Editorial
റെയില്‍വേ കോര്‍പറേറ്റ് സ്ഥാപനമോ?
ജനങ്ങളുടെ പ്രതീക്ഷയായിരുന്നു ഒരു കാലത്ത് റെയില്‍വേ. കുറഞ്ഞ നിരക്കല്‍ ദൂരം താണ്ടാന്‍ അവസരമൊരുക്കുന്ന സാമൂഹിക സമത്വ സംവിധാനം. ഇന്ന് അവസ്ഥ മാറി. നിരക്കുകള്‍ അടിക്കടി വര്‍ധിക്കുകയാണ്. ഇളവുകള്‍ ചുരുങ്ങുകയും ചെയ്യുന്നു.
ജനാധിപത്യവിരുദ്ധമാണ് യാത്രാ നിരക്ക് വര്‍ധനവിന്റെ മാനദണ്ഡം വെളിപ്പെടുത്തില്ലെന്ന റെയില്‍വേയുടെ നിലപാട്. നിരക്ക് നിര്‍ണയം, സീസണുകളിലെ നിരക്ക് വ്യതിയാനം, തത്കാല്‍ ബുക്കിംഗുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വിശദവിവരം തേടി കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് “വ്യാപാര രഹസ്യം’ എന്ന ഒഴിവുകഴിവു പറഞ്ഞ് റെയില്‍വേ മന്ത്രാലയം വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചത്. വിവരാവകാശ നിയമത്തിലെ സെക‌്ഷന്‍ എട്ട് പ്രകാരം, ദേശീയ സുരക്ഷ, വ്യാപാര രഹസ്യങ്ങള്‍, വ്യക്തിപരമായ രഹസ്യങ്ങള്‍ എന്നിവക്ക് ഭീഷണിയാകുമെന്ന് ആശങ്കയുള്ള കേസുകളില്‍ വിവരം വെളിപ്പെടുത്തേണ്ടതില്ല.
റെയില്‍വേ ഒരു സ്വകാര്യ സ്ഥാപനമല്ല, ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്ഥാപനവുമല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുസ്ഥാപനമാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് അത് പടുത്തുയര്‍ത്തിയത്. റെയില്‍വേയുടെ വരവു ചെലവ് കണക്കുകളും പദ്ധതികളും വര്‍ഷാന്തം ഇന്ത്യന്‍ പാര്‍ലിമെന്റ് മുമ്പാകെ വെക്കുന്നതും ഇതുകൊണ്ടാണ്. ഇതടിസ്ഥാനത്തില്‍ നിരക്ക് കൂട്ടുമ്പോള്‍ അതിന്റെ മാനദണ്ഡമെന്തെന്നും ഏത് സാമ്പത്തിക വിശകലനത്തിന്റെ അടിസ്ഥാനത്തിലെന്നും അറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. യാത്രക്കാര്‍ ഇതൊന്നും അറിയേണ്ടതില്ലെന്ന നയം പൊതുമേഖലാ സ്ഥാപനത്തിന് യോജിച്ചതല്ല. ഭരണകൂടത്തിലുള്ള വിശ്വാസ്യത തകരാന്‍ ഇതിടയാക്കും. വാണിജ്യ രഹസ്യമെന്ന സാങ്കേതിക പദമുപയോഗിച്ച് ജനങ്ങളുടെ അവകാശം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.
യാത്രാ നിരക്കിന്റെ മാനദണ്ഡം വെളിപ്പെടുത്തുന്നത് റെയില്‍വേയുടെ ഏത് വ്യാപാര താത്പര്യത്തെയാണ് ബാധിക്കുന്നത്? എതിരാളികളുള്ള മേഖലയിലാണ് വാണിജ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ഥാപനത്തെ ബാധിക്കുക. റെയില്‍ ഗതാഗതത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് എതിരാളികളില്ലാത്തതിനാല്‍ ‘വാണിജ്യ രഹസ്യ’മെന്ന വാദത്തിന് പ്രസക്തിയില്ലെന്നു നിയമജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ഭരണത്തിലെ സുതാര്യതയെക്കുറിച്ചും ഭരണാധികാരികള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നത് വിരോധാഭാസമാണ്. വിവരാവകാശ നിയമത്തിന്റെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുന്നതുമാണ്.
സര്‍ക്കാര്‍ സേവനങ്ങളുടെ പരിധിയില്‍ വരുന്നതാണ് റെയില്‍വേ. ഈ മേഖലയിലെ നിരക്ക് നിര്‍ണയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പലപ്പോഴും ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഒരു കാരണവുമില്ലാതെ, അല്ലെങ്കില്‍ വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ നിരക്ക് വര്‍ധിപ്പിക്കുന്നത് തുല്യനീതി ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാണെന്നാണ് കോടതി നിരീക്ഷണം. ചില കേസുകളില്‍ നിരക്ക് നിശ്ചയിക്കാന്‍ വൈദ്യുതി മേഖലയിലേത് പോലെ സ്വതന്ത്രമായ ഒരു റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി മുന്നോട്ടു വെച്ചു. ഈ സംവിധാനത്തില്‍ പൊതുജനത്തിന്റെ അഭിപ്രായം കേട്ട ശേഷമാണ് നരക്ക് വര്‍ധന നടപ്പാക്കേണ്ടത്. ഏകപക്ഷീയമായി നടപ്പാക്കാനാകില്ല. ഇതുകൊണ്ടായിരിക്കണം റെഗുലേറ്ററി അതോറിറ്റി രൂപവത്കരണത്തിന് റെയില്‍വേ താത്പര്യം കാണിക്കുന്നില്ല.
