articles
ഒരാളല്ല ഒരു ജനതയാണ് ഇന്ത്യ
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല. വ്യത്യസ്തരായിരിക്കാനുള്ള പൗരന്മാരുടെ അവകാശമാണ്. വ്യത്യസ്തനായിരിക്കുന്നത് കൊണ്ട് വിപത്തൊന്നും സംഭവിക്കില്ല എന്ന സുരക്ഷിതത്വ ബോധമാണത്. മതേതരത്വം മതനിഷേധമോ നിരാസമോ അല്ല. വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ്. സർക്കാറിന് മതമില്ല. സർക്കാർ മതനിഷേധിയുമല്ല. മതമുള്ളവർക്കും ഇല്ലാത്തവർക്കും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ അത് ബാധ്യസ്ഥമാണ്.

ഇന്ത്യയുടെ രാഷ്ട്രീയ ഉള്ളടക്കം രൂപം പ്രാപിച്ചത് വർഷങ്ങൾ നീണ്ടുനിന്ന പോരാട്ട ഭൂമികയിൽ നിന്നാണ്. സാമ്രാജ്യത്വ വിരുദ്ധത, സത്യം, അഹിംസ, സഹിഷ്ണുത, പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം, ജനാധിപത്യം, മതേതരത്വം, പൗരസ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾ അതിൽ അന്തർലീനമാണ്. നമ്മുടെ ഭരണഘടനാ നിർമിതിക്ക് ഇവ പ്രയോജനപ്പെട്ടു. ഇവയെല്ലാം തന്നെ ജനകോടികളുടെ വികാര വിചാരങ്ങളുടെ ആവിഷ്‌കാരമാണ്. 1949 നവംബർ 26നാണ് ഭരണഘടനാ അസംബ്ലി അതിന് അംഗീകാരം നൽകിയത്. 6,427 ജാതികളും 1,300 ഭാഷാ മൊഴികളും അനേക മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഹാര രീതികളും വസ്ത്രധാരണ വൈവിധ്യങ്ങളും ഇവിടെ ഒരുമിച്ചു നിലനിന്നു. എല്ലാത്തിനെയും ഉൾക്കൊണ്ടു.ഒന്നിനെയും നിരാകരിച്ചില്ല, മറ്റൊന്നു കൊണ്ട് പകരം വെച്ചതുമില്ല.
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല. വ്യത്യസ്തരായിരിക്കാനുള്ള പൗരന്മാരുടെ അവകാശമാണ്. വ്യത്യസ്തനായിരിക്കുന്നത് കൊണ്ട് വിപത്തൊന്നും സംഭവിക്കില്ല എന്ന സുരക്ഷിതത്വ ബോധമാണത്. മതേതരത്വം മതനിഷേധമോ നിരാസമോ അല്ല. വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ്. സർക്കാറിന് മതമില്ല. സർക്കാർ മതനിഷേധിയുമല്ല. മതമുള്ളവർക്കും ഇല്ലാത്തവർക്കും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ അത് ബാധ്യസ്ഥമാണ്.
ഇന്ത്യ എന്ന രാജ്യം ഇന്നത്തെ രീതിയിൽ ഉണ്ടായത് 1947 ആഗസ്റ്റ് 15നാണ്. സ്വാതത്ര്യം നേടുമ്പോൾ നാം 550 നാട്ടുരാജ്യങ്ങളാണ്.പിന്നീട് അവയെ നിയമം വഴി ഇന്ത്യൻ യൂനിയനിൽ ലയിപ്പിച്ചു. ഇന്നത്തെ ഇന്ത്യ അങ്ങനെ ഉണ്ടായതാണ്. ഏതാനും വർഷങ്ങളായി ഇവിടെ ഭൂരിപക്ഷാധിപത്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രാതിനിധ്യ സഭകൾ അവഗണിക്കപ്പെട്ടു. ചർച്ചയില്ലാതെ ജനവിരുദ്ധ നിയമങ്ങൾ ചുട്ടെടുത്തു. പുതിയ പാർലിമെന്റ് മതപുരോഹിതരും രാമക്ഷേത്രം പ്രധാനമന്ത്രിയും ഉദ്ഘാടനം ചെയ്തു. ദളിതും സ്ത്രീയും വിധവയുമായ കാരണങ്ങളാൽ ആകാം ഇന്ത്യയുടെ പരമാധികാര പദവിയിലിരിക്കുന്ന പ്രസിഡന്റിനെ വരെ വിളിച്ചില്ല.
