ആത്മായനം
ഹൃദയത്തിന്റെ തുടിപ്പ് നിലയ്ക്കരുത്
നമുക്ക് തുടിപ്പുള്ള ഹൃദയത്തോടെ പ്രപഞ്ച സ്രഷ്‌ടാവിന് മുന്നിൽ നിൽക്കാനാകണം. അശ്രദ്ധമാവുന്ന സന്ദർഭങ്ങളെയൊക്കെ നമ്മൾ പരിഹരിക്കണം. ശരിയായ വിശ്വാസവും ജ്ഞാനവും ആർജിക്കുന്നതോടൊപ്പം അതിന്റെ പ്രതിഫലനം ജീവിതത്തിലുണ്ടാകാൻ അതീവ ശ്രദ്ധയുണ്ടാകണം. നമ്മുടെ ഹൃദയമെന്നും തുടിച്ചു നിൽക്കട്ടെ.
ഹൃദയമെപ്പോഴാണ് തുടിപ്പുള്ളതാകുന്നത്. നമുക്ക് സഹ്‌ലുതുസ്തരിയെ (റ) കേൾക്കാം “അല്ലാഹുവെ തൊട്ട് അശ്രദ്ധമാവുമ്പോൾ ഹൃദയം നിർജീവമാവും. ഹൃദയം തുടിക്കുന്നത് അവനെ സ്‌മരിക്കുമ്പോഴാണ്’. ഹൃദയം നിശ്ചലമാകാനിടവരുത്തുന്ന മനുഷ്യരുടെ അശ്രദ്ധയെ കുറിച്ച് വിശുദ്ധ ഖുർആൻ പലയിടങ്ങളിൽ ബോധ്യപ്പെടുത്തുന്നുണ്ട്. സൂറ: യൂനുസ് 92ൽ ജനങ്ങളിലേറെ പേരും അശ്രദ്ധവാന്മാരാണെന്നും സൂറ: അഅ്റാഫ് 205ൽ നിങ്ങൾ അശ്രദ്ധവാന്മാരുടെ കൂട്ടത്തിൽ പെട്ടു പോകരുതെന്നും പറയുന്നു.
സൃഷ്‌ടിപ്പിന്റെലക്ഷ്യത്തെ കുറിച്ച് ബോധമുണ്ടാകലോടൊപ്പം അതിനനുസൃതമായി ജീവിതത്തെ ക്രമീകരിക്കാൻ കഴിയുമ്പോഴാണ് മനുഷ്യന്റെ ഹൃദയം തുടിക്കുന്നത്. ഹൃത്തടം നിലച്ചു എന്നതിന്റെ അടയാളമായി ഇമാം ഇബ്നുൽ ജൗസി(റ) പറഞ്ഞ കാര്യങ്ങൾ അതിലേക്കാണ് ചൂണ്ടുന്നത്. “നിങ്ങൾക്ക് അല്ലാഹുവെ അറിയാം. പക്ഷേ, അവനോടുള്ള ബാധ്യതകൾ നിറവേറ്റുന്നില്ല. നിങ്ങൾ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നുണ്ട്. പക്ഷേ, കർമപഥത്തിൽ അതില്ല. തിരുദൂതരോട് സ്‌നേഹമുണ്ടെന്ന് നിങ്ങൾ വാദിക്കും.
പക്ഷേ, അവിടുത്തെ ചര്യ പിന്തുടരില്ല. ജനങ്ങളുടെ പോരായ്മകൾ സസൂക്ഷ്‌മം നിങ്ങൾ കണ്ടെത്തും. പക്ഷേ, നിങ്ങളുടെ പോരായ്‌മ തൃണവത്കരിക്കുന്നു’ യഥാർഥ അടിമയെന്ന തലത്തെ പൂർണതയിലെത്തിക്കാനുള്ള ശ്രമമാണ് മനുഷ്യന് വേണ്ടതെന്ന പാഠമാണ് മഹാൻ നമ്മെ പഠിപ്പിക്കുന്നത്. വാചാടോപങ്ങൾ കൊണ്ടോ (Lip Service) വിവരങ്ങളുടെ ശേഖരണംകൊണ്ടോ (Information Hoarding) നമുക്കത് നേടാനാകില്ല. ഹൃദയത്തിന്റെ ചാർജ് കുറഞ്ഞുവരുന്നു എന്നതാണ് ഈ ശീലങ്ങൾ നൽകുന്ന സൂചന.
കൂട്ടരേ…നമ്മുടെ അശ്രദ്ധ നമ്മെ നിർജീവമാക്കി കൊണ്ടിരിക്കുന്നു. ഇബ്നുഅത്വാഉല്ലാഹി സിക്കന്ദരി (റ) അവിടുത്തെ ഹികമിൽ പ്രതിപാദിച്ച ഈ വരികൾ ശ്രദ്ധിക്കണം. “നന്മയുടെ അവസരങ്ങൾ നഷ്‌ടപ്പെട്ടതിൽ വ്യഥയില്ലാതിരിക്കലും, തെറ്റുകൾ ചെയ്തു കൂട്ടുന്നതിൽ ഖേദമില്ലാതിരിക്കലും ഹൃദയ നിർജീവതയുടെ അടയാളങ്ങളാണ് “തന്നോട് സംഭാവന ചോദിക്കാത്തതിനെ നല്ല സദസ്സുകളിൽ നിന്ന് എഴുന്നേറ്റു പോകാൻ കിട്ടിയ ഊഴത്തെ “രക്ഷപ്പെട്ടു’ എന്ന് സന്തോഷമായി പ്രകടിപ്പിക്കുന്ന പ്രവണതയുണ്ട് ചിലരിൽ. ചെയ്ത തെറ്റുകൾ ശിക്ഷ കിട്ടാൻ മാത്രമൊന്നുമില്ലെന്ന വിചാരത്താൽ തെറ്റുകളെ നിസ്സാരമായി കാണുന്നവരുമുണ്ട്. അവരുടെ ഹൃദയത്തിന്റെ ഫ്യൂസ് അടിച്ചുവെന്ന് തന്നെ ഉറപ്പിക്കാം.
