Connect with us

Articles

കൂറുമാറ്റ നിരോധന നിയമത്തിന് മാറ്റുണ്ടാകണമെങ്കില്‍

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യത സ്പീക്കര്‍ തീരുമാനിക്കുന്നതിന് പകരം ഒരു നിഷ്പക്ഷ ട്രൈബ്യൂണല്‍ തീരുമാനിക്കണമെന്ന നിര്‍ദേശം പാര്‍ലിമെന്റിന് മുമ്പില്‍ വെക്കുന്നുണ്ട് സുപ്രീം കോടതിയുടെ 2020ലെ ഒരു വിധി. ആ ദിശയില്‍ വല്ല പുരോഗതിയുമുണ്ടായാല്‍ മാത്രമേ നമ്മുടെ കൂറുമാറ്റ നിരോധന നിയമത്തിന് പല്ലും നഖവുമുണ്ടാകൂ.

Published

|

Last Updated

രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷം എം പിമാര്‍ ബി ജെ പിയില്‍ ലയിക്കാതെ അവരോടൊപ്പം ചേര്‍ന്നാല്‍ കോണ്‍ഗ്രസ്സ് പാര്‍ലിമെന്റില്‍ ഇല്ലാതായി എന്ന് വരുമോ? വിമത എം പിമാര്‍ ഔദ്യോഗിക കോണ്‍ഗ്രസ്സായി മാറുമോ? വിമത എം പിമാര്‍ എണ്ണത്തില്‍ കൂടുതലെങ്കില്‍ അവരായിരിക്കും യഥാര്‍ഥ പാര്‍ട്ടി എന്നാകും മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ പക്ഷം. ഇന്ത്യന്‍ ഭരണഘടനയെയും അതിന്റെ പത്താം ഷെഡ്യൂള്‍ ഉള്ളടക്കമാകുന്ന കൂറുമാറ്റ നിരോധന നിയമത്തെയും കടത്തിവെട്ടുന്ന ഒരു തീര്‍പ്പിലാണ് കഴിഞ്ഞ ജനുവരി പത്തിന് മഹാരാഷ്ട്ര സ്പീക്കര്‍ എത്തിയിരിക്കുന്നത്. ശിവസേനയിലെ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം എല്‍ എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാന്‍ വിസമ്മതിക്കുകയും ഷിന്‍ഡെ വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹം. ഭൂരിപക്ഷ ശിവസേന എം എല്‍ എമാരുടെയും പിന്തുണ ഷിന്‍ഡെ വിഭാഗത്തിനായതിനാല്‍ യഥാര്‍ഥ ശിവസേന അവരാണെന്നാണ് മഹാരാഷ്ട്ര സ്പീക്കര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഭരണഘടനയിലോ 2018ലെ ലീഡര്‍ഷിപ്പ് സ്ട്രക്ച്ചറിലോ യഥാര്‍ഥ ശിവസേന ഏതെന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം പറയാത്തതിനാല്‍ സഭയിലെ ഭൂരിപക്ഷം പരിശോധിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. 2022 ജൂണ്‍ 21ന് അരങ്ങേറിയ വിമത നീക്കത്തില്‍ ശിവസേനയുടെ 55 എം എല്‍ എമാരില്‍ 37 പേര്‍ ഷിന്‍ഡെ പക്ഷത്തായിരുന്നു. എന്നാല്‍ ഭരണഘടനക്കും കൂറുമാറ്റ നിരോധന നിയമത്തിനും എതിരാണ് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ തീരുമാനമെന്ന കാര്യം വ്യക്തമാണ്.

