editorial
സംസ്ഥാനം കടക്കെണിയിലോ?
കേരളത്തിന്റെ പൊതു കടക്കെണി ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതുസംബന്ധിച്ച് നിലവില്‍ ഉയരുന്ന വിമര്‍ശങ്ങൾ രാഷ്ട്രീയ ആരോപണമെന്നതിനപ്പുറം ഗൗരവമായി തന്നെ കാണേണ്ട വിഷയമാണെന്നതില്‍ തര്‍ക്കമില്ല.
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ പൊതു കടക്കെണി ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതുസംബന്ധിച്ച് നിലവില്‍ ഉയരുന്ന വിമര്‍ശങ്ങളെ രാഷ്ട്രീയ ആരോപണമെന്നതിനപ്പുറം ഗൗരവമായി തന്നെ കാണേണ്ട വിഷയമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെയുള്‍പ്പെടെയുള്ള പ്രചാരണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതോടൊപ്പം ഇതിന്റെ യാഥാര്‍ഥ്യങ്ങള്‍ കൂടി പരിഗണിച്ച് സമീപിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടത്തിനുണ്ട്. സംസ്ഥാനങ്ങളുടെ കടക്കെണിയില്‍ നിലവിൽ രാജ്യത്തിന്റെ ദേശീയ ശരാശരിയും നമുക്ക് മുന്നിലുള്ള സംസ്ഥാനങ്ങളുടെ പട്ടികയും വെച്ച് മാത്രം പ്രതിരോധിക്കുന്നത് ഫലപ്രദമാകില്ലെന്നാണ് വിദഗ്ധ പക്ഷം.
നിലവില്‍ കേരളത്തിന്റെ പൊതുകടവും ജി എസ് ഡി പിയും തമ്മിലുള്ള അനുപാതം 24.88 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. കേരളത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ സമീപനങ്ങളെയും വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ കേരളത്തിന് ആശാവഹമാകില്ല. സി എ ജിയുടെ പുതിയ റിപോര്‍ട്ട് പ്രകാരം 2023-24ല്‍ സംസ്ഥാനങ്ങളുടെ മൊത്തം റവന്യൂ വരുമാനത്തിലെ സംസ്ഥാന നികുതി-നികുതിയേതര വരുമാനത്തിന്റെ ദേശീയ ശരാശരി 57.77 ശതമാനമാണ്. എന്നാല്‍ കേരളത്തിന്റെത് ഇത് 72.84 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് കേരളമെന്നത് ശുഭസൂചകമാണെങ്കിലും കേന്ദ്രത്തെ കൂടുതല്‍ ആശ്രയിക്കാതെ റവന്യൂ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം അനിവാര്യമാണ്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ജി എസ് ടി പിരിവിലെ ചോര്‍ച്ച ഒഴിവാക്കുകയും ഒപ്പം നികുതി നല്‍കാത്തവരെ കണ്ടെത്താന്‍ ഡാറ്റാ അനലിറ്റിക്സ് പ്രയോജനപ്പെടുത്തുകയും വേണം. പ്രത്യേക അദാലത്തുകളോ സ്‌കീമുകളോ നടപ്പാക്കുക, വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന നികുതി കുടിശ്ശികകള്‍ വേഗത്തില്‍ പിരിച്ചെടുക്കുക, നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ച് അവയെ ലാഭത്തിലാക്കാന്‍ ശ്രമിക്കുക, സര്‍ക്കാര്‍ നല്‍കുന്ന വിവിധ സേവനങ്ങളുടെ ഫീസുകള്‍ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ പരിഹാരങ്ങൾ തേടണം. സര്‍ക്കാറിന്റെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമി പാട്ടത്തിന് നല്‍കിയോ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ അധിക വരുമാനം കണ്ടെത്തണം. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് മുന്‍ഗണന നല്‍കുക, ഐ ടി പാര്‍ക്കുകളും സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റവും വിപുലീകരിച്ച് കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയും തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളും നടപ്പാക്കണം.
