Connect with us

Ongoing News

ടി20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

അഡ്‌ലെയ്ഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം

Published

|

Last Updated

അഡ്ലെയ്ഡ് |ടി20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. അഡ്‌ലെയ്ഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. മൂന്ന് മത്സരങ്ങൾ ജയിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. 22 അന്താരാഷ്ട്ര ടി20 മത്സരങ്ങളാണ് ഇരു ടീമുകളും തമ്മിൽ കളിച്ചത്. 12ൽ ഇന്ത്യയും 10ൽ ഇംഗ്ലണ്ടും ജയിച്ചു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ ഇന്ത്യ – പാക് സ്വപ്ന ഫൈനൽ യാഥാർഥ്യമാകും.

ശക്തമായ ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ട് ടീമിന്റെ കരുത്ത്. ഒൻപതാം നമ്പർ വരെ ടീമിൽ ബാറ്റ്സ്മാൻമാരുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഈ ബാറ്റിംഗ് നിരയെ നേരിടുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും. മാർക്ക് വുഡിനെപ്പോലെ ഒരു മികച്ച പേസർ ഇംഗ്ലണ്ടിനും ഉണ്ട്. ഇതുവരെ 4 മത്സരങ്ങൾ കളിച്ച താരം 9 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ന്യൂസിലൻഡിനെതിരെ 154.74 വേഗത്തിലാണ് അദ്ദേഹം പന്ത് എറിഞ്ഞത്. നിലവിലെ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ പന്താണിത്. യുവ ഇടങ്കയ്യൻ പേസർ സാം കുറാനും ഫോമിലാണ്. 4 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് അദ്ദേഹം.

ടീം ഇന്ത്യയും മികച്ച ഫോമിലാണ്. സൂപ്പർ 12ൽ 5 മത്സരങ്ങളിൽ 4ലും ജയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു മത്സരം തോറ്റു. വിരാട് കോഹ്‌ലിക്കും സൂര്യകുമാർ യാദവിനും പുറമെ കെ എൽ.രാഹുലും താളം വീണ്ടെടുത്തിട്ടുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ അവസാന മത്സരത്തിൽ അദ്ദേഹം അർദ്ധ സെഞ്ച്വറി നേടിയിരുന്നു.

ഈ ലോകകപ്പിൽ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയാണ് സൂര്യകുമാറും കോഹ്‌ലിയും. സൂര്യയുടെ മൂന്ന് അർധസെഞ്ചുറികളും 360 ഡിഗ്രി ഷോട്ടുകളും ചർച്ചാവിഷയം മാത്രമല്ല, ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഈ ലോകകപ്പിൽ ടീം ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗും അതിശയിപ്പിക്കുന്നതാണ്. അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ഭുവനേശ്വർ കുമാറും ടൂർണമെന്റിൽ മികച്ച ബൗൾ ചെയ്തിട്ടുണ്ട്. 5 മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റാണ് ഭുവി നേടിയത്.