Career Notification
സാധ്യതയുടെ ബയോ ഇൻഫർമാറ്റിക്‌സ് ലോകം
ജൈവ വിവരങ്ങളുടെ വീണ്ടെടുക്കൽ, ബന്ധിപ്പിക്കൽ, സംഭരണം, സംസ്‌കരണം, വിശകലനം, മാനേജ്‌മെന്റ് തുടങ്ങിയവ ബയോ ഇൻഫർമാറ്റിക്സിൽ കൈകാര്യം ചെയ്യുന്നു. ജീനോമിക്‌സ്, സ്ട്രക്ചറൽ ബയോളജി, സിസ്റ്റംസ് ബയോളജി, കന്പ്യൂട്ടേഷനൽ ബയോളജി തുടങ്ങിയവയുടെ വിപുലമായ ആപ്ലിക്കേഷനുകളും ഉൾപ്പെടുന്ന ഒന്നാണ് ബയോ ഇൻഫർമാറ്റിക്സ് കോഴ്സ്
ജൈവ സാങ്കേതികവിദ്യയുടെ കൂടെ വിവര സാങ്കേതികവിദ്യയും ചേർത്തുകൊണ്ടുള്ള നൂതന ശാസ്ത്ര പഠനശാഖയാണ് ബയോ ഇൻഫർമാറ്റിക്‌സ്. മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, വിവരസാങ്കേതികവിദ്യ, ജിനോമിക്‌സ് എന്നീ ശാസ്ത്ര ശാഖകൾ ഒത്തൊരുമിച്ചൊരു പഠനമേഖലയാണിത്. ഇന്റർ ഡിസിപ്ലിനറി ഘടനയിൽ ബയോകെമിസ്ട്രി, മോളിക്യൂലാർ ബയാളജി, ജനറ്റിക് എൻജിനീയറിംഗ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, ജിനോമിക്‌സ് എന്നീ വിഷയങ്ങളും ഈ പഠന ശാഖയിൽ ഒത്തുചേരുന്നു. അതിനാൽ മെഡിക്കൽ അനുബന്ധ വിഷയമായും ഇതിനെ പരിഗണിക്കാം.
ജൈവ വിവരങ്ങളുടെ വീണ്ടെടുക്കൽ, ബന്ധിപ്പിക്കൽ, സംഭരണം, സംസ്‌കരണം, വിശകലനം, മാനേജ്‌മെന്റ്തുടങ്ങിയവ ഈ വിഷയത്തിൽ കൈകാര്യം ചെയ്യുന്നു. ജീനോമിക്‌സ്, സ്ട്രക്ചറൽ ബയോളജി, സിസ്റ്റംസ് ബയോളജി, കന്പ്യൂട്ടേഷനൽ ബയോളജി തുടങ്ങിയവയുടെ വിപുലമായ ആപ്ലിക്കേഷനുകളും ഉൾപ്പെടുന്നു. അതോടൊപ്പം ഡാറ്റ പ്രോസസിംഗിന്റെ പങ്കാളിത്തത്തോടെ ജീവശാസ്തത്തിൽ പരീക്ഷണാത്മക പഠനവും വന്നു ചേരുന്നു. അതിനാൽ ബയോ സയൻസിലും സാങ്കേതികവിദ്യയിലും അഭിനിവേശവും ഇവയിലെ ശാസ്ത്രീയ പര്യവേഷണത്തിൽ ആഭിമുഖ്യവുമുള്ള വിദ്യാർഥികൾക്ക് ഈ ശാസ്ത്ര ശാഖയിലെ പഠനത്തിലൂടെ തൊഴിൽ മേഖലയിൽ നിരവധി അവസരങ്ങളും വന്നു ചേരുന്നു.
ജോലി സാധ്യതകൾ
ബയോ ഇൻഫർമാറ്റിക്‌സ് ശാസത്രജ്ഞൻ, ബയോ ഇൻഫർമാറ്റിക്‌സ് അനലിസ്റ്റ്, ഡാറ്റബേസ് ഡെവലപ്പർ, ക്ലിനിക്കൽ റിസർച്ച് കോ-ഓർഡിനേറ്റർ, ബയോ ഇൻഫർമാറ്റിക്‌സ് കൺസൾട്ടന്റ്എന്നീ ജോലികളിൽ ചേരാവുന്നതാണ്. എപ്പിഡമിയോളജി, ജീനോമിക്‌സ് തുടങ്ങിയ ബയോമെഡിക്കൽ ഗവേഷണ മേഖല ബയോ ഇൻഫർമാറ്റിക്‌സ് പഠനം കഴിഞ്ഞിറങ്ങുന്നവർക്കുള്ള ആകർഷക മേഖലയാണ്. മോളിക്യൂലാർ ബയോളജിയോടൊപ്പം ഇതിലെ വിവര സാങ്കതികവിദ്യയിലും ലഭിക്കുന്ന വൈദഗ്‌ധ്യം വ്യത്യസ്ത മെഡിക്കൽ ലാബുകൾ സ്ഥാപിച്ച് സ്വയം സംരഭരാകാനുള്ള വഴികളും തുറന്നു കിട്ടുന്നു.