ഗൗരവതരമായ ആലോചനകളില്ലാതെയുള്ള നമ്മുടെ ചിരികളികൾ ശോകമൂകമായ യഥാർഥ ജീവിതത്തിലേക്കുള്ള താക്കോലാണ്. അങ്ങനെ അശ്രദ്ധ ജീവിതം നടത്തുന്നവരോടാണ് “അമിതമായി ചിരിക്കരുത്. നിയന്ത്രണം വിട്ട ചിരികൾ ഹൃദയത്തെ കൊല്ലും ‘ എന്ന് തിരുദൂതർ (സ) ഉപദേശിച്ചത്.
സ്വർഗം ഉറപ്പുനൽകിയവരടക്കം മഹത്തുക്കളിൽ പലർക്കും കണ്ണീരുണങ്ങിയ നേരമുണ്ടായിട്ടില്ല. ചെയ്ത നന്മകളെ കുറിച്ച് പോലും അവർക്ക് ഉത്കണ്ഠയായിരുന്നു. ശ്രദ്ധ നഷ്‌ടപ്പെട്ടുപോയ തെല്ലു നേരം പോലും അവരെ അതീവ ദുഃഖിതരാക്കി.
വിശ്വാസികൾ തെറ്റ് ചെയ്യുന്നതിനനുസരിച്ച് അവരുടെ ഹൃദയത്തിൽ ഒരു കറുത്ത പാട് പ്രത്യക്ഷമാവുമെന്ന് റസൂൽ (സ) ഓർമപ്പെടുത്തുന്നുണ്ട്. ഹൃദയത്തിന്റെ തുടിപ്പിനെ ബാധിക്കുന്ന കേടുപാടുകളത്രേ അവ. പരമ രക്ഷിതാവിനോട് പൊറുക്കലിനെ തേടി തെറ്റിനെ പൂർണമായി മുക്തമാക്കി ഖേദപൂർവം നന്മയിലേക്ക് മടങ്ങിയാൽ ആ തുടിപ്പിനെ പുനഃസ്ഥാപിക്കാനാകും. സീലടിക്കപ്പെട്ടതെന്നും കറപിടിച്ചതെന്നും കരിമ്പാറ പോലുറച്ചതെന്നും വിശുദ്ധ ഖുർആൻ വിവിധയിടങ്ങളിൽ പറഞ്ഞത് തുടിപ്പു നിലച്ച ഹൃദയത്തെ കുറിച്ചാണ്.
രോഗങ്ങൾ ബാധിക്കാത്ത തുടിപ്പു നിലയ്ക്കാത്ത ഹൃദയമുള്ളവർക്കെ അന്തിമ വിജയമുണ്ടാവുകയുള്ളൂ. സൂറ: ശുഅറാഅ് 89 അക്കാര്യം ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്: “സമ്പത്തോ സന്താനങ്ങളോ ഉപകരിക്കാത്ത ദിനം; തുടിപ്പ് നിലയ്ക്കാത്ത ഹൃദയവുമായി വരുന്നവരൊഴിച്ച്’ ശരിയല്ലാത്ത വിശ്വാസത്താലും കാപട്യത്താലും നിലച്ചുപോയ ഹൃദയത്തിന്റെ ഉടമകൾ പരാജയപ്പെടുമ്പോൾ, ശരിയായ വിശ്വാസത്താലും ആത്മാർഥതയാലും തുടിപ്പുള്ള ഹൃദയത്തിന്റെ ഉടമകൾ വിജയിക്കുന്നു.
നമുക്ക് തുടിപ്പുള്ള ഹൃദയത്തോടെ പ്രപഞ്ച സ്രഷ്‌ടാവിന് മുന്നിൽ നിൽക്കാനാകണം. അശ്രദ്ധമാവുന്ന സന്ദർഭങ്ങളെയൊക്കെ നമ്മൾ പരിഹരിക്കണം. ശരിയായ വിശ്വാസവും ജ്ഞാനവും ആർജിക്കുന്നതോടൊപ്പം അതിന്റെ പ്രതിഫലനം ജീവിതത്തിലുണ്ടാകാൻ അതീവ ശ്രദ്ധയുണ്ടാകണം. നമ്മുടെ ഹൃദയമെന്നും തുടിച്ചു നിൽക്കട്ടെ.
Content Highlights:
The article emphasizes that a heart remains truly alive only when it is in a state of constant remembrance of the Almighty, while heedlessness leads to spiritual death. Drawing from the wisdom of scholars like Ibn al-Jawzi and Sahl al-Tustari, it highlights how neglecting obligations and ignoring one’s own faults are signs of a failing heart. The text reminds believers that ultimate success on the Day of Judgment belongs only to those who return to their Creator with a sound and vibrant heart.







