Kerala
ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല; നിലപാട് ആവര്‍ത്തിച്ച് വി ഡി സതീശന്‍
തിരുവനന്തപുരം | ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോഷക സംഘടനയെന്ന സ്റ്റാറ്റസ് അല്ല ഐ എന്‍ ടി യു സിക്കുള്ളത്. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐ എന്‍ ടി യു സി എന്നതില്‍ തര്‍ക്കമില്ല. അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐ എന്‍ ടി യു സിയെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കെ പി സി സി പ്രസിഡന്റുമായി ആലോചിച്ച ശേഷമാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ചങ്ങനാശ്ശേരിയിലെ ഐ എന്‍ ടി യു സി പരസ്യ പ്രതിഷേധത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും. പ്രതിഷേധത്തിനു പിന്നില്‍ കുത്തിത്തിരിപ്പ് സംഘമാണെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സതീശന്‍ ആരോപിച്ചു. മാണി സി കാപ്പനുമായി ഫോണില്‍ സംസാരിച്ചുവെന്നും അടുത്ത ദിവസം നേരില്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.