Connect with us

Siraj Article

ഹിന്ദുത്വക്ക് കേരളം കാവലോ?

പരപീഡയിൽ ആനന്ദം കണ്ടെത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിന് സ്വീകാര്യത നേടിക്കൊടുക്കാനുള്ള ഏത് ശ്രമവും നിരുപാധികം തള്ളിക്കളയാൻ രാഷ്ട്രീയമായ കരുത്തുപ്രകടിപ്പിക്കേണ്ട കാലമാണിത്. നമ്മൾ കേരളീയരല്ലാതെ മറ്റാരാണ് അതിനു മുന്നിൽ നിൽക്കുക? ഹിന്ദുത്വയുടെ സ്വപ്നങ്ങൾക്ക് മറ്റാര് കാവലിരുന്നാലും കേരളം അത് ചെയ്തുകൂടാത്തതാണ്. നെഹ്റുവിന്റെയും അംബേദ്കറുടെയും ചിന്തകൾക്കൊപ്പം ചേർത്തുപഠിപ്പിക്കേണ്ട ആശയങ്ങളല്ല ഹിന്ദുത്വയുടേത്. ഗോൾവാൾക്കറുടെ നാം-നമ്മുടെ ദേശീയതയെ നിർവചിക്കപ്പെടുന്നു, വിചാരധാര എന്നീ പുസ്തകങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ ഇക്കാര്യം ബോധ്യമാകാവുന്നതേയുള്ളൂ

Published

|

Last Updated

കണ്ണൂർ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് പി ജി മൂന്നാം സെമസ്റ്റർ സിലബസിൽ സംഘ്പരിവാർ ആചാര്യന്മാരുടെ കൃതികൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഉയർന്ന പ്രതിഷേധം വർഗീയരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ ജാഗ്രതയും ഫാസിസത്തിനെതിരായ സമരോത്സുകതയും ആവർത്തിച്ചുറപ്പിച്ചു. ഇന്ത്യയെ വർഗീയമായി വിഭജിക്കാൻ തലപുകച്ചവരുടെ ക്ഷുദ്രചിന്തകൾക്ക് വിദ്യാഭ്യാസ സംവിധാനങ്ങൾ വിട്ടുകൊടുക്കുന്നതിലെ അസാംഗത്യം ആർക്കും ബോധ്യപ്പെടുന്നതേയുള്ളൂ. നിരൂപണ സ്വഭാവത്തോടെയുള്ള പഠനവും വിശകലനവും പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് ഒഴിവാക്കാനാകില്ല. പക്ഷേ കണ്ണൂർ സർവകലാശാലയുടെ സിലബസ് നിരൂപണ സ്വഭാവത്തോടെയുള്ളതല്ല. ഹിന്ദുത്വയുടെ ആശയങ്ങൾ മാറ്റമേതുമില്ലാതെ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് വാഴ്‌സിറ്റി അധികൃതർ ചെയ്തത്. സംഘ് വർഗീയതയെ രാഷ്ട്രീയമുഖ്യധാരയിൽ നിന്ന് എക്കാലവും അകറ്റിനിർത്തിയ മലയാളിയുടെ മതനിരപേക്ഷ ജീവിതത്തിന്റെ അന്തസ്സിന് നേർക്കുള്ള കടന്നുകയറ്റമായിരുന്നു സിലബസിലെ ഹിന്ദുത്വസാന്നിധ്യം. നിരാക്ഷേപം നിരാകരിക്കപ്പെടേണ്ട ന്യായവാദമാണ് ഇക്കാര്യത്തിൽ വി സിയിൽ നിന്നുൾപ്പെടെ ഉണ്ടായത് എന്ന് പറയാതെ വയ്യ. പ്രതിഷേധം കനത്തപ്പോൾ സിലബസ് മരവിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചത് ശ്ലാഘനീയമെങ്കിലും അവർ തുറന്നുവിട്ട വിവാദം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഇനിയും ഏറെ നാളുകൾ നിറഞ്ഞുനിൽക്കാനുള്ള സാധ്യത കാണുന്നു.

