Connect with us

National

ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്താൻ ഇന്ത്യയുടെ പുതിയ അഗ്നി; ഇനി ഒരൊറ്റ മിസൈലിൽ തകരുന്നത് ഒന്നിലധികം ലക്ഷ്യങ്ങൾ

ഇന്ത്യ എം ഐ ആർ വി ശേഷിയുള്ള അത്യാധുനിക ആഗ്നി മിസൈൽ വിജയകരമായി പരീക്ഷിച്ചു

Published

|

Last Updated

ന്യൂഡൽഹി | ഒരൊറ്റ മിസൈൽ ഉപയോഗിച്ച് ഒന്നിലധികം ലക്ഷ്യങ്ങൾ ഒരേസമയം തകർക്കാൻ ശേഷിയുള്ള മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി ടാർഗെറ്റഡ് റീ എൻട്രി വെഹിക്കിൾ (എം ഐ ആർ വി) സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ അത്യാധുനിക അഗ്നി മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വെള്ളിയാഴ്ച ഒഡീഷ തീരത്തെ ഡോ എ പി ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ പരീക്ഷണം വലിയൊരു നാഴികക്കല്ലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിവിധ ഭൂമിശാസ്ത്രപരമായ ഇടങ്ങളിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്ത ലക്ഷ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഒന്നിലധികം പേലോഡുകളുമായി മിസൈൽ പരീക്ഷിച്ചത്. വിക്ഷേപണം മുതൽ പേലോഡുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നത് വരെയുള്ള മിസൈലിന്റെ പാത ഗ്രൗണ്ട് ബേസ്ഡ് സ്റ്റേഷനുകളും കപ്പലിലെ സ്റ്റേഷനുകളും വഴി ടെലിമെട്രിയിലൂടെ കൃത്യമായി നിരീക്ഷിച്ചു. മിസൈൽ പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഡി ആർ ഡി ഒ ലാബുകൾ രാജ്യത്തെ വിവിധ വ്യവസായ പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ മിസൈൽ വികസിപ്പിച്ചെടുത്തത്. മുതിർന്ന ഡി ആർ ഡി ഒ ശാസ്ത്രജ്ഞരും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. വിജയകരമായ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ഡി ആർ ഡി ഒ, ഇന്ത്യൻ ആർമി, മറ്റ് വ്യവസായ പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിന് ഈ നേട്ടം വലിയ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശീയമായ സൈനിക ആധുനികീകരണത്തിന്റെ ഭാഗമായാണ് ഇന്ത്യ പ്രതിരോധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നത്.

Summary

India has successfully conducted a flight test of an Advanced Agni missile integrated with Multiple Independently Targeted Re-entry Vehicle (MIRV) technology from Dr APJ Abdul Kalam Island. Developed by DRDO, this system allows a single missile to deliver multiple warheads to different targets across a wide area. Defence Minister Rajnath Singh lauded the achievement, noting it significantly enhances India’s strategic deterrence and defense preparedness.

Latest