International
യു എ ഇയിലെ ആക്രമണം; കാരണം യു എസ് സൈന്യത്തിന്റെ അപകടകരമായ അതിസാഹസികതയെന്ന് ഇറാന്‍
രാഷ്ട്രീയ പ്രതിസന്ധിക്ക് സൈനിക നീക്കത്തിലൂടെ പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് ഹോര്‍മുസിലെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
തെഹ്‌റാന്‍/വാഷിങ്ടണ്‍ | യു എസ് സൈന്യത്തിന്റെ അപകടകരമായ അതിസാഹസികതയാണ് യു എ ഇയില്‍ വീണ്ടും ആക്രമണം നടത്തേണ്ടി വന്നതിന് കാരണമായതെന്ന് ഇറാന്‍. ഒരു ഇറാനിയന്‍ സൈനികോദ്യോഗസ്ഥനാണ് ഔദ്യോഗിക മാധ്യമത്തിലൂടെ ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍, യു എ ഇയിലെ ഊര്‍ജ നിലയങ്ങള്‍ക്കു നേരെ ആസൂത്രിത ആക്രമണമൊന്നും നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
എന്നാല്‍, ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകര്‍ത്തതായി യു എ ഇ അധികൃതര്‍ വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഫുജൈറയിലെ ഒരു എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചതായും യു എ ഇ സൈന്യം വെളിപ്പെടുത്തി.
അതേസമയം, രാഷ്ട്രീയ പ്രതിസന്ധിക്ക് സൈനിക നീക്കത്തിലൂടെ പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് ഹോര്‍മുസിലെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. പാക് മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ യു എസ് നാവിക കപ്പലുകള്‍ ആക്രമിക്കപ്പെട്ടാല്‍ ഇറാനെ ഈ ഭൂമുഖത്ത് നിന്നുതന്നെ ഇല്ലാതാക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി. തങ്ങളുടെ വാണിജ്യ കപ്പലുകളെ തടയാന്‍ ശ്രമിച്ച ഇറാന്റെ നിരവധി ചെറുബോട്ടുകളെ കടലില്‍ മുക്കിയതായി യു എസ് സൈന്യവും പറഞ്ഞു.







