Connect with us

Uae

ദുബൈയില്‍ 28 സ്ഥലങ്ങളില്‍ റോഡ് നവീകരണം; രണ്ട് മാസം നീളും

റോഡ് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ 'ക്വിക്ക് വിന്‍' പദ്ധതിയുമായി ആര്‍ ടി എ.

Published

|

Last Updated

ദുബൈ | എമിറേറ്റിലെ റോഡ് കാര്യക്ഷമതയും ഗതാഗത പ്രവാഹവും വര്‍ധിപ്പിക്കുന്നതിനായി 28 കേന്ദ്രങ്ങളില്‍ ഗതാഗത ‘ക്വിക്ക് വിന്‍’ പദ്ധതിക്ക് ആര്‍ ടി എ തുടക്കം കുറിച്ചു. ഇന്ന് മുതല്‍ സെപ്തംബര്‍ വരെയാണ് വിവിധയിടങ്ങളില്‍ അറ്റകുറ്റപ്പണികളും വികസന പ്രവര്‍ത്തനങ്ങളും നടക്കുക. എമിറേറ്റിന്റെ സുസ്ഥിരമായ നഗര, ജനസംഖ്യാ വളര്‍ച്ചയെ പിന്തുണക്കുന്നതിനും റോഡ് ശൃംഖലയുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സുഗമമായ ഗതാഗത പ്രവാഹവും ഉയര്‍ന്ന സുരക്ഷാ നിലവാരവും ഉറപ്പാക്കുന്ന പദ്ധതിയില്‍ പ്രധാന താമസകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ, വികസന മേഖലകള്‍ എന്നിവ ഉള്‍പ്പെടും. വേനല്‍ അവധിക്കാലത്തെ തിരക്കില്ലായ്മ കണക്കിലെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ സമയത്ത് ഷെഡ്യൂള്‍ ചെയ്തത്.

പദ്ധതിയില്‍ എമിറേറ്റ്സ് റോഡ് വിപുലീകരണം പ്രധാനപ്പെട്ടതാണ്. ഷാര്‍ജയില്‍ നിന്ന് അല്‍ അമര്‍ദി സ്ട്രീറ്റിലേക്ക് നീളുന്ന അഞ്ച് കിലോമീറ്റര്‍ ഭാഗത്ത് രണ്ട് പുതിയ പാതകള്‍ കൂടി കൂട്ടിച്ചേര്‍ക്കും. അയല്‍ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയെന്ന നിലയില്‍ എമിറേറ്റ്സ് റോഡിലെ തിരക്കേറിയ സമയങ്ങളിലെ വലിയ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഈ വിപുലീകരണത്തിലൂടെ യാത്രാ സമയം 25 ശതമാനം വരെ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിസിനസ് ബേയിലെ ട്രേഡ് സെന്റര്‍ സ്ട്രീറ്റിന്റെയും മറാസി ഡ്രൈവിന്റെയും കവലയിലെ ഗതാഗത പരിഷ്‌കരണങ്ങള്‍, അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപമുള്ള ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിലെ ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തല്‍, അല്‍ ഖൈല്‍ റോഡിലേക്കുള്ള റാസ് അല്‍ ഖോര്‍ റോഡിലെ വികസനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, അല്‍ ഖവാനീജ് സ്ട്രീറ്റിന്റെയും അല്‍ അമര്‍ദി സ്ട്രീറ്റിന്റെയും കവലയില്‍ പുതിയ പാത നിര്‍മിക്കല്‍, റാസ് അല്‍ ഖോറില്‍ ദുബൈ-അല്‍ ഐന്‍ റോഡിലേക്കുള്ള വലത്തോട്ടുള്ള തിരിവ് ഒരു വരിയില്‍ നിന്ന് രണ്ട് വരിയായി ഉയര്‍ത്തല്‍, അല്‍ മിസ്ഹാറിലെ അള്‍ജീരിയ സ്ട്രീറ്റിലെ ലേബര്‍ അക്കോമഡേഷനിലേക്കുള്ള പ്രവേശന കവാടത്തിന് മുമ്പുള്ള ഗതാഗത പാത വികസിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlights:
Dubai Roads and Transport Authority has launched rapid traffic improvements across 28 locations. The projects will be executed between July and September during the summer holidays to minimize disruption. Key upgrades include expanding Emirates Road and adding parking spaces near school zones.

 

Latest