പാര്‍ട്ടിക്കാരല്ല, പിളര്‍പ്പുകാര്‍
ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായാണോ ഒരു നിയമസഭാംഗം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായാണ് കരുതപ്പെടുക. 2019ലെ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേനയുടെ സ്ഥാനാര്‍ഥികളായാണ് ഷിന്‍ഡെ പക്ഷം എം എല്‍ എമാര്‍ മത്സരിച്ചതെങ്കില്‍ താക്കറെ നേതൃത്വം നല്‍കുന്ന യഥാര്‍ഥ പാര്‍ട്ടിയുടെ എം എല്‍ എമാരായാണ് അവരെ പരിഗണിക്കുക. അങ്ങനെയിരിക്കെ അവര്‍ പാര്‍ട്ടി വിട്ടാല്‍ വിമതരായി മാറും. എം എല്‍ മാരുടെ കൂറുമാറ്റം തീരുമാനിക്കുന്നതില്‍ ഇപ്പറഞ്ഞ വസ്തുത പ്രധാനമാണ്. വിമതരായിത്തീരുന്ന വിഭാഗത്തിന് മുമ്പിലുള്ള ഏക വഴി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിക്കുക എന്നതാണ്. ഇവിടെ ശിവസേനയിലെ ഷിന്‍ഡെ വിഭാഗം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ലയിച്ചിട്ടില്ല. പ്രത്യുത അവര്‍ പാര്‍ട്ടിയെ പിളര്‍ത്തിയതാണ്. അതിന് ഭരണഘടനാ സാധുതയില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പിളര്‍ത്തല്‍ അംഗീകരിക്കുന്നില്ല എന്നിരിക്കെ പിളര്‍പ്പുകാര്‍ സഭയില്‍ ഭൂരിപക്ഷമാണെന്ന വാദം തന്നെ നിരര്‍ഥകമാണ്.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം വിലക്കപ്പെട്ട നടപടിയായ, പാര്‍ട്ടി അംഗത്വം സ്വമേധയാ ഒഴിയുകയോ പാര്‍ട്ടി വിപ്പിന് എതിരായി പ്രവര്‍ത്തിക്കുകയോ ചെയ്തത് നിയമസഭാ പാര്‍ട്ടി ഒന്നടങ്കം ആണെങ്കിലും കൂറുമാറ്റ നിരോധന നിയമപ്രകാരം അവര്‍ അയോഗ്യരായിരിക്കും. വസ്തുത ഇതായിരിക്കെ മഹാരാഷ്ട്ര സ്പീക്കറുടെ തീരുമാനം നിയമപരമല്ല.

2019ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട യഥാര്‍ഥ പാര്‍ട്ടിയില്‍ നിന്ന് എം എല്‍ എമാര്‍ പുറത്തു പോയോ എന്നാണ് സ്പീക്കര്‍ പരിശോധിക്കേണ്ടിയിരുന്നത്. ഷിന്‍ഡെ വിഭാഗം ഭൂരിപക്ഷമാണോ എന്നതല്ല. പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളില്‍ ഒരു വിഭാഗം തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടാകും വിധം പ്രത്യേക ഗ്രൂപ്പുണ്ടാക്കിയാല്‍ യഥാര്‍ഥ പാര്‍ട്ടിയെ തന്നെ അവര്‍ക്ക് ഹൈജാക്ക് ചെയ്യാനാകും എന്നതാണ് മഹാരാഷ്ട്ര സ്പീക്കര്‍ മുന്നോട്ടു വെക്കുന്ന ന്യായത്തിന് പിന്നിലെ വലിയ അപകടം. നമ്മുടെ ജനാധിപത്യ കാഴ്ചപ്പാടിന് നിരക്കുന്നതേ അല്ല പ്രസ്തുത ആശയമെന്നത് പറയേണ്ടതില്ലല്ലോ.

സ്പീക്കര്‍ സ്വയം ശരിവെക്കുന്നത്
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി പറഞ്ഞ ശിവസേന കേസില്‍, രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് വേറിട്ട സ്വതന്ത്ര അസ്തിത്വം നിയമസഭാ പാര്‍ട്ടിക്ക് ഇല്ലെന്ന് അര്‍ഥശങ്കക്കിടമില്ലാതെ അടിവരയിടുന്നുണ്ട് പരമോന്നത നീതിപീഠം. പാര്‍ട്ടിയുടെ വിപ്പിനെ നിയമിക്കാനുള്ള അധികാരം നിയമസഭാ പാര്‍ട്ടിക്കല്ല. പ്രത്യുത ആ അധികാരം സഭക്ക് പുറത്തുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുക എന്നത് തന്നെയാണ് കൂറുമാറ്റ നിരോധന നിയമത്തിന്റെ യുക്തി. അതിനാല്‍ തന്നെ ഷിന്‍ഡെ വിഭാഗം നിയമിച്ച ഭരത് ഗോഖവാലയെ ശിവസേനയുടെ ഔദ്യോഗിക വിപ്പായി അംഗീകരിച്ച മഹാരാഷ്ട്ര സ്പീക്കറുടെ നടപടി തെറ്റാണെന്ന് വിധിയെഴുതി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച്. ഏക്നാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ച സ്പീക്കറുടെ തീരുമാനവും തെറ്റാണെന്ന് വിധിച്ചു പരമോന്നത നീതിപീഠം. എന്നാല്‍ നേരത്തേ ശിവസേനയുടെ വിപ്പായി ഷിന്‍ഡെ വിഭാഗം നിയമിച്ച ഭരത് ഖോഗവാലയെ അംഗീകരിച്ച തന്റെ നടപടിയെ സ്വയം ശരിവെക്കുന്ന വിധമാണ് മഹാരാഷ്ട്ര സ്പീക്കര്‍ കഴിഞ്ഞ ജനുവരി പത്തിന് തീരുമാനമെടുത്തിരിക്കുന്നത്. അതായത് ഷിന്‍ഡെ വിഭാഗത്തിന് നിയമസഭാംഗങ്ങളില്‍ ഭൂരിപക്ഷമുള്ളതിനാല്‍ അവരാണ് യഥാര്‍ഥ ശിവസേനയെന്നാണല്ലോ സ്പീക്കറുടെ തീര്‍പ്പ്. അതുപ്രകാരം ഷിന്‍ഡെ വിഭാഗത്തിലെ അംഗത്തെ വിപ്പായി അംഗീകരിച്ച തന്റെ നടപടി ശരിയാണെന്നാണ് സ്പീക്കര്‍ നമുക്കെല്ലാം ലളിതമായി മനസ്സിലാകുന്ന വിധത്തില്‍ പറയുന്നത്. അത് നമ്മുടെ ഭരണഘടനയെയും ശിവസേന കേസിലെ തന്നെ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെയും അട്ടിമറിക്കുന്ന നടപടിയാണെന്ന കാര്യത്തില്‍ സംശയമില്ല.

