Connect with us

Editorial

പ്രഖ്യാപനത്തിലൊതുങ്ങി "ലഹരിമുക്ത കേരളം'

കേരളത്തെ ലഹരിമരുന്നു മുക്തമാക്കുമെന്ന് സർക്കാർ അടിക്കടി പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായി ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മയക്കു മരുന്നു കടത്തും വിൽപ്പനയും ഉപയോഗവും പൂർവോപരി വ്യാപകമാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ മയക്കുമരുന്നുകൾ ലഭിക്കുന്ന ഇടമായി മാറിയിട്ടുണ്ട് കേരളം.

Published

|

Last Updated

മയക്കുമരുന്ന് കേസിൽ ഒന്നര ഡസനോളം പേർ ആന്ധ്ര ജയിലുകളിൽ കഴിയുന്നതായി റിപോർട്ട്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വർധിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, സ്ഥിരം മരുന്ന് കടത്തു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഇവരിൽ പലരും ആന്ധ്രാ ജയിലിലാണെന്ന വിവരം എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആന്ധ്രയിൽ നടന്ന കർശന പരിശോധനയിലാണ് പലരും പിടിയിലായത്. അറസ്റ്റിലായ വിവരം ആന്ധ്രാ പോലീസ് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും മാനഹാനി ഭയന്ന് അവർ മറച്ചു വെക്കുകയായിരുന്നു.

നിലവിൽ ആന്ധ്രാപ്രദേശിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ ലഹരിമരുന്നുകൾ വരുന്നത്. അടുത്ത കാലത്തായി കസ്റ്റംസിന്റെയും പോലീസിന്റെയും പിടിയിലായ മിക്ക മയക്കുമരുന്ന് കേസിലെയും പ്രതികൾ തങ്ങൾ മയക്ക് മരുന്ന് വാങ്ങിയത് ആന്ധ്രയിൽ നിന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു. ട്രെയിൻ, പച്ചക്കറി വണ്ടി, ടാങ്കർ ലേറി, സ്വകാര്യ വാഹനങ്ങൾ, കൊറിയർ സർവീസ് തുടങ്ങിയ മാർഗങ്ങളിലൂടെയാണ് മയക്കുമരുന്ന് ലോബി കേരളത്തിലേക്ക് ലഹരി വസ്തുക്കൾ ഒഴുക്കുന്നത്. ആന്ധ്രാപ്രദേശ് വലിയൊരു മയക്കു മരുന്നു കേന്ദ്രമായി മാറിയിരിക്കുകയാണ് അടുത്ത കാലത്തായി. അഫ്ഗാൻ പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് കടൽ മാർഗം ഗുജറാത്തിലെത്തിച്ച് അവിടെ നിന്ന് വാഹനങ്ങൾ വഴിയും വിശാഖ പട്ടണം തുറമുഖം വഴിയും എത്തുന്നുണ്ട് ആന്ധ്രയിൽ. 2021ൽ മുണ്ഡ്ര തുറമുഖത്ത് നടന്ന മയക്കു മരുന്ന് വേട്ടയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ വിജയവാഡ ആസ്ഥാനമായുള്ള ഒരു കമ്പനി അഫ്ഗാനിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് ചരക്കെന്നാണ് അന്വേഷണത്തിൽ നിന്നു വ്യക്തമായത്. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കടത്തെന്ന് ആരോപണമുണ്ട്. ആന്ധ്രാപ്രദേശിലെ ചില ഉന്നത ഉദ്യോഗസ്ഥർക്ക് അഫ്ഗാനിലെ താലിബാനുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തത്തണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.

വൻതോതിൽ കഞ്ചാവ് കൃഷിയും നടക്കുന്നുണ്ട് ആന്ധ്രാപ്രദേശിൽ. ചുരുങ്ങിയത് നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ആന്ധ്രയിലെ കഞ്ചാവ് കൃഷി ചരിത്രത്തിനെന്നാണ് ഇതിനിടെ ആന്ധ്ര പോലീസുദ്യോഗസ്ഥർ പറഞ്ഞത്. വിശാഖപട്ടണം ജില്ലയുടെ ഉൾഗ്രാമങ്ങളിലും ആന്ധ്ര- ഒഡിഷ അതിർത്തി പ്രദേശങ്ങളിലുമാണ് കൃഷി കൂടുതലായി നടക്കുന്നത്. പോലീസിന് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. കർഷകരിൽ നല്ലൊരു പങ്ക് ആദിവാസികളാണ്. ആദിവാസികളിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരുമുണ്ട്.

