Connect with us

Kerala

വിലക്കയറ്റം: ആടിയുലഞ്ഞ് കുടുംബ ബജറ്റ്

ഒടുവിൽ വെള്ളകരവും ഉയർത്തി

Published

|

Last Updated

കോഴിക്കോട് | അവശ്യസാധന വിലക്കയറ്റത്തില്‍ ആടിയുലഞ്ഞ് കുടുംബ ബജറ്റ്. ഒടുവിലായി വെള്ളക്കരവും ഉയര്‍ത്തിയതോടെ എങ്ങനെ മുന്നോട്ട് പോകുമെന്ന ആധിയിലാണ് ഓരോ കുടുംബവും.

അരിയുള്‍പ്പടെയുള്ളവയുടെ വില ഉയര്‍ന്നതിന് പുറമെ പാചക വാതകത്തിനും ഇന്ധനത്തിനും കത്തുന്ന വിലയാണ്. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ പാചകകവാതകത്തിനും വില വര്‍ധിച്ചു. ശരാശരി 1,200നടുത്താണ് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് വില അടിക്കടി വര്‍ധിച്ചതോടെ ഹോട്ടലുകളും വില കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.
ഇടക്ക് വില കുറക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ദിവസം പ്രതി വില വര്‍ധിപ്പിക്കാന്‍ ആരംഭിച്ചതോടെ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുകയാണ്. സോപ്പ്, സോപ്പുപൊടി തുടങ്ങിയ സാധനങ്ങള്‍ക്ക് പത്ത് മുതല്‍ 20 രൂപവരെ വര്‍ധിപ്പിച്ചു.

വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയതെങ്കിലും ഫലത്തില്‍ വന്‍വര്‍ധനവാണിത്. സാധാരണ ഒരു കുടുംബം വെള്ളത്തിനായി നിലവിലുള്ളതിൻ്റെ ഇരട്ടിയിലേറെ തുകയാണ് സര്‍ക്കാറിന് ഇനി നല്‍കേണ്ടിവരിക. വെള്ളത്തിന് ഏറ്റവും കുടൂതല്‍ ആവശ്യമേറുന്ന അടുത്ത ഏപ്രിലോടെയാകും നിരക്ക് പ്രാബല്യത്തിലാകുക. ശരാശരി 20,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന കുടുംബം ഇനിമുതല്‍ നിലവിലുള്ളതിൻ്റെ ഇരട്ടിയിലേറെ വില നല്‍കേണ്ടി വരും.

ഒരു ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോള്‍ 1,000 ലിറ്ററിന് കൂടുക പത്ത് രൂപയാണ്. 5,000 ലിറ്റര്‍ വരെ ഗാര്‍ഹിക ഉപഭോഗത്തിന് മിനിമം ചാര്‍ജായി നിലവില്‍ ഈടാക്കുന്നത് 22.05 രൂപയാണ്. ഇത് അന്പത് രൂപ വര്‍ധിച്ച് 72.05 രൂപയാകും.10,000 ലിറ്റര്‍ ഉപഭോഗത്തിന് ഇപ്പോള്‍ നല്‍കേണ്ടത് 44.10 രൂപയാണ്. ഇത് നൂറ് രൂപ കൂടി 144.10 രൂപയാകും.15,000 ലിറ്ററിനാകട്ടെ 71.65 പൈസയായിരുന്നു പഴയനിരക്ക് ഇത് ഇരട്ടിയിലേറെ വര്‍ധിക്കും.

ഇതിന് പുറമെ മരുന്ന്, വൈദ്യുതി, വെള്ളം, ഭൂനികുതി, വീട്ടുനികുതി, ബസ് ചാര്‍ജ്, ടാക്‌സി ചാര്‍ജ് എന്നിവയുടെയെല്ലാം വര്‍ധനയും ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. അരിവില വര്‍ധിച്ചാല്‍ തന്നെ കുടുംബ ബജറ്റ് തകിടം മറിയുമെന്നിരിക്കെയാണ് മറ്റ് അവശ്യ വസ്തുക്കളും കൈ പൊള്ളിക്കുന്നത്. ഇങ്ങനെ പോയാല്‍ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സാധാരണക്കാരുടെ ചോദ്യം.

Latest