പൊതുച്ചെലവ് കുറച്ചേ തീരൂ. ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതും ഓഫീസുകളുടെ മോടിപിടിപ്പിക്കലും നിയന്ത്രിച്ച് ചെലവ് ചുരുക്കണം. ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുക, കുറഞ്ഞ പലിശയുള്ള വായ്പകള്‍ കണ്ടെത്തി കടമെടുപ്പ് പരിധി കൃത്യമായി പാലിക്കുക, വലിയ പദ്ധതികളില്‍ പി പി പി മോഡല്‍ നിക്ഷേപം പ്രോത്സാഹിപ്പിച്ച് സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യത കുറക്കുക, കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ വിദേശികളിലേക്ക് എത്തിച്ച് വിദേശനാണ്യം വര്‍ധിപ്പിക്കുന്നതിന് കൃത്യമായ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ സാമ്പത്തിക ഞെരുക്കത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ബഹുഭൂരിപക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മൊത്തം റവന്യൂ വരുമാനത്തില്‍ വലിയ പങ്ക് കേന്ദ്ര വിഹിതമാണ്. അതേസമയം കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളുമായി നിലവില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത് 27.16 ശതമാനം മാത്രമാണ്. എന്നാല്‍ നികുതി- നികുതിയേതര വരുമാനം ഇരട്ടിയായതിനാലാണ് കേരളത്തിന് പിടിച്ചുനില്‍ക്കാനാകുന്നത്. ഈ യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ട് തന്നെ വരുമാനം വര്‍ധിപ്പിക്കാനുള്ള ക്രിയാത്മക ഇടപെടലുകളാണ് സംസ്ഥാനം നടത്തേണ്ടത്.
അതേസമയം, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തികച്ചും രാഷ്ട്രീയ പ്രേരിതമായി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളം സാമ്പത്തിക ദൃഢീകരണ മേഖലയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഈ വര്‍ഷം ഏകദേശം 5,784 കോടി രൂപയാണ് കിട്ടാനുള്ളതെന്നത് മാത്രം മതി കേന്ദ്രത്തിന് കേരളത്തോടുള്ള മനോഭാവം മനസ്സിലാക്കാന്‍.
ബിഹാറിന് 72.27 ശതമാനം, ഉത്തര്‍ പ്രദേശിന് 55.48 ശതമാനം, ബംഗാളിന് 53.25 ശതമാനം എന്നിങ്ങനെയാണ് കേന്ദ്ര വിഹിതം. 16 സംസ്ഥാനങ്ങള്‍ക്കാണ് മൊത്തം വരുമാനത്തിന്റെ 50 ശതമാനത്തിലേറെ കേന്ദ്രവിഹിതമായി ലഭിക്കുന്നത്. ഇവയില്‍ ഭൂരിപക്ഷവും ബി ജെ പി ഭരണപങ്കാളിത്തമുള്ളതാണ്. കേന്ദ്ര നികുതി വിഹിതത്തിന്റെ 72 ശതമാനവും 10 സംസ്ഥാനങ്ങള്‍ക്കായാണ് ലഭിക്കുന്നത്. ബാക്കി 28 ശതമാനം 18 സംസ്ഥാനങ്ങള്‍ക്കും. ഉത്തര്‍പ്രദേശിനാണ് ഏറ്റവും വലിയ വിഹിതം- 17.94 ശതമാനം. ബിഹാറിന് 10.06, മധ്യപ്രദേശിന് 7.85, പശ്ചിമ ബംഗാളിന് 7.52, മഹാരാഷ്ട്രക്ക് 6.32, രാജസ്ഥാന് 6.03, ഒഡിഷക്ക് 4.53 എന്നിങ്ങനെ. കേരളത്തിന് വെറും 1.93 ശതമാനമാണ് കേന്ദ്ര നികുതി വിഹിതം. എന്നിട്ടും കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തില്‍ സ്വന്തം വരുമാനത്തിന്റെ അനുപാതം ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ആറാമതാണ് കേരളം.





