editorial
ഓൺലൈൻ തട്ടിപ്പിന് നൂതന വഴികൾ
നിരന്തര ശ്രദ്ധയും ജാഗ്രതയും മാത്രമാണ് ഇത്തരം തട്ടിപ്പിൽ കുടുങ്ങാതിരിക്കാനുള്ള മാർഗം. ഏതൊരു ബിസിനസ്സിലെയും ലാഭത്തിന് പരിധിയുണ്ട്. പരിധിയിൽ കവിഞ്ഞ ലാഭം വാഗ്ദാനം ചെയ്യുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.

സൈബർ തട്ടിപ്പുകളെക്കുറിച്ച് പോലീസ് വകുപ്പിന്റെയും സൈബർ വിദഗ്ധരുടെയും മുന്നറിയിപ്പും ബോധവത്കരണവും ശക്തമായതോടെ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് തട്ടിപ്പുകാർ.
പോലീസിന്റെയും വിവിധ മന്ത്രാലയങ്ങളുടെയുമെല്ലാം പേരിലാണ് ഇപ്പോൾ തട്ടിപ്പുകൾ അരങ്ങേറുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ലോഗോ ഡിസ്‌പ്ലേ വെച്ചുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് ഓൺലൈൻ പിഴയും ഇ ചെലാനും അടയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള മെസ്സേജ് പലരുടെയും ഫോണുകളിലേക്ക് വരികയുണ്ടായി. പിഴ അടയ്ക്കുന്നതിനു ക്ലിക്ക് ചെയ്യേണ്ട ലിങ്കും ചേർത്തിരുന്നു ഈ സന്ദേശത്തിൽ. പ്രസ്തുത ലിങ്ക് ഓപൺ ചെയ്യുമ്പോൾ പ്ലേ സ്റ്റോറിലേക്ക് പോകുകയും ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അത് ഇൻസ്റ്റാൾ ചെയ്താൽ പെട്ടതു തന്നെ. ആ വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടും. അക്കൗണ്ട് ഉടമയുടെ മറ്റു വിവരങ്ങളും തട്ടിപ്പുകാർ കൈക്കലാക്കും. നിരവധി പേർ അകപ്പെട്ടിട്ടുണ്ട് ഈ തട്ടിപ്പിൽ.
കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനെ പ്രമോട്ടറായി കാണിക്കുന്ന നിക്ഷേപ പദ്ധതിയെക്കുറിച്ച് വാട്‌സ്ആപ്പുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു ഇതിനിടെ. നിർമലാ സീതാരാമൻ ഒരു നിക്ഷേപക സംഗമത്തിൽ പ്രസംഗിക്കുന്നതിന്റെ ദൃശ്യമടക്കം ചേർത്തുള്ള വീഡിയോ ആണ് തട്ടിപ്പുകാർ ഇറക്കിയത്. പദ്ധതിയിൽ നിക്ഷേപിച്ചാൽ വൻലാഭം ലഭിക്കുമെന്നാണ് അവകാശവാദം. കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന് പരിചയപ്പെടുത്തുന്ന വ്യക്തി, ചെറിയ തോതിൽ നിക്ഷേപം ആരംഭിക്കാൻ ആവശ്യപ്പെടുകയും ഒരു മാസം കൊണ്ട് അഞ്ച് മടങ്ങ് വരെ ലാഭം വാഗ്ദാനം ചെയ്യുന്നുമുണ്ട്. തങ്ങളുടെ വ്യാജ വെബ്‌പേജ് ആധികാരികമാണെന്ന് വരുത്തിത്തീർക്കാൻ ടൈംസ് ഓഫ് ഇന്ത്യയുടെ ഡിസൈനും ബ്രാൻഡിംഗും ഉപയോഗിച്ചാണ് അത് സെറ്റ് ചെയ്തിരിക്കുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ച്, വ്യാജമെന്ന് തിരിച്ചറിയാനാകാത്ത വിധം വിദഗ്ധമായാണ് സന്ദേശം തയ്യാറാക്കിയത്. ഇവരുടെ തട്ടിപ്പിൽ വീണ ഹൈദരാബാദുകാരിക്ക് 20 ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. ഗൂഗിൾപേ വഴി ചെറിയ സംഖ്യകൾ അയച്ച് അത് തിരിച്ചയക്കാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ മറ്റൊരു വഴി. പണം തിരിച്ചയക്കാൻ ക്യൂ ആർ കോഡും അയച്ചിരിക്കും. അവർ അയച്ചതിനേക്കാൾ കൂടിയ തുകയായിരിക്കും ക്യൂ ആർ കോഡിൽ സെറ്റ് ചെയ്തിരിക്കുക. മക്കളുടെയോ അടുത്ത കുടുംബക്കാരുടെയോ സുഹൃത്തുക്കളെന്ന് പരിചയപ്പെടുത്തി അത്യാവശ്യ കാര്യങ്ങൾ പറഞ്ഞ് പണമാവശ്യപ്പെട്ട് സന്ദേശമയക്കുന്ന സംഭവങ്ങളും റിപോർട്ട് ചെയ്യപ്പെടുന്നു.
