Connect with us

National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ബാരിക്കേഡിന് മുകളില്‍ കയറി രാഹുലിന്റെ പ്രതിഷേധം; എംപിമാരെ അറസ്റ്റു ചെയ്ത് നീക്കി

ജനാധിപത്യത്തെ സംരക്ഷിക്കുക എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പ്രതിഷേധ മാര്‍ച്ച്

Published

|

Last Updated

ന്യൂഡല്‍ഹി|മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദാനിലേക്ക് മാര്‍ച്ച് ആരംഭിച്ചു. ഇന്ന് രാവിലെ പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയ ജനപ്രതിനിധികള്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സുപ്രിയ സുലേ,എ എ റഹീം എംപി  എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ഡ്യ സഖ്യത്തിലെ 150 ഓളം എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

മാര്‍ച്ച് അഞ്ഞൂറ് മീറ്റര്‍ പിന്നിട്ട് ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഇതോടെ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഇസ്തിഫാ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. വോട്ടുകൊള്ളക്കാര്‍ പുറത്തുപോകൂ എന്ന് എംപിമാര്‍ വിളിച്ചു പറഞ്ഞു. ‘യു ആര്‍ ഡണ്‍ ഗ്യാനേഷ് ബ്രോ’ എന്ന് എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തടഞ്ഞാലും തളരില്ലെന്ന് എംപിമാര്‍ പറഞ്ഞു.  ഇതിനിടെ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് അദ്ദേഹത്തെ വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.

പ്രതിഷേധ വഴിയില്‍ പോലീസ് ബാരിക്കേഡ് ഉയര്‍ത്തിയതോടെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു.   പിന്നാലെ എംപിമാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തി.  ഇതോടെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവര്‍ ബാരിക്കേഡിനു മുകളില്‍ കയറി. ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി ദേശീയപതാക വീശി. ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ഇത് ആവേശമായി. ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇ ടി മുഹമ്മദ്‌ ബഷീർ,ഡീൻ കുര്യാക്കോസ് തുടങ്ങിയവരെ കസ്റ്റഡിയിൽ എടുത്തു നീക്കി. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.

രാജ്യ വ്യാപക പ്രതിഷേധത്തിന് തുടക്കമിടാനാണ് കോൺഗ്രസ് തീരുമാനം. ശനിയാഴ്ച മുതൽ വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിൻ ആരംഭിക്കും. നവംബർ 1 ന് ഡൽഹി രാം ലീലാ മൈതാനത്ത് മഹാറാലി സംഘടിപ്പിക്കും.

മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. 3,000ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉള്‍പ്പെടെ സുരക്ഷയ്ക്കായി രംഗത്തിറക്കി. പാര്‍ലമെന്റ് പരിസരം, പാര്‍ലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ കവാടങ്ങള്‍ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.

Content Highlights:
Opposition MPs led by Rahul Gandhi and Mallikarjun Kharge marched from Parliament to Nirvachan Sadan demanding the CEC resignation. Protesters tried to overcome police barricades where Rahul Gandhi waved the national flag. Delhi Police detained the opposition leaders amid heavy security deployment.

 

---- facebook comment plugin here -----

Latest