Kerala
ഉള്‍പ്പെടുത്തിയത് പി ആര്‍ ഏജന്‍സി നല്‍കിയ ഉത്തരങ്ങള്‍, മുഖ്യമന്ത്രിയുടേതെന്ന നിലയില്‍ നല്‍കിയതില്‍ ഖേദിക്കുന്നു; വിശദീകരണവുമായി 'ദി ഹിന്ദു'
'അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം യഥാര്‍ഥ അഭിമുഖത്തിലേതല്ല. പി ആര്‍ ഏജന്‍സി പ്രതിനിധികള്‍ എഴുതി നല്‍കിയതാണ്.'
തിരുവനന്തപുരം | വിവാദ അഭിമുഖത്തില്‍ തിരുത്ത് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തയച്ചതിനു പിന്നാലെ വിശദീകരണവുമായി ദി ഹിന്ദു പത്രം. പി ആര്‍ ഏജന്‍സി നല്‍കിയ ഉത്തരങ്ങളാണ് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. അത് മുഖ്യമന്ത്രിയുടേതെന്ന നിലയില്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും അഭിമുഖത്തില്‍ നിന്ന് വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്നും പത്രം വ്യക്തമാക്കി.
മുഖ്യമന്ത്രി അഭിമുഖത്തിന് തയ്യാറാണെന്ന് അറിയിച്ചത് പി ആര്‍ ഏജന്‍സിയാണെന്ന് പത്രം വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത്, കള്ളപ്പണ വിഷയങ്ങളില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടു.
അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം യഥാര്‍ഥ അഭിമുഖത്തിലേതല്ല. പി ആര്‍ ഏജന്‍സി പ്രതിനിധികള്‍ എഴുതി നല്‍കിയതാണ്. മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണെന്നാണ് ഏജന്‍സി പ്രതിനിധി പറഞ്ഞത്. ഇത് അതേപടി ഉള്‍പ്പെടുത്തിയത് മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല. അഭിമുഖത്തില്‍ പറയാത്ത കാര്യം ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നും ദി ഹിന്ദു പത്രം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ തെറ്റായ പരാമര്‍ശങ്ങള്‍ വന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ‘ദി ഹിന്ദു’ പത്രാധിപര്‍ക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന്റെ ഖേദപ്രകടനം. മുഖ്യമന്ത്രിയുടെയോ സര്‍ക്കാറിന്റെയോ നിലപാടല്ല അച്ചടിച്ചു വന്നതെന്നും പ്രത്യേക സ്ഥലത്തെയോ പ്രദേശത്തെയോ കുറിച്ച് അഭിമുഖത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന പരാമര്‍ശത്തില്‍ വ്യക്തത വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
2024 സെപ്തംബര്‍ 30 ന് ‘സി പി എം എപ്പോഴും ആര്‍ എസ് എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്’ എന്ന തലക്കെട്ടില്‍ വന്ന അഭിമുഖത്തിന്റെ ഉള്ളടക്കം, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി വ്യാഖ്യാനിക്കുന്ന പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് ശക്തമായ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു.
‘ഉദാഹരണത്തിന്, മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 123 കോടി രൂപയുടെ ഹവാല പണവും 150 കിലോ സ്വര്‍ണവും സംസ്ഥാന പോലീസ് പിടിച്ചെടുത്തു. ഈ പണം ‘രാജ്യവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്കും ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ക്കുമാണ് കേരളത്തില്‍ എത്തുന്നത്” എന്ന പരാമര്‍ശം മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണെന്നും അത് വിവാദത്തിന് ഇടയാക്കിയെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
അഭിമുഖത്തില്‍ മുഖ്യമന്ത്രി ഒരിക്കലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമര്‍ശിക്കുകയോ ‘രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ അല്ലെങ്കില്‍ ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ എന്ന പദങ്ങള്‍ ഉപയോഗിക്കുയോ ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടും കേരള സര്‍ക്കാരിന്റെ നിലപാടും പ്രതിഫലിപ്പിക്കുന്നതല്ല ഈ പ്രസ്താവനകള്‍.
പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയില്‍, ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയും വിഷയത്തെ ഉടനടി പ്രാധാന്യത്തോടെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ യഥാര്‍ഥ കാഴ്ചപ്പാടുകള്‍ കൃത്യമായി അവതരിപ്പിക്കുന്ന രീതിയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് കൂടുതല്‍ ദുര്‍വ്യാഖ്യാനങ്ങള്‍ തടയാന്‍ സഹായിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.