Connect with us

indian utsav

ലുലു ഹൈപര്‍മാര്‍ക്കറ്റിൽ ഇന്ത്യന്‍ ഉത്സവ് മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു

വലിയ പ്രദര്‍ശന മതിലിന്റെ ചിത്രം മന്ത്രി ട്വീറ്റ് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിൽ  ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിപണന മേള “ഇന്ത്യന്‍ ഉത്സവ്” കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. 2023 മുതല്‍ ഇന്ത്യന്‍ ധാന്യമായ തിനയുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിവിധ തരം തിനകളും ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പ്രചരിപ്പിക്കാനുള്ള പ്രത്യേക കാമ്പയിനും മന്ത്രി ഉദ്ഘാടനം ചെയ്തു. റിയാദ് മുറബ്ബ അവന്യൂ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലി,  ലുലു സഊദി ഡയറക്ടർ ശഹീം മുഹമ്മദ്, എംബസ്സി ഉദ്യോഗസ്ഥർ സംബന്ധിച്ചു.

പതിനായിരത്തോളം ഇന്ത്യന്‍ ഭക്ഷ്യോത്പന്നങ്ങളുടെ ഈ പ്രദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയ ഇന്ത്യ ദി ഫുഡ് ബാസ്‌കറ്റ് ഓഫ് ദ വേള്‍ഡ് എന്ന വലിയ പ്രദര്‍ശന മതിലിന്റെ ചിത്രം മന്ത്രി ട്വീറ്റ് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പുതിയ ബ്രാന്‍ഡുകളായ വാദിലാല്‍, ലാസ, അഗ്രോ സ്‌പെഷ്യല്‍, എവറസ്റ്റ്, ഗോവിന്ദ്, ദി ഗ്രീക്ക് സ്‌നാക്ക് കമ്പനി എന്നിവയുടെ ഉത്പന്നങ്ങള്‍ ഉത്സവത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സൗന്ദര്യവര്‍ധക വസ്തുക്കളും പഴങ്ങളും പച്ചക്കറികളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമായി 7,500 ഓളം ഉത്പന്നങ്ങള്‍ക്ക് പ്രത്യേക പ്രമോഷനുമുണ്ട്.

ഇന്ത്യയുടെയും സഊദിയുടെയും സാമ്പത്തിക ലക്ഷ്യങ്ങളുമായും ഉഭയകക്ഷി ബന്ധങ്ങളുമായും ചേര്‍ന്നുനില്‍ക്കുന്നതാണ് ലുലുവിന്റെ വീക്ഷണവും വികസനവുമെന്ന് എം എ യൂസുഫലി പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങൾ കൂടുതലായി ഗൾഫ് രാജ്യങ്ങളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ലുലുവിന്റെ ഭക്ഷ്യ സ്രോതസ്സുകളും ലോജിസ്റ്റിക് സെന്ററുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും ലുലുവിന്റെ സ്വന്തം ലേബല്‍ ഭക്ഷ്യ ഉത്പന്നങ്ങളും ഇന്ത്യയുടെ സമ്പന്നമായ തുണിത്തര വ്യവസായവും ഭക്ഷ്യ വൈവിധ്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക്കുന്നതാണ് ഇന്ത്യന്‍ ഉത്സവിന്റെ പ്രത്യേകത.