Kozhikode
സുസ്ഥിര വികസന അന്താരാഷ്ട്ര സമ്മേളനം: നോളജ് സിറ്റിയെ പ്രതിനിധീകരിച്ച് ഡോ. അബ്ദുസ്സലാം മുഹമ്മദ്
'മര്‍കസ് നോളജ് സിറ്റിയെ മാതൃകയാക്കി നൂതന സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള വികസന തന്ത്രങ്ങള്‍' എന്ന വിഷയത്തിലായിരുന്നു ഡോ. അബ്ദസ്സലാം മുഹമ്മദിന്റെ പ്രസംഗം.

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ മര്‍കസ് നോളജ് സിറ്റിയെ പ്രതിനിധീകരിച്ച് സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ് പ്രസംഗിക്കുന്നു.
ജനീവ | സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ മര്‍കസ് നോളജ് സിറ്റിയെ പ്രതിനിധീകരിച്ച് സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ് പ്രസംഗിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് അസ്സോസിയേഷന്‍ ഫോര്‍ സസ്റ്റൈനബ്ള്‍ ഡെവലപ്മെന്റ് (വസ്ദ്) എന്ന കൂട്ടായ്മയുടെ 22ാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഡോ. അബ്ദുസ്സലാം സംസാരിച്ചത്. ‘മര്‍കസ് നോളജ് സിറ്റിയെ മാതൃകയാക്കി നൂതന സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള വികസന തന്ത്രങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു ഡോ. അബ്ദസ്സലാം മുഹമ്മദിന്റെ പ്രസംഗം.
സുസ്ഥിര വികസനത്തിനായുള്ള മര്‍കസ് നോളജ് സിറ്റിയുടെ ഇടപെടലുകളാണ് ഡോ. അബ്ദുസ്സലാം അവതരണത്തില്‍ എടുത്തുപറഞ്ഞത്. വികസ്വര സമൂഹത്തെ സൃഷ്ടിക്കുന്നതിനായി സ്പെഷ്യല്‍ പ്ലാനിംഗ്, പരിസ്ഥിതി അവബോധം, ആധുനിക സാങ്കേതികവിദ്യ എന്നിവ നോളജ് സിറ്റി സമന്വയിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച്, യു എന്‍-എസ് ഡി ജിയുടെ 11-ാം ഗോളിന് നോളജ് സിറ്റി ഊന്നല്‍ നല്‍കുന്നതായും ഡോ. സലാം പറഞ്ഞു.
വിദ്യാഭ്യാസം, സംസ്‌കാരം, പാര്‍പ്പിടം, വാണിജ്യം, കൃഷി, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് നോളജ് സിറ്റി. സുസ്ഥിര ഭാവിയുടെ പ്രധാന തൂണുകളായി വിദ്യാഭ്യാസത്തിനും സമൂഹ നിര്‍മാണത്തിനുമുള്ള നോളജ് സിറ്റിയുടെ പ്രതിബദ്ധത ഡോ. സലാം ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന Higher Education: new models and frameworks for the future എന്ന സെഷന്‍ നയിച്ചിരുന്നതും അദ്ദേഹമായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതികളില്‍ ഏഴെണ്ണം മര്‍കസ് നോളജ് സിറ്റിയില്‍ നടപ്പാക്കിയിട്ടുണ്ട്. കൂടാതെ, ഐ സി സി എന്‍ ഉള്‍പ്പെടെയുള്ള വിവിധ യു എന്‍ ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ നേടിയ മര്‍കസ് നോളജ് സിറ്റിക്ക് വലിയൊരു അംഗീകാരമാണ് സമ്മേളനത്തിലൂടെ ലഭിച്ചിരിക്കുന്നത്.