Connect with us

National

കരസേനയുടെ ആധുനികവത്ക്കരണം: 'വിജയ്' കര്‍മ പദ്ധതി പ്രഖ്യാപിച്ച് പുതിയ മേധാവി

പുതിയ യുദ്ധമുഖങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ സേനയില്‍ മാറ്റം കൊണ്ടുവരും. വ്യോമ-നാവിക സേനകളുമായി സഹകരിച്ച് മുന്നോട്ട് പോകും.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ കരസേനയുടെ ആധുനികവത്ക്കരണത്തിന് ‘വിജയ്’ (VIJAY) കര്‍മ പദ്ധതി പ്രഖ്യാപിച്ച് പുതിയ സേനാ മേധാവി ജനറല്‍ ധീരജ് സേത്ത്. സേനയെ ആധുനീകരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. പുതിയ യുദ്ധമുഖങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ സേനയില്‍ മാറ്റം കൊണ്ടുവരും. വ്യോമ-നാവിക സേനകളുമായി സഹകരിച്ച് മുന്നോട്ട് പോകും. ഏതു വെല്ലുവിളിയും നേരിടാന്‍ കരസേന സജ്ജമാണെന്നും ധീരജ് സേത്ത് വ്യക്തമാക്കി.

കരസേനാ മേധാവിയായി ഇന്നലെ ചുമതലയേറ്റ അദ്ദേഹത്തിന് ആചാരപരമായ വരവേല്‍പ്പ് നല്‍കി. 1986 ഡിസംബര്‍ 20 ന് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ജനറല്‍ ഓഫീസര്‍ സെക്കന്‍ഡ് ലാന്‍സറിലേക്ക് (ഗാര്‍ഡ്നേഴ്സ് ഹോഴ്സ്) ധീരജ് സേത്ത് കമ്മീഷന്‍ ചെയ്യപ്പെട്ടു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ നിരവധി കമാന്‍ഡ്, സ്റ്റാഫ്, ഇന്‍സ്ട്രക്ഷണല്‍ നിയമനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. ചെയ്തു. ജനറല്‍ സേത്ത് രണ്ടാം ലാന്‍സര്‍മാരില്‍ നിന്നുള്ള മൂന്നാമത്തെ കരസേനാ മേധാവിയും ആംഡ് കോര്‍പ്‌സില്‍ നിന്നുള്ള ഏഴാമത്തെ സി ഒ എ എസുമാണ്. 98-ാം ആംഡ് ബ്രിഗേഡായ സ്‌കിന്നേഴ്സ് ഹോഴ്സിനെ കമാന്‍ഡ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ യൂണിഫോം ഫോഴ്സിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗായിരുന്നു. ഒരു സ്വതന്ത്ര ആംഡ് ബ്രിഗേഡിന്റെ ബ്രിഗേഡ് മേജര്‍, മിലിട്ടറി സെക്രട്ടറിയുടെ ബ്രാഞ്ചില്‍ അസിസ്റ്റന്റ് മിലിട്ടറി സെക്രട്ടറി, സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡില്‍ ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫ് (ഓപറേഷന്‍സ്), സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടറേറ്റില്‍ ബ്രിഗേഡിയര്‍ പെര്‍സ്‌പെക്റ്റീവ് പ്ലാനര്‍, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995 മുതല്‍ 1996 വരെ ഐക്യരാഷ്ട്രസഭ അംഗോള വെരിഫിക്കേഷന്‍ മിഷന്‍ കകക ല്‍ ഓപറേഷന്‍സ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ ഡി എ) ഇന്‍സ്ട്രക്ടറായും അസിസ്റ്റന്റ് അഡ്ജസ്റ്റന്റായും അഹമ്മദ്നഗറിലെ സ്‌കൂള്‍ ഓഫ് ആംഡ് വാര്‍ഫെയറില്‍ ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചു.

ലെഫ്റ്റനന്റ് ജനറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ന്യൂഡല്‍ഹിയിലെ ആര്‍മി ആസ്ഥാനത്ത് ഡയറക്ടര്‍ ജനറലിന്റെ (ഡിസിപ്ലൈന്‍, സെറിമോണിയല്‍ ആന്‍ഡ് വെല്‍ഫെയര്‍) നിയമനം ഏറ്റെടുത്തു. 2021 ജൂലൈ 31-ന് തത1 കോര്‍പ്‌സിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗായി ചുമതലയേറ്റു. തുടര്‍ന്ന് 2022 ആഗസ്റ്റില്‍ ഡല്‍ഹി ഏരിയയുടെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗായി നിയമിതനായി.

2023 ഒക്ടോബര്‍ 31-ന് വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ ബി സ് രാജുവിന് ശേഷം 2023 നവംബര്‍ ഒന്നിന്, സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി ലെഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു. 2024 ജൂലൈ ഒന്നിന്, ലെഫ്റ്റനന്റ് ജനറല്‍ അജയ് കുമാര്‍ സിംഗിന് ശേഷം അദ്ദേഹം സതേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി നിയമിക്കപ്പെട്ടു. 2026 മാര്‍ച്ച് 31-ന് അദ്ദേഹം കമാന്‍ഡിംഗ് സ്ഥാനം രാജിവച്ചു. ഓപറേഷന്‍ സിന്ദൂരിലെ വിജയത്തിനിടെ ദക്ഷിണ കരസേനാ കമാന്‍ഡര്‍ എന്ന നിലയില്‍ സൈന്യത്തെ നയിച്ചതിന് അദ്ദേഹത്തിന് ഉത്തം യുദ്ധ് സേവാ മെഡല്‍ (യു വൈ എസ് എം) ലഭിച്ചു.

2026 ഏപ്രില്‍ ഒന്നിന്, ലെഫ്റ്റനന്റ് ജനറല്‍ പുഷ്‌പേന്ദ്ര പാല്‍ സിങ് വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് ആര്‍മി കമാന്‍ഡറായി സ്ഥാനമേറ്റതിനു ശേഷം ലെഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് ആര്‍മി സ്റ്റാഫ് വൈസ് ചീഫ് ആയി നിയമിതനായി.

2026 ജൂണ്‍ 13-നാണ് ലെഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്തിനെ ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്ത കരസേനാ മേധാവിയായി നിയമിച്ചത്. ജൂണ്‍ 30-ന്, നാല് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്ര സേവനത്തിന് ശേഷം വിരമിച്ച ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പിന്‍ഗാമിയായി ജനറല്‍ ധീരജ് സേത്ത് 31-ാമത് കരസേനാ മേധാവിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

Content Highlights:
General Dhiraj Seth took charge as the 31st Chief of Army Staff and announced a comprehensive military modernisation roadmap. The newly unveiled VIJAY action plan focuses on enhanced vigilance, technology integration, joint operations, and self-reliance. The initiative aims to build a highly advanced, future-ready fighting force using indigenous solutions.

Latest