കോഴ്‌സുകൾ, സ്ഥാപനങ്ങൾ
ഇന്നത്തെ കാലയളവിലെ ഒരു പ്രസക്ത വിഷയം എന്ന നിലയിൽ ബയോ ഇൻഫർമാറ്റിക്‌സ് ബി ടെക്കിനും/എം എസ്‌സിക്കും പഠിക്കാൻ നിരവധി സ്ഥാപനങ്ങളിൽ അവസരമുണ്ട്. എന്നാൽ ചില എൻജിനീയറിംഗ് കോളജുകളിൽ ബി ടെക് ഇൻഫർമാറ്റിക്‌സ് വിഷയം ബയോടെക്‌നോളജി കോഴ്സിൽ ഉൾപ്പെടുത്തിയാണ് പഠിപ്പിക്കുന്നത്. എങ്കിലും ആകെ സിലബസിൽ ബയോ ഇൻഫർമാറ്റിക്‌സ് മൊഡ്യൂളുകൾക്ക് നല്ല പ്രാധാന്യം നൽകുന്നുണ്ട് എന്നതിനാൽ ഈ വിഷയത്തിലെ തുടർപഠനത്തിന് അത് സഹായകരം തന്നെ.
പഠനം ഐ ഐ ടികളിൽ
മദ്രാസ് ഐ ഐ ടിയിൽ ബയോ ഇൻഫർമാറ്റിക്‌സ് എം എസ് പ്രോഗ്രാം പഠിക്കാൻ അവസരമുണ്ട്. ഹൈദരാബാദ് ഐ ഐ ടിയിൽ ബയോടെക്‌നോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്‌സ് എന്ന ബി ടെക് കോഴ്സാണുള്ളത്. എന്നാൽ, എം ടെക് ബയോ ഇൻഫർമാറ്റിക്‌സ് ഇവിടുത്തെ പ്രസ്റ്റീജ് പഠന പ്രോഗ്രാമാണ്. മിക്ക ഐ ഐ ടികളിലും ബി ടെക് ബയോടെക്‌നോളജി കോഴ്സിന്റെ സിലബസിൽ കന്പ്യൂട്ടേഷനൽ ബയോളജി ഉൾപ്പെടെയുള്ള ബയോ ഇൻഫർമാറ്റിക്‌സ് മേഖലയിൽ ഫോക്കസ് ചെയ്യുന്ന മൊഡ്യൂളുകളുണ്ട്. അതിനാൽ ബയോ ഇൻഫർമാറ്റിക്‌സിലും അനുബന്ധ വിഷയങ്ങളിലുമുള്ള ഉപരിപഠനത്തിന് ഇത് ഏറെ സഹായകരമാകുകയും ചെയ്യുന്നു.
മറ്റ് പ്രധാന സ്ഥാപനങ്ങൾ
പോണ്ടിച്ചേരി സർവകലാശാലയിൽ ബയോ ഇൻഫർമാറ്റിക്‌സിൽ എം എസ് സിക്കും പി എച്ച് ഡിക്കും എം ടെക് കന്പ്യൂട്ടേഷനൽ ബയോളജിക്കും പഠിക്കാം. ബെംഗളുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്‌സ് ആൻഡ് ബയോടെക്‌നോളജിയിൽ ഈ വിഷയത്തിൽ എം എസ് സിക്കും ബിഗ് ഡാറ്റബയോളജിയിൽ പി ജി ഡിപ്ലോമക്കും ചേരാവുന്നതാണ്. കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ ബയോ ഇൻഫർമാറ്റിക്‌സിൽ ബി ടെക്/ എം എസ് സി തുടങ്ങിയ കോഴ്സുകളുണ്ട്. ന്യൂഡൽഹി നേതാജി സുഭാഷ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ ഈ വിഷയത്തിൽ എം ടെക് കോഴ്‌സിന് പഠിക്കാം. ജാമിയ മില്ലിയ ഡൽഹി, ഭാരതീയാർ യൂനിവേഴ്‌സിറ്റി കോയമ്പത്തൂർ, ഭാരതിദാസൻ സർവകലാശാല തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും പുണെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലും ബയോ ഇൻഫർമാറ്റിക്‌സ് എം എസ് സി കോഴ്‌സുകൾക്ക് ചേരാം.
കേരളത്തിൽ
കേരളത്തിലും ഈ വിഷയത്തിൽ പഠനാവസരമുണ്ട്. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലും കോട്ടയം മഹാത്മഗാന്ധി സർവകലാശാലയിലും ബയോ ഇൻഫർമാറ്റിക്‌സ് എം എസ്‌സി കോഴ്‌സിന് ചേരാവുന്നതാണ്. അമൃത വിശ്വവിദ്യാപീഠം കൊല്ലം, യു സി കോളജ് ആലുവ, മാർ അത്തനേഷ്യസ് കോളജ് കോതമംഗലം തുടങ്ങിയ സ്ഥാപനങ്ങളിലും ഈ വിഷയത്തിൽ എം എസ് സി കോഴ്‌സുണ്ട്. കോഴിക്കോട് എൻ ഐ ടിയിൽ ബി ടെക് ബയോടെക്‌നോളജി പ്രോഗ്രാമിൽ ബയോ ഇൻഫർമാറ്റിക്‌സ് വിഷയങ്ങൾ പഠിക്കാൻ അവസരമുണ്ട്.
മറ്റ് വിവരങ്ങൾ
വിവിധ സ്ഥാപനങ്ങളിലെ പ്രവേശന യോഗ്യത, വിശദമായ സിലബസ് തുടങ്ങിയവ അതത് വെബ്‌സൈറ്റിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. അഖിലേന്ത്യാ പ്രവേശന പരീക്ഷ/സ്ഥാപനം നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയിലൂടെയാണ് പലയിടത്തും വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്. അതിനാൽ വിജ്ഞാപനങ്ങൾ മനസ്സിലാക്കി തദവസരങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.



