Connect with us

karyavatttom od1

കാര്യവട്ടത്ത് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; സെഞ്ചൂറിയന്‍മാരായി കോലിയും ഗില്ലും, ലങ്കക്ക് വിജയലക്ഷ്യം 391

സച്ചിന്റെ രണ്ട് റെക്കോര്‍ഡുകളും കോലി തകര്‍ത്തു.

Published

|

Last Updated

തിരുവനന്തപുരം | ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് എടുത്തത്. വിരാട് കോലിയും ശുബ്മാന്‍ ഗില്ലും സെഞ്ചുറി നേടി.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. രോഹിത് 42 റണ്‍സെടുത്തു. ഗില്‍ 97 ബോളില്‍ നിന്ന് 116 റണ്‍സെടുത്തു. വിരാട് കോലി 110 ബോളില്‍ നിന്ന് പുറത്താകാതെയാണ് 166 റണ്‍സെടുത്തത്. ശ്രേയസ് അയ്യര്‍ 38 റണ്‍സ് സ്വന്തമാക്കി. ശ്രീലങ്കന്‍ ബോളിംഗ് നിരയില്‍ കസുന്‍ രജിത, ലഹിരു കുമാര എന്നിവര്‍ രണ്ട് വീതവും ചാമിക കരുണരത്‌നെ ഒന്നും വിക്കറ്റെടുത്തു.

സച്ചിന്റെ രണ്ട് റെക്കോര്‍ഡുകളും കോലി തകര്‍ത്തു. ഇന്ത്യയില്‍ കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന റെക്കോര്‍ഡ് സച്ചിനെ മറികടന്ന് കോലി സ്വന്തം പേരില്‍ തുന്നിച്ചേര്‍ത്തു. ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ കോലി സച്ചിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. 160 ഇന്നിംഗ്‌സുകളില്‍ നിന്ന് 20 സെഞ്ചുറി എന്നതായിരുന്നു സച്ചിന്റെ ദീര്‍ഘകാല റെക്കോര്‍ഡ്. 99 ഇന്നിംഗ്‌സില്‍ നിന്നാണ് കോലി 21ാമത്തെ സെഞ്ചുറി നേടിയത്. ഒരു ടീമിനെതിരെ കൂടുതല്‍ ഏകദിന സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡുമാണ് കോലി തകര്‍ത്തത്. ഒമ്പത് സെഞ്ചുറിയുമായി സച്ചിനായിരുന്നു ഇതുവരെ മുന്നില്‍. എന്നാല്‍, പത്താം സെഞ്ചുറിയുമായി കോലി സച്ചിനെ മറികടന്നു.

Latest