കേരളത്തിൽ നിന്നുള്ള ചില മയക്കു മരുന്ന് ലോബികളുമുണ്ട് ആന്ധ്രയിലെ കർഷകരിൽ. അടുത്തിടെ പോലീസ് പിടിയിലായ കേരളത്തിലെ ഒരു പ്രമുഖ മയക്കുമരുന്ന് വ്യാപാരിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ, ആന്ധ്രാ പ്രദേശിൽ ആദിവാസികളുടെ അഞ്ചേക്കർ ഭൂമി പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി നടത്തുന്നതായി വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം തോട്ടം നടത്തിപ്പുകാരുമുണ്ട് ആന്ധ്ര ജയിലുകളിൽ അടക്കപ്പെട്ട മലയാളികളിൽ. 2022ൽ “ഓപറേഷൻ പരിവർത്തന’എന്ന പേരിൽ ആന്ധ്രാ പോലീസ് വൻ കഞ്ചാവ് വേട്ട നടത്തിയിരുന്നു. 200 മെട്രിക് ടൺ (രണ്ട് ലക്ഷം കി. ഗ്രാം) കഞ്ചാവാണ് അന്ന് ഉദ്യോഗസ്ഥർ വെട്ടി തീയിട്ടത്.
പ്രാഥമികാന്വേഷണം അനുസരിച്ചുളള വിവരങ്ങളാണിപ്പോൾ ആന്ധ്രാ ജയിലുകളിൽ കഴിയുന്ന മലയാളികളെ സംബന്ധിച്ച് കേരള എക്‌സൈസിന്റെയും പോലീസിന്റെയും കൈവശമുള്ളത്. കൂടുതൽ അന്വേഷണം നടത്തിയാൽ അറസ്റ്റിലായ മലയാളികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ഉദ്യോസ്ഥർ പറയുന്നു. കേരളത്തിലെ മയക്കുമരുന്ന് വ്യാപാരത്തിലെ അന്തർ സംസ്ഥാന ബന്ധത്തിലേക്കും സംസ്ഥാനത്തെ മയക്കു മരുന്ന് കടത്തിന്റെ വ്യാപനത്തിത്തിലേക്കും വിരൽ ചൂണ്ടുന്നതാണ് എക്‌സൈസിന്റെ വെളിപ്പെടുത്തൽ. വൻതോതിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിവിധ തരം മയക്കു മരുന്നുകൾ എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തെ ലഹരിമരുന്ന് മുക്തമാക്കുമെന്ന് സർക്കാർ അടിക്കടി പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായി “നോ ടു ഡ്രഗ്‌സ്’ പോലുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മയക്കു മരുന്ന് കടത്തും വിൽപ്പനയും ഉപയോഗവും പൂർവോപരി വ്യാപകമാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ മയക്കുമരുന്നുകൾ ലഭിക്കുന്ന ഇടമായി മാറിയിട്ടുണ്ട് കേരളം. കൊക്കൈൻ, എം ഡി എം എ, ഹഷീഷ്, എൽ എസ് ഡി സ്റ്റാമ്പ് തുടങ്ങിയ എല്ലായിനവും ഇവിടെ ലഭ്യമാണ്. ഹോട്ടലുകളിലെ പാർട്ടികളിൽ മദ്യത്തിന് പകരം വിതരണം ചെയ്യപ്പെടുന്നത് അപകടകാരികളായ ലഹരി മരുന്നുകളാണ്.

കേരളത്തിൽ ക്രിമിനൽ കേസുകൾ ക്രമാതീതമായി വർധിച്ചതിന്റെ കാരണങ്ങൾ അന്വേഷിച്ച് ചെല്ലുമ്പോൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും യഥേഷ്ട ലഭ്യതയാണ് ഒന്നാം പ്രതിസ്ഥാനത്ത് കാണപ്പെടുന്നത്. എന്തുതരം ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത അവസ്ഥയിലേക്ക് യുവതയെ എത്തിക്കുകയാണ് ലഹരിവസ്തുക്കൾ. മയക്കുമരുന്ന് തലച്ചോറിനെ ബാധിക്കുന്നതായി മനോരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേരളത്തിലെ മയക്കുമരുന്ന് കേസുകളിൽ ചെറിയൊരു ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. പിടി ക്കപ്പെടുന്നവയിൽ തന്നെ കർശന നടപടയുണ്ടാകാറുമില്ല. മാത്രമല്ല ലഹരിമരുന്ന് ലോബി- പോലീസ് അവിഹിത ബന്ധത്തെ തുടർന്ന് കേസ് അട്ടിമറിക്കപ്പെടുന്നതും സാധാരണം.

എറണാകുളം കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് കോടികളുടെ മയക്കു മരുന്ന് പിടിച്ച കേസ് ഒതുക്കിത്തീർക്കാൻ എക്‌സൈസിലെ ഒരു വിഭാഗം നടത്തിയ കളി പുറത്തുവന്നതാണല്ലോ. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് മഹസ്സറിൽ കുറച്ചുകാണിക്കുകയും രണ്ട് പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥ വിഭാഗം ഉത്തരവാദിത്വ ബോധത്തോടെ ചുമതല നിർവഹിക്കുകയും ശിക്ഷാനടപടി കൂടുതൽ കർശനമാക്കുകയും ചെയ്യുന്നില്ലെങ്കിൽ ലഹരിയിൽ മുങ്ങിത്താഴും കേരളം.