ഹിന്ദുത്വയുടെ പ്രോദ്ഘാടകൻ വി ഡി സവർക്കറുടെ “ഹിന്ദുത്വം; ആരാണ് ഹിന്ദു’, ആർ എസ് എസ് മേധാവി ആയിരുന്ന എം എസ് ഗോൾവാൾക്കറുടെ “വിചാരധാര, നാം- നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്നീ പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ, ആർ എസ് എസ് സൈദ്ധാന്തികൻ ബൽരാജ് മധോകിന്റെ “ഇന്ത്യൻവത്കരണം’, ഭാരതീയ ജനസംഘം സ്ഥാപകനേതാവായ ദീൻദയാൽ ഉപാധ്യായയുടെ “സമഗ്ര മാനവികത’ എന്നിവയാണ് വിവാദ സിലബസിൽ ഇടം പിടിച്ച ഹിന്ദുത്വപ്രചാരകരുടെ ടെക്സ്റ്റുകൾ. ഈ കൃതികളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകുന്ന വസ്തുത നമ്മുടെ ജനാധിപത്യ, മതേതര ഇടങ്ങളിൽ ഇതുണ്ടാക്കുന്ന ഇടർച്ചകളും വിള്ളലുകളും ചെറുതല്ല എന്നതാണ്. നമുക്ക് പരിശോധിക്കാം.

ഹിന്ദുത്വയെ ആദ്യമായി നിർവചിച്ചത് വി ഡി സവർക്കറാണ്. ഹിന്ദുത്വയെയും സവർക്കറെയും കുറിച്ച് എ ജി നൂറാനി എഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ വായിക്കാം: “1923-ൽ “ഹിന്ദുത്വം’ എന്ന ഉപന്യാസം എഴുതിയ വിനായക ദാമോദര സവർക്കർ, പണിപ്പെട്ടാണ് ആ പദം കണ്ടുപിടിച്ചത്. അന്ന് പലരും ഹിന്ദുമതമായി അതിനെ ധരിച്ചു. എന്നാൽ സ്വാമി വിവേകാനന്ദനോ സ്വാമി രാമതീർഥരോ മഹാന്മാരായ മറ്റ് മതവ്യാഖ്യാതാക്കളോ ഹിന്ദുത്വം എന്ന പദം ഉപയോഗിച്ചിരുന്നില്ല. ഹിന്ദുത്വം രാഷ്ട്രീയാശയമാണ്. മതവുമായി അതിന് ബന്ധമില്ല. മതദർശനവുമായി പരിചയം ഇല്ലാത്ത നിരീശ്വരവാദിയും വിദ്വേഷ രാഷ്ട്രീയത്തിനായി ചരിത്രത്തെ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു സവർക്കർ.’

എ ജി നൂറാനി പരാമർശിച്ച ഹിന്ദുത്വം എന്ന ഉപന്യാസമാണ് കണ്ണൂർ സർവകലാശാലയിൽ പാഠഭാഗമായി നിർദേശിക്കപ്പെട്ടത്. അന്തമാൻ ജയിലിൽ അടക്കപ്പെട്ട നാളുകളിലാണ് സവർക്കർ ഈ ലഘുകൃതി (ഹിന്ദുത്വം) എഴുതുന്നത്. “സിന്ധു നദി മുതൽ സമുദ്രം വരെ കിടക്കുന്ന ഭാരതവർഷ ഭൂമിയെ തന്റെ പിതൃഭൂമിയും പുണ്യഭൂമിയും അതായത് തന്റെ മതത്തിന്റെ തൊട്ടിലുമായി കരുതുന്നയാളാണ് ഹിന്ദു’ എന്നാണ് സവർക്കർ ആ കൃതിയിൽ ഹിന്ദുവിനെ നിർവചിക്കുന്നത്.

“ഈ നിർവചനം മറ്റു വിഭാഗങ്ങളെ അകറ്റിനിർത്തുന്ന രീതിയിലുള്ളതാണ്. ഇന്ത്യൻ മുസ്്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ദേശാഭിമാനം എപ്പോഴും താഴേക്കിടയിലുള്ളതും സംശയാസ്പദവുമാണ്. കാരണം അറേബ്യയിലും പലസ്തീനിലും വിശുദ്ധഭൂമികളുള്ള ഇവർക്ക് പിതൃഭൂമിയെയും പുണ്യഭൂമിയെയും ഒന്നായികാണാൻ സാധ്യമല്ല. ഈ വാദത്തെ വലിച്ചുനീട്ടാവുന്നതാണ്. ഗോൾവാൾക്കർ തന്റെ വിചാരധാരയിൽ കമ്മ്യൂണിസ്റ്റുകളെയും ഉൾപ്പെടുത്തി. സെക്കുലറിസം, ശാസ്ത്രം, ജനാധിപത്യം തുടങ്ങിയവയുടെ വക്താക്കളെയെല്ലാം ഇതേ ബ്രഷുപയോഗിച്ചു തന്നെ വരക്കാവുന്നതാണ്. കാരണം ഈ ആശയങ്ങൾ ആദ്യമുണ്ടായത് ആധുനിക പാശ്ചാത്യ ലോകത്താണല്ലോ’ (ആമുഖം, Khaki Shorts and Saffron Flags; A Critique of the Hindu Right). ഇന്ത്യയിൽ പിറവിയെടുത്ത മതങ്ങളുടെ വിശ്വാസികൾ അല്ലാത്ത എല്ലാവരെയും പിതൃഭൂമി- പുണ്യഭൂമി സങ്കൽപ്പം ഉയർത്തി രാഷ്ട്രവിഭാവനകളിൽ നിന്ന് പുറന്തള്ളുകയാണ് സവർക്കർ ചെയ്യുന്നത്. പൗരത്വഭേദഗതി പോലുള്ള നിയമനിർമാണങ്ങൾ പടക്കപ്പെടുന്നത് ഇതിന്റെ തുടർച്ചയായിത്തന്നെ കാണണം. സവർക്കറുടെ മേൽനിർവചനത്തെ ബി ആർ അബേദ്കർ സൂക്ഷ്മവിമർശത്തിന് വിധേയമാക്കിയതായി എ ജി നൂറാനി സവർക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