റെയില്‍വേയുടെ നയപരമായ തീരുമാനങ്ങള്‍ ജനതാത്പര്യത്തെ ബാധിക്കുന്നതാണെങ്കില്‍ അതിലെ രേഖകള്‍ വെളിപ്പെടുത്താന്‍ റെയില്‍വേ ബാധ്യസ്ഥമാണെന്ന് നേരത്തേ ഡല്‍ഹി കോടതിയും നിരീക്ഷിച്ചതാണ്. “വാണിജ്യ രഹസ്യം’ എന്ന പരിരക്ഷ ലഭിക്കണമെങ്കില്‍, വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ റെയില്‍വേക്ക് എന്ത് വലിയ നഷ്ടമാണ് സംഭവിക്കുകയെന്ന് തെളിയിക്കാന്‍ സ്ഥാപനം ബാധ്യസ്ഥമാണെന്നും കോടതികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം റെയില്‍വേ രണ്ട് തവണ നിരക്ക് വര്‍ധിപ്പിച്ചു. ജൂലൈയിലായിരുന്നു ആദ്യത്തെ വര്‍ധന. എക്‌സ്പ്രസ്സ് ട്രെയിനുകളിലെ എയര്‍കണ്ടീഷന്‍ ചെയ്യാത്ത ക്ലാസ്സുകളിലെ നിരക്ക് കി. മീറ്ററിന് ഒരു പൈസയും എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ്സുകളില്‍ രണ്ട് പൈസയും കൂട്ടി. ഇതിലൂടെ 700 കോടി രൂപയുടെ വരുമാനമാണ് റെയില്‍വേ ലക്ഷ്യം വെച്ചത്. ഡിസംബര്‍ 25നായിരുന്നു രണ്ടാമത് വര്‍ധന. 215 കി. മീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ്സുകളിലെ ടിക്കറ്റുകളില്‍ കി. മീറ്ററിന് ഒരു പൈസയും എക്‌സ്പ്രസ്സ് കോച്ചുകളില്‍ രണ്ട് പൈസയുമാണ് കൂട്ടിയത്. തിരക്കേറിയ സമയങ്ങളില്‍ നിരക്ക് കുത്തനെ കൂട്ടുന്ന പതിവുമുണ്ട് റെയില്‍വേക്ക് (ഡൈനാമിക് പ്രൈസസ്). ഒരേ ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ വ്യത്യസ്ത നിരക്ക് നല്‍കാന്‍ ഇടയാക്കുന്ന ഈ നിരക്ക് നിര്‍ണയത്തിന്റെ അടിസ്ഥാനമെന്ത്? എന്തിനാണ് അടിക്കടിയുള്ള നിരക്ക് വര്‍ധന? റെയില്‍വേയുടെ നഷ്ടം നികത്താനാണോ? എങ്കില്‍ എന്തുകൊണ്ടാണ് നഷ്ടം സംഭവിച്ചത്? പാരിപാലനച്ചെലവ് മൂലമാണോ? ഇന്ധന വില വര്‍ധനവിന്റെ പേരിലോ?
നേരത്തേ മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ നിരക്കില്‍ ഇളവ് നല്‍കിയിരുന്നു റെയില്‍വേ. കൊവിഡ് മഹാമാരിയുടെ പേരില്‍ നിര്‍ത്തലാക്കിയ ഈ ഇളവുകള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അത് പുനഃസ്ഥാപിക്കുന്നതിനുള്ള സാങ്കേതിക കാരണങ്ങള്‍ എന്താണ്. ഇത്തരം കാര്യങ്ങള്‍ യാത്രക്കാര്‍ അറിയുന്നതിലെന്താണ് കുഴപ്പം? ദേശീയ സുരക്ഷയോ തന്ത്രപ്രധാന രഹസ്യങ്ങളോ അല്ല ഇവിടെ വിഷയം. ട്രെയിന്‍ ടിക്കറ്റ് നിരക്കാണ്. സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്ന കാര്യമാണിതെന്ന വസ്തുത റെയില്‍വേ കാണാത്ത ഭാവം നടിക്കരുത്.
ജനങ്ങളുടെ പ്രതീക്ഷയായിരുന്നു ഒരു കാലത്ത് റെയില്‍വേ. കുറഞ്ഞ നിരക്കല്‍ ദൂരം താണ്ടാന്‍ അവസരമൊരുക്കുന്ന സാമൂഹിക സമത്വ സംവിധാനം. ഇന്ന് അവസ്ഥ മാറി. നിരക്കുകള്‍ അടിക്കടി വര്‍ധിക്കുകയാണ്. ഇളവുകള്‍ ചുരുങ്ങുകയും ചെയ്യുന്നു. ജനറല്‍ കോച്ചുകള്‍ കുറച്ച് പ്രീമിയം ട്രെയിനുകള്‍ വര്‍ധിപ്പിക്കുന്നു. പൊതുജന സേവനം ലക്ഷ്യമാക്കി സ്ഥാപിതമായ റെയില്‍വേ ലാഭം മാത്രം ലക്ഷ്യം വെക്കുന്ന കോര്‍പറേറ്റ് സ്ഥാപനമായി മാറുകയാണോ?