വൃക്ക മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പുകളിലും മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങളിലും വരെയുണ്ട് വ്യാജന്മാർ. ഉത്ബുദ്ധരെന്നും സാക്ഷരരെന്നും അവകാശപ്പെടുന്ന മലയാളികൾ ധാരാളമായി അകപ്പെടുന്നുണ്ട് ഓൺലൈൻ തട്ടിപ്പിലെന്നതാണ് ഖേദകരം. ഡോക്ടർമാർ, എൻജിനീയർമാർ, റിട്ട. ഉദ്യോഗസ്ഥർ തുടങ്ങി വിദ്യാസമ്പന്നരും ഉന്നത തലങ്ങളിലുള്ളവരുമുണ്ട് ഇരകളിൽ. തിരുവനന്തപുരം കവടിയാർ സ്വദേശിയായ എൻജിനീയർ രണ്ട് തവണയാണ് തട്ടിപ്പിനിരയായത്. ഓൺലൈൻ ട്രേഡിംഗിൽ വൻലാഭം വാഗ്ദാനം ചെയ്തതായി ശ്രദ്ധയിൽപ്പെട്ട അദ്ദേഹത്തിന് അതിൽ ചേർന്നപ്പോൾ മൂന്നര കോടി നഷ്ടമായി. അദ്ദേഹം പോലീസിൽ പരാതി നൽകി. ഈ കേസ് പോലീസ് അന്വേഷിച്ചുകൊണ്ടരിക്കെയാണ് എൻജിനീയർ മറ്റൊരു ഓൺലൈൻ ഫോമിൽ നിന്ന് പുതിയൊരു നിക്ഷേപ പദ്ധതിയെക്കുറിച്ചറിഞ്ഞത്. അതിലും അദ്ദേഹം നിക്ഷേപം നടത്തി. ഇത്തവണ അദ്ദേഹത്തിന് നഷ്ടമായത് പന്ത്രണ്ട് കോടി രൂപയിലേറെയാണ്.
അടുത്തിടെ കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമക്ക് 25 കോടി രൂപയാണ് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത്. ഇത്തരം തട്ടിപ്പുകൾ ഓരോ വർഷവും വർധിച്ചുവരികയാണ്. 2022ൽ 1,36,604 സൈബർ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2023ൽ ഇത് 5,13,334 ആയി ഉയർന്നു. 2024ൽ 11,29,519 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക അവലോകന റിപോർട്ടിലെ കണക്കുകളാണിത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 4,29,152 ഫോൺ കണക്്ഷനുകൾ ബ്ലോക്ക് ചെയ്തു ഈ മൂന്ന് വർഷക്കാലയളവിൽ. 69,921 മൊബൈൽ ഡിവൈസുകൾ ലോക്ക് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപോർട്ടിൽ പറയുന്നു. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള അഞ്ച് മാസങ്ങൾക്കിടെ സൈബർ തട്ടിപ്പ് വഴി ഇന്ത്യൻ പൗരന്മാർക്ക് നഷ്ടമായത് 7,000 കോടി രൂപയാണ്. മാസത്തിൽ ശരാശരി 1,400 കോടി രൂപ തട്ടിപ്പ് വീരന്മാർ അടിച്ചെടുത്തു.
വിദേശ രാഷ്ട്രങ്ങളിൽ ചൈനീസ് സൈബർ വിദഗ്ധർ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളിൽ നിന്നാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നതെന്നാണ് ഇന്ത്യൻ സൈബർ ക്രൈം കോ- ഓർഡിനേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്ത്യക്കാരിൽ നിന്ന് അടിച്ചെടുക്കുന്ന പണത്തിന്റെ പകുതിയിലേറെയും തായ്‌ലാൻഡ്, കംബോഡിയ, വിയറ്റ്‌നാം, മ്യാന്മർ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോയത്. ഇന്ത്യക്കാരും ജോലി ചെയ്യുന്നുണ്ട് വിദേശരാഷ്ട്രങ്ങളിലെ ഈ തട്ടിപ്പ് കേന്ദ്രങ്ങളിൽ. മികച്ച ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്. കംബോഡിയയിൽ അയ്യായിരത്തോളം ഇന്ത്യക്കാർ ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരുന്നതായാണ് വിവരം.
നിരന്തര ശ്രദ്ധയും ജാഗ്രതയും മാത്രമാണ് ഇത്തരം തട്ടിപ്പിൽ കുടുങ്ങാതിരിക്കാനുള്ള മാർഗം. ഏതൊരു ബിസിനസ്സിലെയും ലാഭത്തിന് പരിധിയുണ്ട്. പരിധിയിൽ കവിഞ്ഞ ലാഭം വാഗ്ദാനം ചെയ്യുന്നവരെ ഒരിക്കലും വിശ്വസിക്കരുത്. പേമെന്റ്ആപ്പുകൾ വഴി അബദ്ധത്തിൽ പണമയച്ചതായി സന്ദേശം കിട്ടിയാൽ, അവരോട് എൻ സി പി ഐ (നാഷനൽ പേമെന്റ്കോർപറേഷൻ ഓഫ് ഇന്ത്യ)യിൽ പരാതിപ്പെടാൻ ആവശ്യപ്പെടുകയല്ലാതെ നേരിട്ട് പണം തിരിച്ചയക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.