Kerala
പാലക്കാട്ട് മനുഷ്യക്കടത്ത്; നാലംഗ സംഘം അറസ്റ്റില്‍
ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്നാട്ടില്‍ എത്തിച്ച് വില്‍പന നടത്തുന്നവരാണ് പിടിയിലായത്.
പാലക്കാട് | വടക്കഞ്ചേരിയില്‍ മനുഷ്യക്കടത്ത് നടത്തിയ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി സ്വദേശി മണി, മുഹമ്മദ് കുട്ടി, ഏജന്റുമാരായി പ്രവര്‍ത്തിച്ച വടക്കഞ്ചേരി സ്വദേശിനി ബല്‍ക്കീസ്, ഗോപാലന്‍ എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്നാട്ടില്‍ എത്തിച്ച് വില്‍പന നടത്തുന്നവരാണ് പിടിയിലായത്. തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം 28നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയ വടക്കഞ്ചേരി പോലീസ് യുവതിയെ തമിഴ്നാട്ടില്‍ കണ്ടെത്തുകയും ഇവരെ വിശദമായ കൗണ്‍സിലിംഗിന് വിധേയയാക്കുകയും ചെയ്തു. അപ്പോഴാണ് മനുഷ്യക്കടത്തിന്റെ വിവരങ്ങള്‍ ചുരുളഴിഞ്ഞത്.
വീട്ടുജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 40,000 രൂപ അഡ്വാന്‍സ് നല്‍കിയെന്നും, തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ മറ്റൊരു യുവാവിന് തന്നെ വില്‍പന നടത്തുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി.





