Kerala
കെ എസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവം; വടക്കാഞ്ചേരി എസ് എച്ച്ഒക്ക് സ്ഥലം മാറ്റി
പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്

തൃശൂര്‍ | കെ എസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ യു കെ ഷാജഹാന് സ്ഥലം മാറ്റി. പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. എസ്എഫ്‌ഐ- കെ എസ് യു സംഘട്ടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെ എസ് യു പ്രവര്‍ത്തകരെ ക്രമിനലുകളെപോലെ കറുത്ത തുണികൊണ്ടു തലമൂടിയും കൈവിലങ്ങ് അണിയിച്ചും പോലീസ് കോടതിയിലെത്തിച്ചത്.
ഇതുസംബന്ധിച്ചു വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോട് ജില്ലാ പൊലീസ് മേധാവി വഴി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂര്‍, ജില്ലാ കമ്മിറ്റിയംഗം അല്‍ അമീന്‍, കിള്ളിമംഗലം ആര്‍ട്‌സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ എ അസ്‌ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു മൂടി മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചത്. ഇവരെ തുണികൊണ്ടു തലമൂടേണ്ട സാഹചര്യം എന്തെന്നു കോടതി ചോദിച്ചിരുന്നു. തിരിച്ചറിയല്‍ പരേഡ് വേണ്ടതിനാലാണു മുഖംമൂടിയത് എന്നായിരുന്നു വിശദീകരണം. എന്നാല്‍, എഫ്‌ഐആറില്‍ പേരു രേഖപ്പെടുത്തിയ പ്രതികളെയാണു കോടതിയില്‍ ഹാജരാക്കിയത് എന്നതിനാല്‍ പോലീസ് നടപടി ദുരൂഹമായി.