Kerala
ആറന്‍മുളയില്‍ മരിച്ചയാളുടെ വോട്ട് മരുമകള്‍ ചെയ്ത സംഭവത്തില്‍ നടപടി; മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു
94 കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിന്മേല്‍ ഇവരുടെ മരുമകള്‍ 72കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നാണ് എല്‍ ഡി എഫ് നല്‍കിയിരിക്കുന്ന പരാതി
പത്തനംതിട്ട | ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ നാലു വര്‍ഷം മുമ്പ് മരിച്ചയാളിന്റെ പേരില്‍ വോട്ടുചെയ്ത സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥരേയും ബി എല്‍ ഒ യെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസറും കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ആറന്മുള അസംബ്ലി മണ്ഡലത്തില്‍ 144ാം നമ്പര്‍ ബൂത്തില്‍ ജോര്‍ജിന്റെ ഭാര്യ അന്നമ്മയുടെ വോട്ട് ഹോം വോട്ടിങ് നടപടിയില്‍ തെറ്റായി വോട്ടു ചെയ്ത സംഭവത്തിലാണ് നടപടി. സ്പെഷ്യല്‍ പോള്‍ ഓഫീസര്‍മാരായ എ ദീപ (കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് സി), കല എസ് തോമസ് ( മണ്ണങ്കരചിറ ജി യു പി എസ്) ബൂത്ത് ലെവല്‍ ഓഫീസര്‍ പി അമ്പിളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
മരണപെട്ട അന്നമ്മയുടെ വോട്ട് തെറ്റായി മാത്യൂവിന്റെ ഭാര്യ അന്നമ്മ ചെയിതിരുന്നു. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു. 18ാം തീയതി ഉച്ചയ്ക്ക് ബി എല്‍ ഒയും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ വീട്ടിലെത്തി 94 കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിന്മേല്‍ ഇവരുടെ മരുമകള്‍ 72കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നാണ് എല്‍ ഡി എഫ് നല്‍കിയിരിക്കുന്ന പരാതി. ബി എല്‍ ഒ, യു ഡി എഫ് പ്രവര്‍ത്തകയാണെന്നും ആരോപണമുണ്ട്. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഈ വോട്ട് അസാധുവായി കണക്കാക്കുമെന്ന് വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ പ്രേംകുമാര്‍ പറഞ്ഞു.