന്തര നയതന്ത്ര തലവന്‍ ശെല്‍വരശ പത്മനാഥന്‍ ബി ബി സിയോട് സമ്മതിച്ചു.

പ്രഭാകരന്റെ മൃതദേഹവുമായി തമിഴ് പുലികൾ

ശ്രീലങ്കയില്‍ സര്‍ക്കാറും പുലികളും തമ്മിലുള്ള യുദ്ധം അന്തിമഘട്ടത്തിലെത്തിയപ്പോള്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ കൊലചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് തമിഴ് വംശജര്‍ അഭയാര്‍ഥികളായി. ലങ്കന്‍ സൈന്യത്താല്‍ വളയപ്പെട്ട ഒളിത്താവളത്തിലാലായിരുന്നു അപ്പോള്‍ വേലുപ്പിള്ള പ്രഭാകരനും ശേഷിക്കുന്ന പുലികളും. വംശീയ ഭീകരതയില്‍ നിന്ന് തന്റെ ജനതയെ രക്ഷിക്കേണ്ടതിന്റെ ആവശ്യം ബോധ്യമായപ്പോഴാണു സായുധ പാത തെരഞ്ഞെടുത്തതെന്നും തമിഴ് ജനതയുടെ മോചനത്തിന് ആയുധമെടുക്കാതെ വയ്യെന്ന് വിശ്വസിച്ച ഒരു സംഘം പ്രതിബദ്ധതയുള്ള ചെറുപ്പക്കാരെ ഒന്നിച്ചുകൂട്ടി എല്‍ ടി ടി ഇ രൂപീകരിച്ചുവെന്നും പ്രഭാകരന്‍ വ്യക്തമാക്കി.

അവരുടെ കൊടിയടയാളം പുലിയായിരുന്നു. അവര്‍ സ്വീകരിച്ച ഗറില്ലാ യുദ്ധമുറയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പുലി എന്ന ചിഹ്നം. സംഘടന രൂപവത്കരിച്ച ശേഷം പ്രഭാകരന്‍ ഒളിവില്‍ പോയി. വീട്ടുകാരുമായുള്ള സര്‍വ ബന്ധങ്ങളുമറ്റു. നിയമങ്ങള്‍ മനുഷ്യവിരുദ്ധമാവുമ്പോള്‍ നാമെങ്ങനെ നിയമവിധേയമാവുമെന്ന് അദ്ദേഹം ചോദിച്ചു. 1983ലെ തമിഴ് വംശഹത്യ എല്ലാ വിഭാഗം ജനങ്ങളെയും അവര്‍ക്ക് അനുകൂലമാക്കി. ജനകീയ അടിത്തറ വളര്‍ന്നു.

വേലുപ്പിള്ള പ്രഭാകരന്റെ മകൻ

പ്രഭാകരന്റെ പന്ത്രണ്ട് വയസ്സുള്ള മകന്‍ കൊല്ലപ്പെട്ടു കിടക്കുന്നതു ലോകത്തെ നടുക്കിയിരുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് ശ്രീലങ്കന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ മകന്‍ ബാലചന്ദ്രന്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നു. മകനെ കസ്റ്റഡിയില്‍ എടുത്ത ശേഷം സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന സംശയമുണ്ടാക്കുന്നതായിരുന്നു ആ ചിത്രങ്ങള്‍. മകന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു എന്നായിരുന്നു സര്‍ക്കാരന്റെ ഔദ്യോഗിക ഭാഷ്യം.

വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇടക്കൊക്കെ തമിഴ്‌നാട്ടില്‍ നിന്നു പ്രത്യക്ഷപ്പെടാറുണ്ട്. മിക്കവാറും ഇത്തരം പ്രചാരണങ്ങളെല്ലാം ഭാവനാ സൃഷ്ടികളായിരുന്നു. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇപ്പോള്‍ 69 വയസ്സുണ്ടാവും. തമിഴ് ഈഴം എന്ന വിശാലമായ സ്വപ്‌നത്തിനായി പോരടിക്കാനുള്ള ഒരു കരുത്തന്റെ തിരിച്ചുവരവ് ഇനിയും പ്രതീക്ഷിക്കാനാവുമോ എന്നതാണു ചോദ്യം. ഒരു രാഷ്ട്ര ശക്തിയോടെതിരിട്ട് ഇനിയും ഒരു പോരാട്ടം സാധ്യമോ തുടങ്ങി അനേകം ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

പി നെടുമാരന്റെ വെറും സ്വപ്‌നമായി പ്രഭാകരന്റെ മടങ്ങിവരുവു മാറുമോ അതല്ല, വാര്‍ധക്യത്തിന്റെ പക്വതയാര്‍ജിച്ച് മറ്റൊരു ശബ്ദമായി പ്രഭാകരന്‍ പ്രത്യക്ഷപ്പെടുമോ എന്ന സന്ദേഹങ്ങള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.