“ഇന്ത്യയെ പിതൃഭൂമിയും പുണ്യഭൂമിയും ആയി കരുതുന്നവർ മാത്രമേ ആ നിർവചനത്തിൽ ഒതുങ്ങുന്നുള്ളൂ. സവർക്കർ രണ്ട് ലക്ഷ്യം സ്ഥാപിക്കുന്നതിനാണ് ആ നിർവചനം രൂപപ്പെടുത്തിയത്. ഇന്ത്യയെ പുണ്യഭൂമിയായി കണക്കാക്കിയാലേ ഹിന്ദുവാകൂ എന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ മുസ്്ലിംകൾ, ക്രിസ്ത്യാനികൾ, ജൂതർ, പാഴ്‌സികൾ എന്നിവരെ ഒഴിവാക്കാം. പിന്നെ വേദവിശുദ്ധിയെ യോഗ്യതയായി പരിഗണിക്കാതെ ബുദ്ധ, സിഖ്, ജൈന മതക്കാരെ ഉൾപ്പെടുത്തുകയുമാവാം’ (അംബേദ്കർ- പാക്കിസ്താനും ഇന്ത്യാവിഭജനവും, 1946).

ഇപ്പോഴത്തെ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഇടക്കിടെ നടത്തുന്ന, ഇന്ത്യക്കാരെല്ലാം ഹിന്ദുക്കൾ ആണെന്ന പ്രസ്താവനയുടെ വേര് സവർക്കറിന്റെ നിർവചനത്തിലാണുള്ളത്. മക്കയെ വിശുദ്ധ ദേശമായും കഅ്ബയെ വിശുദ്ധ ഗേഹമായും കാണുന്ന മുസ്്ലിമിന് ഇന്ത്യക്കാരനാകാനാകില്ല, ജറുസലേമിൽ പുണ്യം ദർശിക്കുന്ന ക്രൈസ്തവനും ഇന്ത്യക്കാരനാകാൻ കഴിയില്ല- അപകടകരമായ ഈ വ്യാഖ്യാനമാണ് സവർക്കർ മുന്നോട്ടുവെക്കുന്നത്. “പൊതുരാഷ്ട്രം, പൊതുജാതി, പൊതുസംസ്‌കൃതി എന്നിവയാണ് ഹിന്ദുത്വത്തിന്റെ ഘടകങ്ങൾ. ഇതിന് ഹിന്ദുസ്ഥാൻ ഒരുവന്റെ പിതൃഭൂമി ആയാൽപ്പോരാ, പുണ്യഭൂമിയും ആകണം. ഹിന്ദുത്വത്തിന്റെ ആദ്യാംശം അടങ്ങിയ പദമാണ് പിതൃഭൂമി. സംസ്‌കൃതിയെ വഹിക്കുന്ന പദം പുണ്യഭൂമി. ആചാരങ്ങൾ, ചടങ്ങുകൾ, ആഘോഷങ്ങൾ, വൈദികവിധികൾ, പ്രാർഥനകൾ എന്നിവയാണ് സംസ്‌കാരം. അവയാണ് ഒരു രാജ്യത്തെ പുണ്യഭൂമിയാക്കുന്നത്’. സവർക്കർ പറയുന്നത് വളരെ വ്യക്തമാണ്. ഹിന്ദുമതാചാരങ്ങൾ പിന്തുടരാത്തവരും വേദങ്ങൾ ഉദ്ഘോഷിക്കുന്ന പ്രാർഥനകളും വിധികളും ജീവിതശീലമാക്കാത്തവരും ഈ നാടിന്റെ സംസ്‌കൃതി ഉൾകൊള്ളുന്നവരല്ല. അങ്ങനെയുള്ളവർക്ക് ഇന്ത്യയെ പുണ്യഭൂമിയായി കണക്കാക്കാനാകില്ല. അവരെ ഇന്ത്യക്കാരായി അംഗീകരിക്കാൻ ഹിന്ദുത്വർക്ക് കഴിയുകയുമില്ല. ഏകസിവിൽ കോഡ് ബി ജെ പിയുടെ മുഖ്യഅജൻഡയായി വരുന്ന വഴി ഏതെന്ന് മനസ്സിലാക്കാൻ ഇതുതന്നെ മതിയാകും. ആർ എസ് എസിന്റെ രാജ്യസ്‌നേഹ ആഖ്യാനങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രബല മതന്യൂനപക്ഷങ്ങൾ എങ്ങനെയാണ് പുറത്താക്കപ്പെടുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായി മാറുന്നുണ്ട് വി ഡി സവർക്കറുടെ “ഹിന്ദുത്വം; ആരാണ് ഹിന്ദു’ എന്ന ലഘുകൃതി. അത് കേരളത്തിലെ ഒരു സർവകലാശാലയിൽ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടന്നു എന്നതിനെക്കാൾ എന്തു നിന്ദ്യതയാണ് കേരളത്തിന് വന്നുഭവിക്കാനുള്ളത്?