മല എലിയെ പ്രസവിച്ച പോലെ
ഷിന്‍ഡെ വിഭാഗം എം എല്‍ എമാരുടെ അയോഗ്യതാ വിഷയത്തില്‍ എത്രയോ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മഹാരാഷ്ട്ര സ്പീക്കര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. അതിനായി മഹാരാഷ്ട്ര സ്പീക്കറെ രാജ്യത്തെ പരമോന്നത കോടതിക്ക് പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തേണ്ടി വന്നു എന്ന കാര്യം നാം കാണാതെ പോകരുത്. എന്നിട്ടിപ്പോള്‍ മല എലിയെ പ്രസവിച്ച പ്രതീതിയാണ്. ഭരണഘടനാപരതയോ നീതിബോധമോ തൊട്ടുതീണ്ടാത്ത തീരുമാനം എത്രമാത്രം ശുഷ്‌കമാണ്. ഭരണഘടനയോടുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഇരിക്കുന്ന പദവിയുടെ പ്രാധാന്യത്തില്‍ നിന്നും ഉണ്ടാകേണ്ടിയിരുന്ന കാര്യകാരണ ബന്ധത്തോടെയുള്ള ഒരു ന്യായവിധിക്ക് പകരം തികച്ചും ഒരു രാഷ്ട്രീയ തീരുമാനമാണ് മഹാരാഷ്ട്ര സ്പീക്കര്‍ എടുത്തിരിക്കുന്നത്. അതിനാലാകണം സ്പീക്കറുടെ തീരുമാനത്തിനെതിരെ ഉദ്ദവ് താക്കറെ വിഭാഗം കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചതും.

കൂറുമാറ്റ നിരോധന നിയമം ഉള്ളടക്കമാകുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം കൂറുമാറ്റം തീരുമാനിക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ്. ആ പദവി ഒരു രാഷ്ട്രീയ നിയമനമാണ്. സ്പീക്കര്‍ ഒരു ട്രൈബ്യൂണല്‍ കണക്കെ പ്രവര്‍ത്തിക്കുമെന്നത് സ്വപ്നം മാത്രമാണ്. ആത്യന്തികമായി ഭരിക്കുന്നവരുടെ ഇംഗിതത്തിനൊപ്പമായിരിക്കും സഭാനാഥന്‍ എന്നാണ് പൊതുവായ അനുഭവം. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യത സ്പീക്കര്‍ തീരുമാനിക്കുന്നതിന് പകരം ഒരു നിഷ്പക്ഷ ട്രൈബ്യൂണല്‍ തീരുമാനിക്കണമെന്ന നിര്‍ദേശം പാര്‍ലിമെന്റിന് മുമ്പില്‍ വെക്കുന്നുണ്ട് സുപ്രീം കോടതിയുടെ 2020ലെ ഒരു വിധി. ആ ദിശയില്‍ വല്ല പുരോഗതിയുമുണ്ടായാല്‍ മാത്രമേ നമ്മുടെ കൂറുമാറ്റ നിരോധന നിയമത്തിന് പല്ലും നഖവുമുണ്ടാകൂ.