Kerala
തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പര്‍ ക്രമക്കേട്; രണ്ട് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു
ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഉദ്യോഗസ്ഥന്മാരെ നിരീക്ഷിക്കാന്‍ നഗരസഭ ഓര്‍ഡര്‍ നല്‍കി

തിരുവനന്തപുരം | കോഴിക്കോടിന് പിറകെ തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പര്‍ ക്രമക്കേട് കണ്ടെത്തി. സംഭവത്തില്‍ രണ്ട് താത്കാലിക ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള ബില്‍ഡിംഗിന് അനധികൃതമായി കെട്ടിട നമ്പര്‍ നല്‍കിയെന്നാണ് കണ്ടെത്തിയത്.നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നഗരസഭയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മേയര്‍ എസ് ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തിരുവനന്തപുരം നഗരസഭയിലും ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഉദ്യോഗസ്ഥന്മാരെ നിരീക്ഷിക്കാന്‍ നഗരസഭ ഓര്‍ഡര്‍ നല്‍കി.
കോഴിക്കോട് കോര്‍പ്പറേഷനില്‍ നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. സെക്രട്ടറിയുടെ പാസ്‌വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.