National
ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധം; രാഹുലും പ്രിയങ്കയും അടക്കം നേതാക്കളെ കസ്റ്റഡിയിലെടുത്തു; ഡൽഹിയിൽ നാടകീയ രംഗങ്ങൾ
വോട്ടർപട്ടികയിലെ അപാകതകളും വോട്ട് മോഷണ ആരോപണങ്ങളും ഉന്നയിച്ച് രാവിലെ പതിനൊന്ന് മണിയോടെ പാർലമെന്റിലെ മകർ ദ്വാറിൽ നിന്നാണ് ഇന്ത്യ സഖ്യത്തിലെ എം പിമാർ ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് ആരംഭിച്ചത്.
ന്യൂഡൽഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടിക പരിഷ്കരണത്തിലെ (Special Intensive Revision) ക്രമക്കേടുകൾക്കെതിരെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
വോട്ടർപട്ടികയിലെ അപാകതകളും വോട്ട് മോഷണ ആരോപണങ്ങളും ഉന്നയിച്ച് രാവിലെ പതിനൊന്ന് മണിയോടെ പാർലമെന്റിലെ മകർ ദ്വാറിൽ നിന്നാണ് ഇന്ത്യ സഖ്യത്തിലെ എം പിമാർ ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് ആരംഭിച്ചത്. പ്ലക്കാർഡുകൾ ഏന്തി, ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് എം പിമാർ നീങ്ങിയത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് അമ്പത് മീറ്റർ അടുത്ത് വച്ച് അകാശവാണി ഭവന് സമീപം പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് നേതാക്കൾ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ആകാശ്‌വാണി ഭവനിലെ ഗേറ്റിന് മുന്നിൽ ശക്തമായ സുരക്ഷയൊരുക്കിയ ഡൽഹി പോലീസ് പിന്നീട് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര, കെ സി വേണുഗോപാൽ, ദീപേന്ദർ ഹൂഡ, അമരീന്ദർ സിംഗ് രാജാ വാറിംഗ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാനിൽ കയറ്റുകയായിരുന്നു. ഇവരെ പിന്നീട് വടക്കൻ ഡൽഹിയിലെ കിങ്സ് വേ ക്യാമ്പിലേക്ക് മാറ്റി.
ജനപ്രതിനിധികൾക്ക് ഇലക്ഷൻ കമ്മീഷനെ കാണാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ രാജ്യത്ത് ജനാധിപത്യത്തിന് എന്ത് അർത്ഥമാണുള്ളതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. മുൻകൂട്ടി അനുമതി തേടി ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിട്ടുണ്ടെന്നും ചീഫ് ഇലക്ഷൻ കമ്മീഷണറെയും മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെയും കാണാൻ എം പിമാർ തയ്യാറാണെന്നും നേതാക്കൾ വ്യക്തമാക്കി. മാർച്ചിൽ 19 പ്രതിപക്ഷ പാർട്ടിയിലെ 237 എം പിമാർ പങ്കെടുത്തു. എന്നാൽ, ഡി എം കെ, എ എ പി തുടങ്ങിയ പാർട്ടികളിലെ എം പിമാർ മാർച്ചിൽ പങ്കെടുത്തില്ല.
Also Readഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ബാരിക്കേഡിന് മുകളില്‍ കയറി രാഹുലിന്റെ പ്രതിഷേധം; എംപിമാരെ അറസ്റ്റു ചെയ്ത് നീക്കി ജനാധിപത്യത്തെ നശിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ശ്രമിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് സമാജ്‌വാദി പാർട്ടി, ശിവസേന (UBT) നേതാക്കൾ കുറ്റപ്പെടുത്തി.
അതേസമയം, പ്രതിപക്ഷം ചർച്ചയ്ക്കായി സമയമൊന്നും ചോദിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി വീണ്ടും അവതരിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണ് ഈ പ്രതിഷേധമെന്ന് ബി ജെ പി പരിഹസിച്ചു. ഡൽഹി പോലീസിനെതിരെ അടുത്തിടെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പോലീസുകാർ ബോഡി ക്യാമറകൾ ധരിച്ചാണ് മാർച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
Content Highlights
Opposition MPs led by Rahul Gandhi and Priyanka Gandhi were detained by Delhi Police during an INDIA bloc protest march to the Election Commission office. The march was organized against Chief Election Commissioner Gyanesh Kumar over alleged electoral roll irregularities. High drama unfolded near Akashvani Bhavan as top leaders staged a sit-in before being taken into custody.