സർക്കാർ ഏകാധിപത്യം പിന്തുടർന്നു. മതന്യൂനപക്ഷങ്ങളും ദളിതരും പിന്നാക്കക്കാരും അടിച്ചമർത്തപ്പെട്ടു. കോർപറേറ്റ് ഭീമൻമാർക്ക് രാജ്യം തീറെഴുതി. തൊഴിൽരഹിതരുടെ പട്ടാളം വർധിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം സ്വാതന്ത്ര്യം സർക്കാർ നഷ്ടപ്പെടുത്തി. അവ കംഗാരു സ്ഥാപനങ്ങളായി. ഉന്നതങ്ങളിൽ അഴിമതിയുടെ പുതിയ അധ്യായങ്ങൾ തുറന്നു. അതിനായി ഇലക്ടറൽ ബോണ്ട് നടപ്പാക്കി. പൗരവകാശങ്ങൾ വെട്ടിച്ചുരുക്കി. അതിനെതിരെ നടന്ന ചെറുപ്പക്കാരുടെയും വിദ്യാർഥികളുടെയും പ്രക്ഷോഭങ്ങളെ അടിച്ചമർത്തി.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പലതും കേന്ദ്രം കവർന്നു. വർഗീയത ദേശീയതയായി. വിവിധ മതസ്ഥർക്കിടയിൽ വൈരം വളർത്തി. അധികാരത്തിനും സമ്പത്തിനും വേണ്ടി വെറുപ്പും വിദ്വഷവും നുണ പ്രചാരണവും സകല തിന്മകളും പ്രയോജനപ്പെടുത്തി. നല്ലവരായ ഹൈന്ദവ ജനതയെ തെറ്റിദ്ധരിപ്പിച്ചു. ഹൈന്ദവ ധർമവും ഹിന്ദുത്വ രാഷ്ട്രീയവും ഒന്നാണെന്ന പ്രതീതിയുണ്ടാക്കാൻ ശ്രമിച്ചു. മഹാത്മാ ഗാന്ധി, നെഹ്‌റു, ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമരനായകരെയും ബ്രിട്ടീഷുകാർ ചവച്ചുതുപ്പിയ ഇന്ത്യയെ ആധുനിക ഇന്ത്യയാക്കി മാറ്റിയ മഹാന്മാരെയും സദാ ഇകഴ്ത്തി.
വിസ്താരഭയത്താൽ ഈ സർക്കാർ ഇന്ത്യ എന്ന ഭാരതത്തിന് വരുത്തിയ നാശങ്ങളെ മുഴുവൻ പ്രതിപാദിക്കാൻ നിവൃത്തിയില്ല. കർഷക സമരത്തിന് മുമ്പിൽ മാത്രമാണ് സർക്കാർ പതറിയത്. പിന്നീട് നടന്നതെല്ലാം പ്രത്യാശയുളവാക്കുന്നു. 28 പ്രതിപക്ഷ പാർട്ടികളുടെ സഖ്യവും തുടർനടപടികളും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മാന്യമായ വിജയവും ജനങ്ങളിൽ പ്രതീക്ഷയുളവാക്കുന്നു. വേണ്ടത്ര വേഗതയോ ഒരുക്കങ്ങളോ വിഭവങ്ങളോ ഇല്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സാഹചര്യങ്ങളുടെ സമ്മർദങ്ങളാണ് ഇന്ത്യാ മുന്നണിയെ നിർമിച്ചെടുത്തത്. മുഖ്യമന്ത്രിമാരുൾപ്പെടെ സകല പ്രതിപക്ഷ നേതാക്കളെയും കള്ളക്കേസുകളിൽ കുടുക്കിയും തുറുങ്കിലടച്ചും ഭീഷണിപ്പെടുത്തിയും വിലക്കുവാങ്ങിയും രാഷ്ട്രീയ സത്യ സന്ധതയോ നീതിയോ മര്യാദകളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സംഘമാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ ഭരിച്ചത്. ഇപ്പോഴും അത് തുടരുന്നു. പരസ്പര സ്‌നേഹത്തിലും ഒരുമയിലും കഴിഞ്ഞിരുന്ന മഹാ സംസ്‌കാരങ്ങളിലൂടെ ആർജിച്ച കരുത്തും കരുണയുമുള്ള ഒരു രാജ്യം പത്ത് വർഷങ്ങളായി ഈ ദുഷ്ട ഭരണകൂട ഹസ്തങ്ങളിൽ കിടന്നു പുളഞ്ഞുവെങ്കിലും രാഷ്ട്രീയ അധർമത്തിന് കീഴ്‌പ്പെടാൻ മടികാണിച്ചു പിടിച്ചുനിൽക്കുകയായിരുന്നു.
ജനാധിപത്യം നഷ്ടമാകുന്നതോടെ ഏതു രാജ്യത്തും പ്രതിപക്ഷം മരിക്കുന്നു. മൃതപ്രായമാകുമ്പോഴെങ്കിലും അത് തിരിച്ചറിയുകയും സർവശക്തിയോടെ പോർക്കളത്തിൽ ഇറങ്ങുകയും ചെയ്താൽ അവരും രാജ്യവും രക്ഷപ്പെടും. അല്ലാത്തപക്ഷം ഏകാധിപത്യ വാഴ്ചയുടെ സ്വാഭാവിക അന്ത്യം വരെ കാത്തിരിക്കേണ്ടിവരും. അത് ചെറിയൊരു കാലമാകില്ല. ഇന്നത്തെ ഇന്ത്യ മാറും. ഏകാധിപത്യം പിഴുതെറിയപ്പെടും. അതിന്റെ ലക്ഷണങ്ങൾ രാഷ്ട്രീയ ചക്രവാളത്തിൽ കണ്ടുതുടങ്ങി. അന്ധമായ കോൺഗ്രസ്സ് വിരോധം, കമ്മ്യൂണിസ്റ്റ് വിരോധം, ലീഗു വിരോധം തുടങ്ങിയതെല്ലാം എന്നോ കാലഹരണപ്പെട്ടു. ഹിന്ദു വിരോധം, മുസ്്ലിം വിരോധം, ക്രൈസ്തവ വിരോധം ഈ ആയുധങ്ങളെല്ലാം ഫാസിസത്തിന്റേതാണ്, നമ്മുടേതല്ല. എല്ലാ മനുഷ്യരും നല്ലവരാണ്. ഒരേ മാതാപിതാക്കൾക്ക് പിറന്നവരാണ് ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ്.