Connect with us

Ongoing News

കാണ്‍പൂര്‍ ടെസ്റ്റ് ടി20യാക്കി ഇന്ത്യ; ഏഴ് വിക്കറ്റ് ജയം, പരമ്പര

ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. സ്‌കോര്‍ ബംഗ്ലാദേശ്- 233, 146. ഇന്ത്യ- 285/9, 98/3.

Published

|

Last Updated

കാണ്‍പൂര്‍ | ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടന്ന ടെസ്റ്റ്, ടി20 സ്റ്റൈലില്‍ ജയിച്ചു കയറി ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്ന് ദിവസം മഴ കളിച്ച മത്സരത്തില്‍ ബാക്കിയുള്ള രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ ബംഗ്ലാ കടുവകളെ തരിപ്പണമാക്കിയത്. വിസ്മയ വിജയം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന നേട്ടം. ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. സ്‌കോര്‍ ബംഗ്ലാദേശ്- 233, 146. ഇന്ത്യ- 285/9, 98/3.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 35 ഓവര്‍ മാത്രമാണ് കളി നീണ്ടത്. രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനായില്ല. മഴ മാറി നിന്ന നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ കുറഞ്ഞ റണ്‍സിന് രണ്ടിന്നിങ്‌സിലും പുറത്താക്കിയ ഇന്ത്യക്ക് 95 റണ്‍സ് മാത്രമായിരുന്നു ജയത്തിനായി തങ്ങളുടെ രണ്ടാം ഇന്നിങ്‌സില്‍ വേണ്ടിയിരുന്നത്. അഞ്ചാം ദിനം ലഞ്ചിനു ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ആദ്യ ഇന്നിങ്‌സില്‍ ടി20 സ്റ്റൈലില്‍ തകര്‍ത്തടിച്ച നായകന്‍ രോഹിത് ശര്‍മയ്ക്കും പക്ഷെ രണ്ടാമത്തേതില്‍ ശോഭിക്കാനായില്ല. വെറും എട്ട് റണ്‍സിന് രോഹിത് വിക്കറ്റ് ബലികഴിച്ചു. ശുഭ്മാന്‍ ഗില്ലും(6) പെട്ടെന്ന് മടങ്ങി. രണ്ടാം ഇന്നിങ്‌സിലും തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍ 51 റണ്‍സെടുത്തു. റിഷഭ് പന്ത് (4), 29 റണ്‍സെടുത്ത വിരാട് കോലിയും പുറത്താകാതെ നിന്നു.

മത്സരം സമനിലയിലാക്കാമെന്ന പ്രതീക്ഷയില്‍ അഞ്ചാം ദിവസം കളത്തിലിറങ്ങിയ ബംഗ്ലാദേശിനെ ഞെട്ടിച്ച് മോനിമുള്‍ ഹഖിന്റെ വിക്കറ്റ് വീണു. രവിചന്ദ്രന്‍ അശ്വിനാണ് ആദ്യ ഇന്നിങ്‌സില്‍ പുറത്താകാതെ ശതകം നേടിയിരുന്ന ഹഖിനെ ലെഗ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചത്. രണ്ട് റണ്‍സ് മാത്രമായിരുന്നു പുറത്താകുമ്പോള്‍ ഹഖിന്റെ സമ്പാദ്യം. എന്നാല്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോയും (19), ഓപ്പണര്‍ ഷദ്‌നാന്‍ ഇസ്‌ലാമും പിടിച്ചു നിന്നതോടെ ഇന്ത്യ ആശങ്കയിലായി.

ഇരുവരും ചേര്‍ന്ന് ബംഗ്ലാദേശിനെ 91 റണ്‍സിലെത്തിച്ചു. ഒടുവില്‍ ഷാന്റോയെ പറഞ്ഞയച്ച് രവീന്ദ്ര ജഡേജയും അര്‍ധ ശതകം നേടിയ ഷദ്‌നാന്‍ ഇസ്‌ലാമിന്റെ (50) വിക്കറ്റെടുത്ത് ആകാശ് ദീപും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. പിന്നീട് ലിറ്റണ്‍ ദാസിനെയും ഷാക്കിബ് അല്‍ ഹസനെയും ജഡേജ മടക്കിയതോടെ 91 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് 94ന് ഏഴ് എന്നതിലേക്ക് വീണു.

ചെറിയ ലക്ഷ്യവും ആവശ്യത്തിന് സമയമുണ്ടെന്നതും ഇന്ത്യക്ക് അനുകൂല ഘടകങ്ങളായി. 34 റണ്‍സ് വഴങ്ങിയാണ് ജഡേജ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ എന്നതു പോലെ രണ്ടാമത്തേതിലും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആദ്യത്തേതില്‍ 50 റണ്‍സ് വഴങ്ങിയാണ് ബുംറ മൂന്ന് വിക്കറ്റെടുത്തതെങ്കില്‍ രണ്ടാമത്തേതില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

Latest