Connect with us

Kerala

യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ സഹോദരങ്ങളായ പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവ്

31000 രൂപ വീതം ഇരുവര്‍ക്കും പിഴയും വിധിച്ചു, പിഴ അടച്ചില്ലെങ്കില്‍ 7 മാസത്തെ തടവ് കൂടി അനുഭവിക്കണം.

Published

|

Last Updated

പത്തനംതിട്ട |  അയല്‍വാസിയായ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ സഹോദരന്മാരായ പ്രതികള്‍ക്ക് അഞ്ചുവര്‍ഷത്തെ കഠിനതടവും 31000 രൂപ വീതം പിഴയും. കല്ലൂപ്പാറ കടമാന്‍കുളം കടമാന്‍കുളത്ത് വീട്ടില്‍ വാവച്ചന്‍ എന്ന് വിളിക്കുന്ന അഭിലാഷ് (36), സഹോദരന്‍ കൊച്ചുമോനെന്നു വിളിക്കുന്ന അശോകന്‍ (32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കീഴ്വായ്പൂര് പോലീസ് സ്റ്റേഷനില്‍ 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജി പി പി പൂജയുടേതാണ് വിധി. സമീപവാസിയായ ബിജു (42)വാണ് പ്രതികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കുകള്‍ പറ്റി, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് 5 വര്‍ഷം, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ രണ്ട് വര്‍ഷം, കൈകൊണ്ട് മര്‍ദ്ദനം ഏല്‍പ്പിക്കല്‍ 6 മാസം എന്നിങ്ങനെ ആകെ ഏഴര വര്‍ഷമാണ് ശിക്ഷവിധിച്ചതെങ്കിലും, ഒരുമിച്ച് 5 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. ആകെ 31000 രൂപ വീതം ഇരുവര്‍ക്കും പിഴയും വിധിച്ചു, പിഴ അടച്ചില്ലെങ്കില്‍ 7 മാസത്തെ തടവ് കൂടി അനുഭവിക്കണം.

2013 ഡിസംബര്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം. കടമാന്‍കുളത്ത് പബ്ലിക് റോഡില്‍ മദ്യപിച്ച് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്താല്‍ കമ്പ്, കമ്പിവടി എന്നിവ കൊണ്ട് പ്രതികള്‍ ബിജുവിന്റെ തലയ്ക്കും മറ്റും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആദ്യം മനഃപൂര്‍വല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചികിത്സയിലിരിക്കെ ബിജു പരിക്കിന്റെ കാഠിന്യത്താല്‍ മരണപ്പെടുകയായിരുന്നു. നിലവില്‍ പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യും അന്നത്തെ കീഴ്വായ്പ്പൂര്‍ എസ് ഐയുമായിരുന്ന ജി സുനില്‍ കുമാറാണ് കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ് കുമാര്‍, ബിനു വര്‍ഗീസ് എന്നിവരും അന്വേഷണം നടത്തി. ബിനു വര്‍ഗീസാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ രേഖ ആര്‍ നായര്‍, സന്ധ്യ ടി വാസു എന്നിവര്‍ ഹാജരായി.

 

---- facebook comment plugin here -----

Latest