International
ഹോര്‍മുസ് ഉപരോധം: അമേരിക്ക നടത്തുന്നത് കടല്‍ക്കൊള്ളയെന്ന് ഇറാന്‍; മധ്യസ്ഥ ചര്‍ച്ചക്ക് ഇനിയും സന്നദ്ധമെന്ന് പാകിസ്താന്‍
ഉപരോധത്തിനെതിരെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ആയിരങ്ങളുടെ റാലി. മാര്‍പാപ്പ ഇറാനെതിരായ യുദ്ധത്തെ എതിര്‍ക്കുന്നത് തെറ്റാണെന്നും അദ്ദേഹം കുറ്റകൃത്യങ്ങളെ കുറിച്ച് ധാരണയില്ലാത്തയാളാണെന്നും ട്രംപ്.
തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഹോര്‍മുസ് കടലിടുക്കില്‍ യു എസ് ഉപരോധം ഏര്‍പ്പെടുത്തുകയും ഇന്ധന നീക്കം തടയുകയും ചെയ്തതിനു പിന്നാലെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടരുമെന്ന പ്രഖ്യാപനവുമായി പാകിസ്താന്‍. ഇസ്‌ലാമാബാദില്‍ വീണ്ടും ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുവാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഇറാനിന്റെ തുറമുഖങ്ങളില്‍ യു എസ് ഏര്‍പ്പെടുത്തിയ ഉപരോധം പ്രാബല്യത്തില്‍ വന്നതിനിടെ, ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തണമെന്ന ആവശ്യം ഇറാന്‍ അധികൃതര്‍ മുന്നോട്ട് വച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ആണവായുധ താത്പര്യം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ഇറാനുള്ള മറുപടി എന്ന നിലയിലാണ് തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് യു എസ് നാവിക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 7.30നാണ് ഉപരോധം നിലവില്‍ വന്നത്. ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും തിരിച്ചു സഞ്ചരിക്കുന്ന കപ്പലുകളെ തടയുമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു. ഇറാന്റേതല്ലാത്ത തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ ഹോര്‍മുസ് വഴി കടത്തിവിടുമെന്നും സെന്റ്‌കോം വ്യക്തമാക്കി. എന്നാല്‍, ഹോര്‍മുസ് പൂര്‍ണമായി ഇറാന്റെ നിയന്ത്രണത്തില്‍ തുടരുമെന്നും സൈനികേതര കപ്പലുകള്‍ മാത്രമേ ഇതുവഴി കടത്തിവിടാന്‍ അനുവദിക്കുകയുള്ളൂവെന്നും ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് പറഞ്ഞു. ഏതെങ്കിലും പടക്കപ്പലുകള്‍ ഹോര്‍മുസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ അമേരിക്ക കടല്‍ക്കൊള്ള നടത്തുകയാണെന്ന് ഇറാന്‍ ആരോപിച്ചു. ഉപരോധത്തിനെതിരെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ആയിരങ്ങള്‍ റാലി നടത്തി. അതിനിടെ, പോപ്പ് ലിയോ പതിനാലാമന്‍ മാര്‍പാപ്പക്കെതിരായ വിമര്‍ശനങ്ങള്‍ ട്രംപ് കൂടുതല്‍ കടുപ്പിച്ചു. ഇറാനെതിരായ യുദ്ധത്തെ മാര്‍പാപ്പ എതിര്‍ക്കുന്നത് തെറ്റാണെന്നും അദ്ദേഹം കുറ്റകൃത്യങ്ങളെ കുറിച്ച് ധാരണയില്ലാത്തയാളാണെന്നും ട്രംപ് പറഞ്ഞു.