ഇത് ഹിന്ദുത്വയുടെ തുടക്കക്കാരന്റെ കാര്യമെങ്കിൽ ഇതിനേക്കാൾ ഗുരുതരവും വിദ്വേഷജനകവുമാണ് ഗോൾവാൾക്കറുടെ രാഷ്ട്രസങ്കൽപ്പങ്ങൾ. മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത, ന്യൂനപക്ഷാഭിമുഖ്യം, മതസ്വാതന്ത്ര്യം തുടങ്ങി നമ്മുടെ രാജ്യം അഭിമാനകരമായി ഉയർത്തിപ്പിടിക്കുന്ന എല്ലാ മൂല്യങ്ങളുടെയും വിപരീത ദിശയിൽ ചിന്തിക്കുകയും അതിന്റെ പ്രയോഗവത്കരണത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തയാളാണ് ഗുരുജി എന്ന് സംഘ്പരിവാർ വിശേഷിപ്പിക്കുന്ന മാധവ സദാശിവ ഗോൾവാൾക്കർ. ആർ എസ് എസിന്റെ പ്രഥമ മേധാവി ഡോ. ഹെഡ്‌ഗേവാർ ആയിരുന്നെങ്കിലും ഹിന്ദുത്വയെ ഒരു പ്രത്യയശാസ്ത്രമായി സ്ഥാപിച്ചെടുക്കുന്നത് രണ്ടാം സർസംഘ് ചാലക് എം എസ് ഗോൾവാൾക്കറാണ്.

അപരദ്വേഷത്തിന്റെ അക്ഷരങ്ങൾ കൊണ്ട് ഗോൾവാൾക്കർ ഇന്ത്യയുടെ ജനാധിപത്യ ശരീരത്തിൽ നിരന്തരം മുറിവുകൾ സൃഷ്ടിച്ചു. ആ മുറിവുകളിൽ പിന്നെയും പിന്നെയും കത്തി കുത്തിയിറക്കി.

പരപീഡയിൽ ആനന്ദം കണ്ടെത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിന് സ്വീകാര്യത നേടിക്കൊടുക്കാനുള്ള ഏത് ശ്രമവും നിരുപാധികം തള്ളിക്കളയാൻ രാഷ്ട്രീയമായ കരുത്തുപ്രകടിപ്പിക്കേണ്ട കാലമാണിത്. നമ്മൾ കേരളീയരല്ലാതെ മറ്റാരാണ് അതിനു മുന്നിൽ നിൽക്കുക? ഹിന്ദുത്വയുടെ സ്വപ്നങ്ങൾക്ക് മറ്റാര് കാവലിരുന്നാലും കേരളം അത് ചെയ്തുകൂടാത്തതാണ്. നെഹ്റുവിന്റെയും അംബേദ്കറുടെയും ചിന്തകൾക്കൊപ്പം ചേർത്തുപഠിപ്പിക്കേണ്ട ആശയങ്ങളല്ല ഹിന്ദുത്വയുടേത്. ഗോൾവാൾക്കറുടെ നാം-നമ്മുടെ ദേശീയതയെ നിർവചിക്കപ്പെടുന്നു, വിചാരധാര എന്നീ പുസ്തകങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ ഇക്കാര്യം ബോധ്യമാകാവുന്നതേയുള്ളൂ.

---- facebook comment plugin here -----

Latest