International
യു എസ് നിര്‍ദേശങ്ങളോട് പ്രതികരിച്ചിട്ടില്ലെന്ന് ഇറാന്‍; ധാരണയിലെത്താന്‍ ഒരുക്കമല്ലെങ്കില്‍ ആക്രമണം പൂര്‍വാധികം ശക്തമാക്കുമെന്ന് ട്രംപ്
പാക് മധ്യസ്ഥന്‍ വഴി നയതന്ത്രപരമായ സന്ദേശങ്ങള്‍ കൈമാറുന്നത് തുടരുകയാണെന്ന് ഇറാന്‍.
തെഹ്‌റാന്‍/വാഷിങ്ടണ്‍ | പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഇറാന്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്. എന്നാല്‍, പാക് മധ്യസ്ഥന്‍ വഴി നയതന്ത്രപരമായ സന്ദേശങ്ങള്‍ കൈമാറുന്നത് തുടരുകയാണെന്ന് വക്താവ് പറഞ്ഞു.
അതേസമയം, ധാരണയിലെത്താന്‍ ഇറാന്‍ ഒരുക്കമല്ലെങ്കില്‍ വെടിനിര്‍ത്തലിനു മുമ്പത്തേതിനേക്കാള്‍ വലിയ തോതിലും വിപുലവുമായി ബോംബാക്രമണം സംഘടിപ്പിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ 2026 മെയ് മാസത്തില്‍ ആരംഭിച്ച ‘ഓപറേഷന്‍ പ്രോജക്ട് ഫ്രീഡം’ (Operation Project Freedom) സൈനിക നടപടി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ഇറാന്‍ പ്രതിനിധികളുമായി പൂര്‍ണവും അന്തിമവുമായ കരാറിലെത്തുന്നതില്‍ വലിയ പുരോഗതിയുണ്ടെന്നതിനാലാണ് ഓപറേഷന്‍ പ്രോജക്ട് ഫ്രീഡം നിര്‍ത്തിവെക്കുന്നതെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. തെഹ്‌റാനുമായി അന്തിമ ധാരണയിലെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചുരുങ്ങിയ കാലയളവിലേക്ക് സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരു പേജ് വരുന്ന ധാരണാ പത്രിക രൂപപ്പെടുത്തുന്നതിലേക്ക് ഇറാനും യു എസും അടുത്തുകൊണ്ടിരിക്കുകയാണെന്ന് സമാധാന പുനസ്ഥാപന ശ്രമങ്ങളില്‍ ഉള്‍പ്പെട്ട ഒരു പാക് വക്താവിനെ ഉദ്ധരിച്ച് ‘റോയിട്ടേഴ്‌സ്’ റിപോര്‍ട്ട് ചെയ്തു.







