Connect with us

Business

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഇനി ഞൊടിയിടയിൽ പണമയക്കാം; സംവിധാനം ഉടൻ

ഇരുരാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ തങ്ങളുടെ ഡിജിറ്റൽ കറൻസികൾ തമ്മിൽ ബന്ധിപ്പിക്കാൻ ഒരുങ്ങുന്നു

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിൽനിന്ന് യു എ ഇയിലേക്ക് ഇനി നിമിഷനേരം കൊണ്ട് പണമയക്കാം. ഇരുരാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ തങ്ങളുടെ ഡിജിറ്റൽ കറൻസികൾ തമ്മിൽ ബന്ധിപ്പിക്കാൻ ഒരുങ്ങുന്നതോടെയാണിത്. ബാങ്കിംഗ് ചാനലുകളുടെ നൂലാമാലകളില്ലാതെ ഡിജിറ്റൽ വാലറ്റുകൾ വഴി നേരിട്ട് പണം കൈമാറാൻ കഴിയുന്ന സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്.

യു എ ഇയിലെ സെൻട്രൽ ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ ദിർഹവും റിസർവ് ബാങ്കിന്റെ ഇ-രൂപയും (e-Rupee) തമ്മിൽ ബന്ധിപ്പിക്കുന്നതോടെ അതിർത്തി കടന്നുള്ള പണമിടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യവുമാകും. നിലവിൽ ബാങ്കുകൾ വഴിയുള്ള അന്താരാഷ്ട്ര പണമിടപാടുകൾക്ക് സമയതാമസവും അധിക ചാർജുകളും നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ഡിജിറ്റൽ കറൻസി സംവിധാനം വരുന്നതോടെ ഒരു വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് പണം എത്തും.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശ പണമൊഴുക്ക് നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യു എ ഇ. ആകെ പ്രവാസി നിക്ഷേപത്തിന്റെ 19.2 ശതമാനവും യു എ ഇയിൽ നിന്നാണ്. നാല്പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് അവിടെ ജോലി ചെയ്യുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നത് ഇവർക്ക് വലിയ ആശ്വാസമാകും. ലുലു ഗ്രൂപ്പ്, ഡി പി വേൾഡ് തുടങ്ങിയ യു എ ഇ കമ്പനികൾ ഇന്ത്യയിലും ടാറ്റ, റിലയൻസ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ യു എ ഇയിലും സജീവമായതിനാൽ ബിസിനസ് ഇടപാടുകൾക്കും ഇത് കരുത്തേകും.

ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ ഇ-രൂപ 2022-ലാണ് ആർ ബി ഐ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത്. നിലവിൽ എൺപത് ലക്ഷത്തിലധികം ആളുകൾ ഇ-രൂപ ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റൽ ദിർഹം 2024-ലാണ് യു എ ഇ ഔദ്യോഗികമായി പുറത്തിറക്കിയത്. ഈ രണ്ട് സംവിധാനങ്ങളും കോർത്തിണക്കുന്നതോടെ ഗൾഫ് പ്രവാസികളുടെ പണമയക്കൽ രീതിയിൽ വിപ്ലവകരമായ മാറ്റമുണ്ടാകും.

 

Summary

India and the UAE are collaborating to link their central bank digital currencies (CBDCs) to enable near-instant cross-border money transfers. This system will allow direct fund movements between digital wallets, bypassing traditional banking intermediaries and reducing transaction time. Given that the UAE accounts for nearly 20% of India’s total remittances, this digital integration will significantly benefit millions of Indian expatriates and businesses operating in both nations.

Latest