Saudi Arabia
ഐ സി എഫ് ചേര്‍ത്തുപിടിച്ചു; പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന സാദിഖ് തെന്നല നാടണഞ്ഞു
സഹോദരന്‍ അബ്ദുസലാം, ഐ സി എഫ് സഊദി നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം എന്നിവര്‍ യാത്രയില്‍ സാദിഖിനെ അനുഗമിച്ചിരുന്നു.
ജിദ്ദ | സഊദിയിലെ നിമ്റയില്‍ ജോലിക്കിടെയുണ്ടായ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മുഹമ്മദ് സ്വാദിഖ് തെന്നല നാടണഞ്ഞു. ഇന്നലെ പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിതാവും ബന്ധുക്കളും ചേര്‍ന്ന് സാദിഖിനെ സ്വീകരിച്ചു. സഹോദരന്‍ അബ്ദുസലാം, ഐ സി എഫ് സഊദി നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം എന്നിവര്‍ യാത്രയില്‍ സാദിഖിനെ അനുഗമിച്ചിരുന്നു.
മഹായീല്‍ നിമ്റയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സ്വാദിഖിന് പക്ഷാഘാതം സംഭവിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അല്‍ ബഹ കിംഗ് ഫഹദ് ആശുപത്രിയിലുമായിരുന്നു ആദ്യം ചികിത്സ. പിന്നീട് വിദഗ്ധ ചികിത്സക്കായി മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഹാജിമാരുടെ തിരക്ക് കാരണം വീണ്ടും അല്‍ ബഹ ആശുപത്രിയിലേക്ക് തന്നെ മാറ്റി. ഏറെ അവശനായിരുന്ന സ്വാദിഖിന് അമ്പത് ദിവസത്തെ ചികിത്സക്ക് ശേഷം ചെറിയ തോതില്‍ ആശ്വാസം ലഭിച്ചതിനു പിന്നാലെ തുടര്‍ചികിത്സക്കായി നാട്ടിലെത്തിക്കുന്നതിന്ന് ഐ സി എഫിന്റെ സഹകരണത്തോടെ കുടുംബം തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ സഊദി എയര്‍ലൈന്‍സില്‍ കൊച്ചിയിലേക്ക് യാത്രയാക്കിയത്.
അപകടം നടന്നത് മുതല്‍ ഐ സി എഫ് പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകളും സമ്പര്‍ക്കവും സഹായവുമാണ് സ്വാദിഖിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയത്. ഭീമമായ ആശുപത്രി ചെലവുകളും യാത്രാ ടിക്കറ്റുമെല്ലാം ഐ സി എഫ് ഏറ്റെടുത്തു. ആശുപത്രിയില്‍ മുഴുസമയവും ഐ സി എഫ് പ്രവര്‍ത്തകര്‍ മാറിമാറി കൂട്ടിരുന്നതാണ് സ്വാദിഖിന്റെ തിരിച്ചുവരവിന് പ്രധാന കാരണമെന്ന് കിംഗ് ഖാലിദ് ആശുപത്രിയിലെ ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
ഐ സി എഫ് നാഷണല്‍, വെസ്റ്റ് ചാപ്റ്റര്‍ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഷാഫി ബാഖവി മീനടത്തൂര്‍, ഹസന്‍ സഖാഫി, അബൂ മിസ്ബാഹ് അയിക്കരപ്പടി, അബ്ദുല്‍ കരീം മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ഇര്‍ഫാനി, റഫീഖ് മേല്‍മുറി, സിദ്ധീഖ് മുസ്‌ലിയാര്‍, മുസ്തഫ ഇര്‍ഫാനി തുടങ്ങിയവരുടെ നിരന്തര ഇടപെടലുകലും സഹായങ്ങളുമാണ് സ്വാദിഖിന് സഹായകമായത്. നാട്ടില്‍ എസ് വൈ എസ് സാന്ത്വനം ടീമിന്റെ സഹകരണത്തോടെ തുടര്‍ ചികിത്സക്കും ഐ സി എഫിന്റെ സഹായം നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.







